ന്യുഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ പല വെളിപ്പെടുത്തലുകൾ നടത്തിയ ഒരുപാട് പുസ്തകങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അവയെ എല്ലാം കടത്തിവെട്ടുകയാണ്, പ്രമുഖ മാധ്യമ പ്രവർത്തകയും, ഇന്ത്യൻ എക്സ്‌പ്രസ്സിന്റെ കോൺട്രിബ്യൂട്ടിങ് എഡിറ്ററുമായ നീരജ ചൗധരി എഴുതിയ 'ഹൗ പ്രൈമിനിസ്റ്റേഴ്‌സ് ഡിസൈഡ്' എന്ന പുസ്തകം. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി.പി സിങ്, നരസിംഹറാവു, വാജ്‌പേയി, മന്മോഹൻസിങ് എന്നീ ആറ് പ്രധാനമന്ത്രിമാരുടെ അറിയാക്കഥകളിലേക്ക് നയിക്കുന്നു. അടിയന്തരാവസ്ഥയും, ബാബറി മസ്ജിദിന്റെ തകർച്ചയും, പൊഖ്റാൻ അണുവിസ്ഫോടനവും അടക്കമുള്ള രാജ്യത്തെ ബാധിക്കുന്ന നിർണ്ണായകമായ പല കാര്യങ്ങളിലും ഓരോ പ്രധാനമന്ത്രിമാരും എങ്ങനെ പ്രതികരിച്ചുവെന്നാണ് പുസ്തകം പറയുന്നത്.

ഇതിലെ ഏറ്റവും നിർണ്ണായകവും വികാരഭരിതവുമായ ഭാഗത്തെക്കുറിച്ചാണ് ഇപ്പോൾ ഇംഗ്ലീഷ് മാധ്യമങ്ങളിൽ വലിയ ചർച്ചയാവുന്നത്. 2004ൽ സോണിയാഗാന്ധി രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ കുടുംബത്തിലുണ്ടായ വികാര ഭരിതമായ രംഗങ്ങളാണ് പുസ്തകം വിശദീകരിക്കുന്നത്. അത് ഇങ്ങനെയാണ്. '2004 മെയ് 17 മധ്യാഹ്നത്തിൽ ജൻപഥിലെ പത്താം നമ്പർ വീട്ടിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ വളരെ നിർണായകമായ ഒരു കൂടിക്കാഴ്ച നടന്നു. കെ.നട്വർസിങ്ങിന്റെ വാക്കുകളിലേക്ക്: 'സോണിയ, പ്രിയങ്കാഗാന്ധി, മന്മോഹൻ സിങ് എന്നിവർ അദ്ദേഹം വരുന്നതിനുമുമ്പേ തന്നെ നേരത്തെ എത്തിയിരുന്നു. സോണിയ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവർക്ക് തളർച്ചയുള്ളതുപോലെ തോന്നി. രാഹുൽ അവർക്കുമുമ്പിലേക്ക് വന്നതും എല്ലാവരും കേൾക്കെ പറഞ്ഞു: പ്രധാനമന്ത്രിയാവാൻ ഞാൻ അനുവദിക്കില്ല. മുത്തശ്ശി കൊല്ലപ്പെട്ടു, എന്റെ പിതാവ് കൊല്ലപ്പെട്ടു...ആറുമാസത്തിനകം നിങ്ങളും കൊല്ലപ്പെടും.' സോണിയ താൻ പറയുന്നത് കേട്ടില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തി. 'ഇത് വെറും ഭീഷണിയായിരുന്നില്ല,'-നട്വർ സിങ് ഓർമിച്ചു. 'രാഹുൽ ശക്തമായ ഇച്ഛാശക്തിയുള്ള വ്യക്തിയാണ്. ഉചിതമായ തീരുമാനമെടുക്കാൻ അദ്ദേഹം സോണിയയ്ക്ക് 24 മണിക്കൂർ സമയം നൽകി.-അദ്ദേഹത്തിന്റെ വാക്കുകൾ ചൗധരി രേഖപ്പെടുത്തുന്നു.

തന്റെ അമ്മയെ പ്രധാനമന്ത്രി സ്ഥാനമേൽക്കുന്നതിൽ നിന്നും തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് രാഹുൽ പറഞ്ഞതോടെ സോണിയ വിതുമ്പി. സോണിയ ഗാന്ധി കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം വാജ്‌പേയി സോണിയയെ അഭിനന്ദിച്ചു. 'നിങ്ങൾക്ക് എന്റെ ആശീർവാദം സമൃദ്ധമായി നൽകുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു, 'പാരിതോഷികം സ്വീകരിക്കരുത്, അത് രാജ്യത്തെ വിഭജിക്കുകയും സിവിൽ സർവീസുകളുടെ വിശ്വസ്തതയെ തകർക്കുകയും ചെയ്യും.- വാജ്‌പേയി സോണിയയെ ഉപദേശിച്ചു''- ഇങ്ങനെയാണ് നീരജ ചൗധരി ആ ചരിത്രം രേഖപ്പെടുത്തുന്നത്.

'ഹൗ പ്രൈമിനിസ്റ്റേഴ്‌സ് ഡിസൈഡ്' പുറത്തിറങ്ങുന്നതോടുകൂടി ഇന്ത്യൻ രാഷ്ട്രീയചരിത്രം മാറിമറിയുമെന്ന് അടക്കം വിലയിരുത്തലുകൾ വരുന്നുണ്ട്. അലേഫ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കെ തന്നെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾ ഉയർന്നിട്ടുണ്ട്.