- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യസേവനത്തിനായി ജീവൻ ഉഴിഞ്ഞുവച്ച സൈനികൻ വീടുവച്ചാൽ കൊല്ലുമെന്ന് ഭീഷണി; നിർമ്മാണം തടസ്സപ്പെടുത്താൻ വധഭീഷണി മുഴക്കുന്നത് ദേശീയ പതാക നിലത്തിട്ടുചവിട്ടിയ കേസിലെ പ്രതിയായ അയൽവാസി; ഗതികെട്ട് കോഴിക്കോട് ചെമ്പനോടയിലെ സൈനികൻ വിപിൻ തോമസ്
കോഴിക്കോട്: യൗവനാരംഭത്തിൽ തന്നെ പട്ടാളത്തിൽ ചേർന്ന് രാജ്യാതിർത്തി കാത്ത സൈനികനെ വീടുവെക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി അയൽവാസി. ചെമ്പനോട വെളുത്തേടത്ത് പറമ്പിൽ വിപിൻ തോമസിന് വീടുവെക്കുന്നതിന് എതിരെയാണ് അയൽവാസിയായ തട്ടകത്തിൽ ബേബിയുടെ ഭീഷണി. കഴിഞ്ഞ 20 വർഷമായി സൈന്യത്തിൽ ജോലി ചെയ്യുന്ന വിപിൻ കഴിഞ്ഞ ജനുവരിയിലാണ് വീട് വെക്കാനായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ഉൾപ്പെട്ട ചെമ്പനോട വില്ലേജിൽ 25 സെന്റ് സ്ഥലം വാങ്ങുന്നത്.
ഒരു ഭാഗത്ത് പി ഡബ്ലിയു ഡി റോഡും മറ്റൊരു അതിരിൽ മൂന്ന് മീറ്റർ സ്വകാര്യ റോഡുമാണ് ഈ പ്ലോട്ടിന്റെ അതിര്. ഈ സ്ഥലം വാങ്ങിയപ്പോൾ മുതൽ ചെമ്പനോട പ്രദേശത്തെ തട്ടകത്തിൽ ബേബിയെന്നയാൾ പലവിധത്തിൽ ഭീഷണി മുഴക്കുകയും പറമ്പിൽ നടാൻ വേണ്ടി സൂക്ഷിക്കുന്ന തൈകൾ ഉൾപ്പെടെയുള്ളവ പറിച്ചു നശിപ്പിച്ചുകളയുകയും ചെയ്തു വരുന്നതായി വിപിൻ ആരോപിച്ചു. ഏതാനും വർഷം മുൻപ് ദേശീയ പതാക നിലത്തിട്ട് ചവിട്ടിയ വ്യക്തിയാണ് തട്ടകത്തിൽ ബേബി. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും തുടരുകയാണ്.
ചക്കിട്ടപാറ പഞ്ചായത്തിൽ നിന്ന് നിർമ്മാണത്തിനായി ബിൽഡിങ് പെർമിറ്റ് എടുക്കുകയും വീടിന്റെ ആവശ്യാർഥം ചെറിയ തോതിൽ മണ്ണ് എടുത്ത് ഭൂമി നിരപ്പാക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 7500 രൂപ പഞ്ചായത്തിൽ അടക്കുകയും ചെയ്തിരുന്നു. സ്വകാര്യ റോഡിന്റെ അരികിലെ സ്വന്തം സ്ഥലത്ത് ചുറ്റുമതിൽ കെട്ടിക്കൊണ്ടിരിക്കേ പാതിയോളം പൂർത്തിയായ ശേഷം ബാക്കി സ്ഥലത്ത് മതിൽ നിർമ്മിക്കാൻ ശ്രമിച്ചപ്പോൾ തട്ടകത്തിൽ ബേബി അത് തടയുകയായിരുന്നു.
സ്വന്തം സ്ഥലത്ത് മതിൽ കെട്ടുന്നത് തടഞ്ഞപ്പോൾ വിപിൻ ഈ വിഷയം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫിനോട് പറയുകയുകയും അദ്ദേഹം ഇടപ്പെടുകയും ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിനോട് ഈ വിഷയം സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വിപിന് സ്വന്തം സ്ഥലത്ത് മതിൽ കെട്ടുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ തുടർന്നുകൊള്ളാൻ പറഞ്ഞു. എന്നാൽ ബേബി തന്റെ ജോലിക്കാരെ പണി എടുക്കുന്നതിനിടെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും വിപിൻ പറഞ്ഞു. വീട് നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയാൽ കൊന്നുകളയുമെന്ന് നിരന്തരമായി ഫോണിൽ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണ്.
