- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരിൽ ജാതിയുണ്ടെങ്കിൽ ഇനി ജോലി ഉണ്ടാവില്ല; ജീവനക്കാർക്ക് പേരിൽ തിരുത്തൽ വരുത്താൻ ചെലവ് സ്ഥാപനം വഹിക്കും; പേരിലെ 'ജാതി വാൽ' മുറിക്കാൻ ഏരീസ് ഗ്രൂപ്പ്; മനസ്സിനെ മാലിന്യ മുക്തമാക്കാൻ ഉചിതമെന്ന് സോഹൻ റോയ്
ഷാർജ: പേരിൽ ജാതിയുള്ളവർക്ക് ഇനി സ്ഥാപനത്തിൽ ജോലി നൽകേണ്ടതില്ലെന്ന തീരുമാനത്തിൽ ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജീവനക്കാർക്ക് നൽകിയ സന്ദേശത്തിലാണ് കമ്പനിയുടെ സ്ഥാപക ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഡോ. സോഹൻ റോയ് ഇക്കാര്യം അറിയിച്ചത്.
പുതിയതായി സ്ഥാപനത്തിൽ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ നിബന്ധന ബാധകമായിരിക്കും. നിലവിലുള്ള ജീവനക്കാർക്ക് തങ്ങളുടെ ഔദ്യോഗിക നാമത്തിൽ നിയമപരമായ തിരുത്തലുകൾ വരുത്തണമെങ്കിൽ അതിനാവശ്യമായ ചെലവുകൾ സ്ഥാപനം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിപ്ലവകരമായ തീരുമാനങ്ങളിലൂടെ ഇതിനുമുമ്പും ജനശ്രദ്ധ പിടിച്ചുപറ്റിയ സ്ഥാപനമാണ് ഏരിസ് ഗ്രൂപ്പ്. കഴിഞ്ഞ വർഷത്തെ വനിതാ ദിനത്തോടനുബന്ധിച്ച് സ്ഥാപനത്തിൽ ചേരുന്നതിന് മുൻപായി സ്ത്രീധന വിരുദ്ധപ്രതിജ്ഞ നിർബന്ധമാക്കുകയും ആന്റി ഡൗറി സെല്ലിന് രൂപം നൽകുകയും ചെയ്തിരുന്നു.
സമാനമായ പരിവർത്തനമാണ് ജാതിയുടെ കാര്യത്തിലും പ്രാവർത്തികമാക്കുന്നത്. മനസ്സിനെ മാലിന്യ വിമുക്തമാക്കി പുതിയൊരു വിപ്ലവത്തിന് നാന്ദി കുറിക്കാൻ ഇത്തരമൊരു തീരുമാനം സഹായിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷയെന്ന് സോഹൻ റോയ് പറയുന്നു.
'ഭാരതത്തിന്റെ ആദ്യത്തെ ആഗോള മുഖം എന്ന് വിശേഷിപ്പിക്കാവുന്ന സ്വാമി വിവേകാനന്ദന്റെ 158ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളുന്നത്. അദ്ദേഹം കേരളത്തെ ' ഭ്രാന്താലയം' എന്ന് വിളിച്ചത് ഏകദേശം 138 വർഷം മുൻപാണ്. ആ കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന കൊടിയ ജാതി വ്യവസ്ഥ കണ്ടു മനം മടുത്താണ് ഇങ്ങനെയൊരു പേരു കൂടി അദ്ദേഹം കേരളത്തിനു നൽകിയത്.
അതിനുശേഷം ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും സമ്പൂർണ്ണ സാക്ഷരത നേടിയെന്ന് ഊറ്റം കൊണ്ടിട്ടും ജാതി വ്യവസ്ഥയിൽ നിന്നു മനസ്സുകൊണ്ട് മോചിതനാകാൻ നമുക്ക് കഴിഞ്ഞിട്ടില്ല. നമ്മുടെ പുതിയ തലമുറ പോലും അവരുടെ മാതാപിതാക്കളുടെ പേരിന്റെ കൂടെയുള്ള ജാതിവാൽ സ്വന്തം പേരിനൊപ്പം പ്രദർശിപ്പിക്കുവാൻ കാരണം അവരുടെ മനസ്സിൽ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യമാണ്. ഇതു കാണുമ്പോൾ വളരെ സങ്കടമുണ്ട്.
'ലോകം മുഴുവൻ മാറ്റിമറിക്കാൻ നമുക്ക് ഒരിക്കലും കഴിയില്ല. പക്ഷേ സ്വയം മാറുവാനും നമുക്ക് ചുറ്റുമുള്ളവരെ മാറുവാൻ പ്രേരിപ്പിക്കുവാനും നമുക്ക് സാധിക്കും. ഏരിസ് കുടുംബവും ഇത്തരമൊരു മാറ്റത്തിന് തുടക്കം കുറിക്കുവാൻ ആഗ്രഹിക്കുന്നു. ആ പരിവർത്തനത്തിലേയ്ക്കുള്ള ഒരു എളിയ ചുവടുവെയ്പ് എന്ന രീതിയിൽ ഔദ്യോഗികമായ ആശയവിനിമയങ്ങളിൽ നിന്ന് ജാതിസംജ്ഞ ഒഴിവാക്കുവാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഞങ്ങളുടെ സ്ഥാപനങ്ങളുടെ ഭാഗമാകുവാൻ ഭാവിയിൽ അവസരമുണ്ടാകുകയുള്ളു' സോഹൻ റോയ് വ്യക്തമാക്കുന്നു.
നിലവിലെ ജീവനക്കാരിൽ ആർക്കെങ്കിലും ഇത്തരത്തിൽ അവരുടെ ഔദ്യോഗിക നാമം സ്ഥിരമായും നിയമപരമായും മാറ്റുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള ചെലവുകളും സ്ഥാപനം വഹിക്കുന്നതായിരിക്കുമെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.
ജീവനക്കാരുടെ വീട്ടമ്മമാരായ പങ്കാളികൾക്കും മാതാപിതാക്കൾക്കും പെൻഷൻ നൽകുക, ജീവനക്കാർക്ക് അൻപത് ശതമാനം ഓഹരി പങ്കാളിത്തം നൽകുക , ജീവനക്കാർക്ക് അപ്രതീക്ഷിത വിയോഗം സംഭവിച്ചാൽ അവരുടെ മാതാപിതാക്കൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുക , കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി എഡ്യൂക്കേഷണൽ അലവൻസും സ്‌കോളർഷിപ്പുകളും കൊടുക്കുക തുടങ്ങിയ ഒട്ടനേകം മാതൃകാ പദ്ധതികൾ സ്ഥാപനത്തിന്റെ നയ പരിപാടികളുടെ ഭാഗമാണ്.
പതിനാറോളം രാജ്യങ്ങളിൽ ബ്രാഞ്ചുകളും കമ്പനികളും ജീവനക്കാരുള്ള സ്ഥാപനമാണ് ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. സാമുദ്രിക വിപണിയിലെ പല മേഖലകളിലും ലോകത്തിലെ ഒന്നാം നമ്പർ സ്ഥാനം വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കരസ്ഥമാക്കിയിട്ടുണ്ട്. ഒപ്പം, സിനിമാ നിർമ്മാണം, ഇവന്റ് മാനേജുമെന്റ്, ഹോം തിയേറ്റർ നിർമ്മാണം, മൾട്ടിപ്ലക്‌സ് തിയറ്റർ, പ്രൊഡക്ഷൻ സ്റ്റുഡിയോ എന്നീ മേഖലകളിലും ഗ്രൂപ്പ് മുതൽ മുടക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്‌ക്