- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേപ്പ് ചെയ്യപ്പെടുന്ന അന്ധയായ പെൺകുട്ടി കൈകൾ കൊണ്ട് അക്രമിയെ തിരിച്ചറിയുന്നത് ഒരേപോലെ; കോടതിയിൽ ചിത്രം വരയ്ക്കുന്ന സീനുകളിലും വലിയ സാമ്യം; 'നേര്' അമേരിക്കൻ ത്രില്ലർ 'സ്കെച്ച് ആർട്ടിസ്റ്റ് 2: ഹാൻഡ്സ് ദാറ്റ് ഐ സീ'യുടെ കോപ്പിയടിയോ? സോഷ്യൽ മീഡിയയിൽ വൻ വിവാദം
കോഴിക്കോട്: റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 50 കോടി ക്ലബിലെത്തി സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന, മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'നേര്' എന്ന ചിത്രത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം. സിനിമക്ക് 1995ൽ പുറത്തിറങ്ങിയ അമേരിക്കൻ ക്രൈം- ത്രില്ലർ 'സ്കെച്ച് ആർട്ടിസ്റ്റ് 2: ഹാൻഡ്സ് ദാറ്റ് ഐ സീ' എന്ന ചിത്രവുമായുള്ള വലിയ സാമ്യമാണ് വിവാദങ്ങൾക്ക് കാരണം. ചിത്രം കൃത്യമായ കോപ്പിയടിയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം വാദിക്കുന്നത്.
ജാക്ക് ഷോൾഡർ സംവിധാനം ചെയ്ത് ചിത്രവും, 'നേരു'മായി അടുത്ത സാദൃശ്യമാണുള്ളത്. രണ്ടിലും അന്ധയായ പെൺകുട്ടിയാണ് നായിക. ഈ കുട്ടി സ്വന്തം വീട്ടിൽ സ്വന്തം മുറിയിൽ വെച്ച് റേപ്പ് ചെയ്യപ്പെടുന്നതും, റേപ്പിനിടയിൽ പ്രതിയുടെ മുഖം തലോടി മനസ്സിലാക്കുന്നതും, തുടർന്ന് കോടതിയിൽ വെച്ച് ചിത്രം വരച്ച് തിരിച്ചറിയുന്നതുമൊക്കെ ഇരു ചിത്രത്തിലും ഏതാണ്ട് തുല്യമാണ്. കോർട്ട് റൂം ഡ്രാമകളിലുമുണ്ട് വല്ലാത്ത സാമ്യം.
1992-ൽ പുറത്തിറങ്ങിയ സ്കെച്ച് ആർട്ടിസ്റ്റ് എന്ന സിനിമയുടെ തുടർച്ചയാണ് 'സ്കെച്ച് ആർട്ടിസ്റ്റ് 2: ഹാൻഡ്സ് ദാറ്റ് ഐ സീ' എന്നത്. ചിത്രത്തിലെ നായകൻ ജാക്ക് വിറ്റ്ഫീൽഡേയുടെ ഫാഹേ എന്ന കഥാപാത്രം പൊലീസ് ആർട്ടിസ്റ്റാണ്. പ്രതികളുടെ രേഖാ ചിത്രം വരക്കയാണ് അയാളുടെ ജോലി. ചിത്രം തുടങ്ങുന്നത് തലയും, സിഗരറ്റും ഒരുപോലെ പുകച്ച് രേഖാചിത്രം വരയ്ക്കുന്ന ജാക്ക് വിറ്റ്ഫീൽഡിന്റെ കഥാപാത്രത്തെ കാട്ടിയാണ്. അവിടുന്ന് പൊടുന്നനെ ചിത്രം ഒരു ബലാത്സംഗത്തിലേക്ക് പോവുന്നു. അന്ധയായ കോക്ക്സ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി എമ്മി ഒ കോണറാണ്. എന്നാൽ 'നേരിൽ'നിന്ന് ഭിന്നമായി, ഹാൻഡ്സ് ദാറ്റ് ഐ സീയിലെ വില്ലൻ ഒരു സീരിയൻ കില്ലർ ആണ്. റേപ്പ് ചെയ്യുന്ന സ്ത്രീകളുടെ തലവെട്ടിയെടുത്ത് ക്രൂരമായി കൊല്ലുകയാണ് അയാളുടെ രീതി. ഇങ്ങനെ തലപോയ സ്ത്രീകളുടെ രേഖാചിത്രങ്ങൾ ഫാഹേക്ക് വരക്കേണ്ടി വന്നിട്ടുണ്ട്.
