- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാം ക്ലാസ്സുകാരൻ കളർ പെൻസിൽ വിഴുങ്ങി; വഴിനീളെ കൃത്രിമ ശ്വാസം നൽകി ആശുപത്രിയിലെത്തിച്ച് അദ്ധ്യാപകർ; എൻഡോസ്കോപ്പി വഴി പെൻസിൽ പുറത്തെടുത്ത് ഡോക്ടർമാർ: കുട്ടിയുടെ ജീവൻ രക്ഷിച്ചത് അദ്ധ്യാപകരുടെ സമയോചിത ഇടപെടൽ
മലപ്പുറം: ഒന്നാം ക്ലാസ്സുകാരൻ കളർ പെൻസിൽ വിഴുങ്ങി. അദ്ധ്യാപകരുടെ അവസരോചിത ഇടപെടലിൽ വിദ്യാർത്ഥിയുടെ ജീവൻ തിരികെ കിട്ടി. കളറിങ് പെൻസിലിന്റെ ഒരു കഷ്ണം വിഴുങ്ങിയതിന് പിന്നാലെ ചുമച്ച് അവശനായ വിദ്യാർത്ഥിയെ വഴിയിലുടനീളം നെഞ്ചിൽ അമർത്തിയും കൃത്രിമശ്വാസം നൽകിയും ആശുപത്രിയിലെത്തിച്ചതാണു രക്ഷയായത്. ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്വിഎയുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി പ്രണവ് (6) ആണ് കളർ പെൻസിൽ വിഴുങ്ങിയത്. കുട്ടി അനിയന്ത്രിതമായി ചുമയ്ക്കുന്നത് കണ്ട് കാര്യം മനസ്സിലാക്കിയ അദ്ധ്യാപകർ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുക ആയിരുന്നു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ എൻഡോസ്കോപ്പി വഴി പെൻസിൽ പുറത്തെടുത്തു. തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി സുഖം പ്രാപിച്ചുവരുന്നു. കുട്ടിയുടെ ആരോഗ്യ നിലയും മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം സ്കൂൾ വിടാറായപ്പോഴാണു സംഭവം. പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അദ്ധ്യാപിക കെ.ഷിബിയുടെ ശ്രദ്ധയിൽപെട്ടു.
അടുത്തെത്തി കാര്യം തിരക്കിയെങ്കിലും കുട്ടി ചുമക്കുന്നത് തുടർന്ന്. കുട്ടിയുടെ പോക്കറ്റിൽ കളറിങ് പെൻസിലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ ബാക്കി വിഴുങ്ങിയതാണെന്നു മനസ്സിലാക്കി. ഉടൻ കൃത്രിമശ്വാസം നൽകി. സ്കൂളിലെ അദ്ധ്യാപകനായ സുധീറിന്റെ വാഹനത്തിൽ ഒന്നര കിലോമീറ്റർ അകലെയുള്ള കല്ലമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. യാത്രയിലുടനീളം അദ്ധ്യാപകരായി ഷിബി, കെ.എ.ജിനി, സ്കൂൾ ജീവനക്കാരൻ ടി.താരാനാഥ്, ബിനോയ് എന്നിവർ കൃത്രിമശ്വാസം നൽകുന്നതു തുടർന്നു. എൻഡോസ്കോപ്പിയിലൂടെ പെൻസിലിന്റെ കഷണം പുറത്തെടുത്തതോടെ കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. കുട്ടി ഇപ്പോഴും ത്രീവ്രപരിചരണ വിഭാഗത്തിലാണ്.
പാറയിൽ കുഴിമ്പിൽ ജംഗീഷിന്റെ മകനാണ് പ്രണവ്. വിദ്യാർത്ഥിയുടെ ചികിത്സാ ചെലവിന്റെ ഒരു ഭാഗം പ്രധാനാധ്യാപകൻ കെ.പി.മുഹമ്മദ് ഷമീമിന്റെ നേതൃത്വത്തിൽ സ്കൂളിൽനിന്നു സമാഹരിച്ചു.
മറുനാടന് മലയാളി ബ്യൂറോ