ആരുടെയും ഒരിഞ്ചു ഭൂമിപോലും കൈയേറാതെ സ്വന്തം സ്ഥലത്ത് വീട് നിർമ്മിക്കാൻ ശ്രമിക്കുന്ന തനിക്ക് തടസങ്ങളും ഭീൂഷണിയും ആവർത്തിക്കപ്പെട്ടപ്പോൾ പൊലീസ് സ്റ്റേഷനിൽ പരാതി നിൽകിയിട്ടും നീതികിട്ടിയില്ലെന്നും ഇദ്ദേഹം വേദനയോടെ വ്യക്തമാക്കി. തങ്ങൾക്ക് ഈ കേസിൽ ഒന്നും ചെയ്യാൻ പറ്റില്ലെന്ന നിലപാടാണ് പൊലീസിന്. ഗുണ്ടയായ ബേബിയുടെ രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനമാണ് ഇതിന് പിന്നിൽ.
സർവീസിന്റെ മുഴുവൻ കാലഘട്ടങ്ങളിലും കാശ്മീർ പോലെയുള്ള മഞ്ഞുമുടിയ കൊടുമുടി പ്രദേശങ്ങളിൽ രാജ്യത്തെ കാത്തുരക്ഷിക്കുകയും കുറച്ച് കാലം ദക്ഷിണാഫ്രിക്കയുടെ പല ഭാഗങ്ങളിലും യുഎൻ ശാന്തിസേനയിൽ പ്രവർത്തിക്കുയും ചെയ്ത ഒരു ധീരസേനാനിക്കാണ് ഇത്തരം ഒരു ഗതികേട് ഉണ്ടായിരിക്കുന്നത്.
ചെമ്പനോട വില്ലേജ് ഓഫീസർക്ക് വീട് നിർമ്മാണത്തിന് പെർമിറ്റിന് വേണ്ടി കൈവശത്തിന് അപേക്ഷ നൽകിയിട്ടും ഒരുപാട് തവണ നടത്തിച്ചശേഷമാണ് കൈവശ സർട്ടിഫിക്കറ്റ് നൽകിയത്. ജോലിയിൽ നിന്ന് വിരമിച്ചാൽ സ്വസ്ഥമായി ശിഷ്ടകാലം സ്വന്തം വീട്ടിൽ അന്തിയുറങ്ങാമെന്ന പ്രതീക്ഷയിൽ വീട് നിർമ്മാണത്തിന് ഇറങ്ങിത്തിരിച്ച ഒരു സൈനികന്റെ അവസ്ഥ ഇതാവുമ്പോൾ സാധാരണക്കാരുടെ സ്ഥിതി എന്താവുമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.
ചെമ്പനോട വില്ലേജ് ഓഫീസർ അഴിമതിക്കാരനാണെന്നും പണം നൽകുന്നവർക്ക് നിയമത്തിന് അതീതമായി എന്തു വഴിവിട്ട സഹായവും നൽകുന്ന വ്യക്തിയാണെന്നും അതാണ് തന്റെ അനുഭവമെന്നും വിപിൻ ആരോപിക്കുന്നു. നിയമങ്ങൾ പാലിച്ച് നടത്തുന്ന തന്റെ നിർമ്മാണ പ്രവൃത്തികൾക്ക് നിരന്തരം സ്റ്റോപ്പ് മെമോ നൽകുമെന്ന് പറഞ്ഞ് വില്ലേജ് ഓഫിസർ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ട്. വില്ലേജ് ഓഫിസിൽ തന്നെപ്പോലുള്ള സാധാരണക്കാരക്കാരുടെ ഒരുപാട് പരാതികൾ കെട്ടിക്കിടക്കുകയാണ്. തനിക്കു ലഭിക്കേണ്ടത് ലഭിച്ചില്ലെങ്കിൽ പൗരന്മാർക്ക് അർഹമായ കാര്യങ്ങൾപോലും ചെയ്തു നൽകാതിരിക്കുകയോ, കാലങ്ങളോളം വെച്ചുതാമസിപ്പിച്ച് നിരവധി തവണ ഓഫിസിലേക്കു വരുത്തിക്കുന്നതുമാണ് ഇദ്ദേഹത്തിന്റെ രീതി. വിഷയം മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവരും മൗനത്തിലാണ്.
വില്ലേജ് ഓഫിസർ ഇപ്പോഴും നിരന്തരം ഫോൺ വിളിച്ച് പണി എടുപ്പിക്കാൻ പാടില്ലെന്ന് പറഞ്ഞ് നിരന്തരം ഭീഷണി തുടരുകയാണ്. ചക്കിട്ടപാറ പഞ്ചായത്തിൽ ബിൽഡിങ് പെർമിറ്റിന് അപേക്ഷിച്ചിട്ടും പല കാരണങ്ങളും പറഞ്ഞ് ഒരു മാസത്തോളം മനപ്പൂർവം താമസിപ്പിച്ചതായും വിപിൻ തോമസ് സൂചിപ്പിച്ചു. തന്റെ വീടെന്ന സ്വപ്നം പൂവണിയാൻ ഇനി ആരെയാണ് കാണേണ്ടതെന്നതറിയാതെ വിഷമിക്കുകയാണ് ബെല്ലേരിയിൽ ഇപ്പോൾ ജോലി ചെയ്യുന്ന വിപിൻ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്