പക്ഷേ റേപ്പിനുശേഷം കത്തിയെടുത്തെങ്കിലും, കോക്ക്സിനെ ആ കൊലയാളി കൊല്ലാതെ വിടുന്നു. കാരണം അവൾ അന്ധയല്ലേ, തന്റെ മുഖം പറഞ്ഞുകൊടുക്കാൻ കഴിയില്ലല്ലോ എന്നായിരുന്നു കൊലയാളിയുടെ ആത്മവിശ്വാസം. പക്ഷേ അവൾക്ക് കൈകളാണ് കണ്ണുകൾ എന്ന് കൊലയാളിക്ക് അറിയില്ലായിരുന്നു. അവൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി അറസ്റ്റിലാവുന്നതിലും, തുടർന്ന് കോടതിയിൽ നടക്കുന്ന രംഗങ്ങളുമൊക്കെ ഇരു ചിത്രങ്ങളും തമ്മിൽ വലിയ സാമ്യമുണ്ട്. അവസാനം മോഹൻലാലിന്റെ മുഖത്ത് കൈകൾ കൊണ്ട് തലോടി അനശ്വര രാജൻ, തന്നെ രക്ഷിച്ച വക്കീലിന്റെ മുഖം മനസ്സിലാക്കുന്നപോലെ, തന്നെ രക്ഷിച്ച പൊലീസ് ആർട്ടിസ്റ്റിന്റെ മുഖം തലോടുന്നുണ്ട് 'ഹാൻഡ്സ് ദാറ്റ് ഐ സീ'യിലെ നായിക. ഈ ചിത്രം യുട്യൂബിൽ ഉണ്ട്. രണ്ടു ചിത്രങ്ങളും കണ്ടവർ പറയുന്നത് നേരിനേക്കാൾ നന്നായത്, 'ഹാൻഡ്സ് ദാറ്റ് ഐ സീ' തന്നെയാണെന്നാണ്.
വേണ്ടത് തുറന്ന് പറയാനുള്ള സത്യസന്ധത
ഇതെല്ലാം വെച്ചുനോക്കുമ്പോൾ നേര്, ഈ ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് വ്യക്തമാണ്. എന്നാൽ ജീത്തുജോസഫോ, സഹകഥാകൃത്തും നടിയുമായ അഡ്വ ശാന്തി മായദേവിയോ ഇക്കാര്യം സമ്മതിച്ചിട്ടില്ല. ഇതിനെതിരെയാണ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ പ്രതിഷേധിക്കുന്നത്. ഒരു ചിത്രത്തത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതിൽ തെറ്റാന്നുമില്ല. പക്ഷേ അത് തുറന്നുപറയാനുള്ള സത്യസന്ധത വേണമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. രണ്ടു സിനിമയുടെയും ഭാഗങ്ങൾ വെട്ടിയിട്ടുകൊണ്ടുള്ള ചർച്ചകളും ഇപ്പോൾ സിനിമാ- ട്രോൾ ഗ്രൂപ്പുകളിൽ സജീവമാണ്. നേരത്തെ 'നേരി'ന്റെ കഥക്കെതിരെ തിരക്കഥാകൃത്ത് ദീപു കെ ഉണ്ണി കോടതിയിൽ ഹർജി നൽകിയിരുന്നു. സിനിമയുടെ സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവി തന്റെ കഥ മോഷ്ടിച്ചു എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഇതിൽ വാദം തുടരുകയാണ്്. പക്ഷേ സിനിമയുടെ റിലീസ് കോടതി തടഞ്ഞില്ല.
മലയാളത്തെ സംബന്ധിച്ച് ഇത്തരം വിവാദങ്ങൾ പുതിയതല്ല. പ്രിയദർശന്റെ പല ചിത്രങ്ങളും ഇംഗ്ലീഷ് സിനിമകളുടെ അഡാപ്റ്റേഷനുകളാണ്. പക്ഷേ പ്രിയൻ അത് മറച്ചുവെക്കാറില്ല. ബ്ലെസിയുടെ പ്രണയം എന്ന സിനിമ വിഖ്യത സംവിധാകൻ പോൾ കോക്സിന്റെ 'ഇന്നസെൻസ്' എന്ന സിനിമയുടെ കോപ്പിയടിയാണെന്ന് നേരത്തെ വിവാദം ഉണ്ടായിരുന്നു. ചിത്രം കണ്ടവർക്ക് ഇത് ശരിയാണെന്ന് മനസ്സിലാവും. പിന്നീട് കേരളത്തിലെത്തിയ പോൾ കോക്സ് പക്ഷേ ഇതിൽ പോസറ്റീവായാണ് പ്രതികരിച്ചത്.
അനൂപ് മേനോൻ തിരക്കഥയെഴുതി ജയസൂര്യ നായകനായ കോക്ക്ടെയിൽ എന്ന ചിത്രം, 'ബട്ടർഫ്്ളൈ ഓൺ എ വീൽ' എന്ന ചിത്രത്തിന്റെ പകർപ്പായിരുന്നു. ഇതിനൊന്നും മൂല ചിത്രത്തിന് ക്രഡിറ്റ് കൊടുക്കാത്താണ് വിവാദമാവുന്നത്. അന്ന് ശ്യാം മേനോൻ എന്നയാളാണ് ചിത്രത്തിന് കഥയെഴുതിയത് എന്നാണ് അനൂപ് മേനോൻ അടക്കം പറഞ്ഞത്. പക്ഷേ അങ്ങനെ ഒരാളെ പിന്നീട് കണ്ടിട്ടില്ല. മലയാള സിനിമയിൽ ബൗദ്ധിക സത്യസന്ധത ഇല്ലാതാവുന്നതിന്റെ തെളിവാണ്, ഇതെല്ലാമെന്നാണ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