നെടുങ്കണ്ടം: പൊത്തക്കള്ളിയിൽ കണ്ടെയ്‌നർ ലോറിയിൽ കയറ്റിറക്കിനിടയുണ്ടായ അപകടം, ഒരു വശത്തായി അടുക്കി വച്ചിരുന്ന ഗ്രാനൈറ്റ് പാളികൾ പാടെ മറിഞ്ഞു വീണതോടെ എന്ന് പ്രാഥമിക നിഗമനം. പശ്ചിമബംഗാൾ സ്വദേശികളായ പ്രദീപ്(38), സുധൻ(30) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്.

മറ്റൊരു ലോറിയിൽ കയറ്റാനായി ഗ്രാനൈറ്റ് ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് പുറത്തിറക്കുന്നതിനിടെയാണ് അപകടം. ലോറിയിൽ നിന്നും ഗ്രാനൈറ്റ് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ഒരു വശത്തായി അടുക്കി വെച്ചിരുന്ന ഇവ പ്രദീപിന്റെയും സുധന്റെയും ദേഹത്തേക്ക് പതിക്കുകയായിരുന്നു.

250 കിലോ ഭാരം വരുന്നതാണ് ഒരു ഗ്രാനൈറ്റ് പാളി. 20 ഗ്രാനൈറ്റ് പാളികളാണ് ഇവരുടെ ദേഹത്തേക്ക് പതിച്ചത്. ഇവർ നിന്നിരുന്ന മറുവശത്തും ഗ്രാനൈറ്റ് പാളികൾ അടുക്കിയിരുന്നു. ഇതിനിടയിൽ ഞെരിഞ്ഞ് പ്രദീപിന്റെയും സുധന്റെയും മുഖവും തലച്ചോറും തകർന്ന് തൽക്ഷണം മരണപ്പെടുകയായിരുന്നു.

ഒന്നര മണിക്കൂറോളം നാട്ടുകാരും നെടുങ്കണ്ടം ഫയർഫോഴ്സും തീവ്രശ്രമം നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പടുകൂറ്റൻ ഗ്രാനൈറ്റ് പാളികൾ ഇരുപതോളം പേർ ചേർന്ന് എടുത്ത് പുറത്തേക്ക് മാറ്റിയും ഗ്രാനൈറ്റ് പാളികൾ കയറിൽ കെട്ടി ക്രയിനെത്തിച്ച് ഉയർത്തിയുമാണ് രക്ഷാപ്രവർത്തകർക്ക് മൃതദേഹം പുറത്തെടുക്കാനായത്.

അപകടത്തിനിടയാക്കിയ കണ്ടെയ്നർ ലോറി മയിലാടുംപാറ അടിമാലി റോഡിൽ കുടുങ്ങിക്കിടന്നത് ഗതാഗത തടസത്തിനും കാരണമായി. പൊത്തക്കള്ളിയിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ വീട്ടിൽ പതിക്കാനായാണ് ഗ്രാനൈറ്റ് എത്തിച്ചത്. ഈ ഗ്രാനൈറ്റ് മറ്റൊരു വാഹനത്തിലേക്ക് കയറ്റാനാണ് കരാറുകാരൻ ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ചത്. കണ്ടെയ്നർ ലോറി റോഡിന്റെ ഒരു വശത്തേക്ക് ചെരിഞ്ഞ് കിടന്നതും തൊഴിലാളികളുടെ വൈദഗ്ധ്യ കുറവുമാണ് അപകടത്തിനിടയാക്കിയത്.

അസ്വഭാവിക മരണത്തിന് കേസെടുത്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും ഉടുമ്പൻചോല പൊലീസ് അറിയിച്ചു. മരിച്ച സുധന്റെയും പ്രദീപിന്റെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റുമാർട്ടത്തിനായി മാറ്റി. ഇന്ന് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കും കൊണ്ടുപോകും.