തിരുവനന്തപുരം: പുതുവത്സരാഘാഷത്തിന് കർശന സുരക്ഷ. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും അതീവ ജാഗ്രതയും ഉണ്ടാകും. ക്രമസമാധാന പ്രശ്‌നമുണ്ടാക്കാൻ ആരേയും അനുവദിക്കില്ല. ഇതിനൊപ്പം എല്ലാ പ്രധാന നഗങ്ങളുടേയും മുക്കിലും മൂലയിലും പൊലീസ് അരിച്ചു പെറുക്കും. ഡിജെ പാർട്ടികളും നിരീക്ഷണത്തിലാകും. എക്‌സൈസും പൊലീസും സംയുക്തമായി നടപടികൾ എടുക്കും.

ഡിജെ പാർട്ടി നടത്തുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും മുൻകൂട്ടി എക്‌സൈസിന്റെ അനുമതി വാങ്ങണം. എറണാകുളം , കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് എക്‌സൈസ് ഇന്റെലിജൻസ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകൾ റിസോർട്ടുകൾ എന്നിവക്ക് പുറമെ മാളുകളും ക്ലബ്ബുകളും കേന്ദ്രീകരിച്ചും സുരക്ഷ ശക്തമാക്കും.

രാത്രി 12 മണിയോടെ ആഘോഷ പരിപാടികൾ അവസാനിപ്പിനാണ് നിർദ്ദേശം. മാനവിയം വീഥിയിൽ പ്രത്യേക സുരക്ഷയൊരുക്കാനാണ് പൊലീസ് പദ്ധതി. 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ശംഖുമുഖം, കോവളം, വർക്കല ബീച്ചുകൾ കേന്ദ്രികരിച്ചാണ് തിരുവനന്തപുരത്തെ പ്രധാന ആഘോഷങ്ങൾ. മദ്യപിച്ചു വാഹനം ഓടിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ, അമിതവേഗത, ഡ്രൈവിങ് അഭ്യാസങ്ങൾ തുടങ്ങിയവ നിരീക്ഷിക്കാൻ ശക്തമായ പരിശോധനയും ഉണ്ടാകും.

സ്ത്രീകളുടെയും കുട്ടികളും സുരക്ഷ ഉറപ്പാക്കാൻ പുരുഷ വനിതാ പൊലീസുകാർ മഫ്തിയിൽ പരിശോധന നടത്തും. പ്രധാനപ്പെട്ട ജംഗ്ഷനിൽ പെട്രോളിങ്ങും ശക്തമാക്കും. മയക്ക് മരുന്ന് ഉപയോഗം തടയാൻ ഡിജെ പാർട്ടികൾ നിരീക്ഷണത്തിലാകും. ഹോട്ടലുകൾക്കും മറ്റും പുതുവത്സരവുമായി ബന്ധപ്പെട്ട് പരിപാടികൾക്ക് വരുന്ന എല്ലാവരുടെയും പേരുകൾ രജിസ്റ്റർ ചെയ്യാൻ വന്ന പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നെന്ന് സംഘാടകർ ഉറപ്പുവരുത്തണം. എന്ത് അനിഷ്ഠ സംഭവങ്ങൾ ഉണ്ടായാൽ പൊലീസിനെ കൃത്യസമയത്ത് അറിയിക്കാമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് പ്രധാന ആഘോഷ കേന്ദ്രമായ ബീച്ചിലേക്ക് 3 മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തും. ആഘോഷം സംഘടിപ്പിക്കുന്നവർ പൊലീസിനെ അറിയിക്കണം. അതിഥി തൊഴിലാളികളുടെ ആഘോഷം തൊഴിലുടമ നിരീക്ഷിക്കണം. വാഹനങ്ങളിൽ അഭ്യാസം കാണിക്കുന്നവരെ പിടികൂടാനും സംവിധാനം ഒരുക്കി.

താമരശേരി ചുരത്തിലും നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ വാഹനങ്ങൾ നിർത്തരുത്. വ്യൂ പോയിന്റിലും നോ പാർക്കിങ്ങ് കർശനമായി നടപ്പാക്കും.രാത്രി ഏഴ് മുതൽ ചുരത്തിലെ കടകൾ അടക്കണം.