- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ദിരയുടെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയി
കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലം ടൗണിൽ പ്രതിഷേധം ഇരമ്പിയപ്പോൾ വീണ്ടും പൊലീസ് നടപടി. മൃതദേഹം വിട്ടു തരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിനു മേൽ കിടന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റി മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റി.
മൃതദേഹം വിട്ടുതരില്ലെന്ന് പറഞ്ഞ് മൃതദേഹത്തിൽ കിടന്നു പ്രതിഷേധിച്ച തന്നെ വലിച്ചിഴച്ചു മാറ്റിയെന്നും ഇന്ദിരയുടെ സഹോദരൻ സുരേഷ് പറഞ്ഞു. സഹോദരൻ ഉൾപ്പെടെയുള്ളവർക്ക് പൊലീസ് നടപടിയിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കൾ പൊലീസിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ജനപ്രതിനിധികളെയും നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ച് നീക്കിയതിനു ശേഷമാണ് പൊലീസ് മൃതദേഹം കൊണ്ടുപോയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉടലെടുത്തതിനെ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചുനീക്കി.
അതേസമയം കാട്ടാനയുടെ ആക്രമണത്തിൽ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരത്തുകയായ അഞ്ച് ലക്ഷം ഇന്ന് തന്നെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി പി രാജീവ്. സംഭവത്തിൽ വമ്പിച്ച പ്രതിഷേധം മുന്നേറുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മോർച്ചറിയിൽ കയറി കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം എടുത്ത് പ്രതിഷേധത്തിലേക്ക് കൊണ്ടുപോയതിനെ മന്ത്രി രൂക്ഷമായി വിമർശിച്ചു.
മോർച്ചറിയിൽ കയറി മൃതദേഹം ബലമായി പിടിച്ചു കൊണ്ടുപോയി എന്നത് ഗൗരവകരമായ സംഭവമെന്നും ജനപ്രതിനിധികൾ നിയമവ്യവസ്ഥ മാനിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതൊരു തെറ്റായ സന്ദേശമാണ് നൽകുന്നത്, അത് വച്ചുപൊറുപ്പിക്കാൻ സാധിക്കില്ല, രാഷ്ട്രീയതാൽപര്യം മാത്രമാണ് ഇതിൽ ലക്ഷ്യം, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മന്ത്രി.
കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടന്നത്. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. 'പൊലീസ് ഗോ ബാക്ക്' എന്ന മുദ്രാവാക്യവുമായി പ്രതിഷേധക്കാർ തെരുവിലിറങ്ങി. വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷം മതി ഇന്ദിരയുടെ പോസ്റ്റ്‌മോർട്ടമെന്ന് കുടുംബവും അറിയിച്ചിരുന്നു. ബലം പ്രയോഗിച്ചാണ് മോർച്ചറിയിൽനിന്ന് മൃതദേഹം പ്രതിഷേധത്തിനായി കൊണ്ടുപോയതെന്നാണ് വിവരം.
പൊലീസും നേതാക്കളുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇൻക്വസ്റ്റിനു വച്ച മൃതദേഹവുമായി പ്രതിഷേധത്തിനിറങ്ങുന്നത് ശരിയല്ലെന്ന് പൊലീസ് നേതാക്കളോട് പറഞ്ഞു. ഇതേത്തുടർന്ന് പൊലീസും നേതാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഡിവൈഎസ്‌പിയെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പിടിച്ചു തള്ളി. നടുറോഡിൽ മൃതദേഹത്തെ അപമാനിച്ചതിന് പൊലീസ് കണക്കു പറയേണ്ടി വരുമെന്ന് ഡീൻ കുര്യാക്കോസ് കയർത്തു. മന്ത്രിമാർ സ്ഥലത്തെത്തിയ ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നും നേതാക്കൾ അറിയിച്ചെങ്കിലും അതിൽ നടപടിയൊന്നും ഉണ്ടായില്ല.
ഇന്നു രാവിലെ 9 മണിയോടെ കൃഷിയിടത്തിൽ ആടിനെ കെട്ടുന്നതിനിടെയാണ് ഇന്ദിരയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ ഇന്ദിര രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.