- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കണ്ടക്ടറല്ല, ബസ് മുതലാളി; കണ്ടക്ടറായി ജോലി ചെയ്ത ബസ് വിലയ്ക്കു വാങ്ങി രേവതി എന്ന മിടുമിടുക്കി: മകനെപ്പോലെ കൊണ്ടുനടക്കുന്ന ബസിന് 'മൈ സൺ' എന്ന് പേരു നൽകി പെൺപുലി
കൊച്ചി: കണ്ടക്ടറായി ജോലി ചെയ്ത ബസ് വിലയ്ക്കു വാങ്ങി രേവതി എന്ന മിടുമിടുക്കി. പലരുടേയും പരിഹാസങ്ങൾക്കും തുറിച്ചു നോട്ടങ്ങൾക്കും ഇടയിൽ നിന്നാണ് രേവതി തന്റെ സ്വപ്‌നങ്ങളെല്ലാം കയ്യടക്കിയത്. കണ്ടക്ടറായി ജോലി ചെയ്യണമെന്നത് രേവതിയുടെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. പലവിധ കളിയാക്കലുകൾക്കിടയിൽ നിന്നാണ് രേവതി തന്റെ ആ ആഗ്രഹം സാധിച്ചത്. ഇപ്പോഴിതാ മൂന്നു വർഷം കണ്ടക്ടറായി ജോലി ചെയ്ത ബസിന്റെ മുതലാളിയാണ് കോട്ടയം കടുത്തുരുത്തി സ്വദേശി പി.കെ.രേവതി.
കഴിഞ്ഞമാസമാണു രേവതിയും ഏലൂർ സ്വദേശികളായ സെബിൻ സാറ്റുവും കെ.ആർ.രാജേഷും ചേർന്ന് ഏലൂർ കൊച്ചുകടവന്ത്ര റൂട്ടിലോടുന്ന ബസ് സ്വന്തമാക്കിയത്. മകനെപ്പോലെ കൊണ്ടുനടക്കുന്ന ബസിന് 'മൈ സൺ' എന്ന പേരും നൽകി. മൂവരും തന്നെയാണു ബസിലെ ജീവനക്കാരും. രാജേഷാണു ഡ്രൈവർ. സെബിനും രേവതിയും കണ്ടക്ടർമാരും. ജോലി ചെയ്ത ബസ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് രേവതി.
പണ്ടേ ബസിനോടും വാഹനങ്ങളോടും പ്രത്യേക താൽപര്യമുണ്ടായിരുന്ന രേവതിക്കു ഡ്രൈവറാകാനായിരുന്നു ആഗ്രഹം. എന്നാൽ പ്ലസ്ടു പഠനശേഷം വസ്ത്രശാലയിലെ സെയിൽസ് ഗേളായി രേവതി കൊച്ചിയിലെത്തി. ഡ്രൈവർ മോഹം ഉപേക്ഷിച്ചെങ്കിലും കണ്ടക്ടർ ജോലിയോടുള്ള ഇഷ്ടം മനസ്സിലുണ്ടായിരുന്നതിനാൽ 2013ൽ കണ്ടക്ടർ ലൈസൻസ് സ്വന്തമാക്കി. അങ്ങനെ കോട്ടയം ഇലഞ്ഞി റൂട്ടിലോടുന്ന ബസിൽ കണ്ടക്ടറുടെ സഹായിയായി ജോലി തുടങ്ങി.
കൊച്ചിയിലേക്കുള്ള ബസ് യാത്രകൾക്കിടെയാണു ബസ് ജീവനക്കാരായ രാജേഷിനെയും സെബിനെയും പരിചയപ്പെട്ടതോടെയാണ് ജീവിതം മാറി മറിഞ്ഞത്. ബസുകളിൽ ടിക്കറ്റ് ചെക്കറായി സ്ത്രീകളെ ജോലിക്ക് എടുക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ അപേക്ഷ നൽകി. ടിക്കറ്റ് ചെക്കറായി ജോലി ചെയ്തു വരുന്നതിനിടെയാണു കോവിഡ് നാട്ടിൽ പിടിമുറുക്കിയത്. അതോടെ ആ ജോലി ഇല്ലാതായി. പിന്നീടാണു കണ്ടക്ടറായി ബസിൽ ജോലി തുടങ്ങുന്നത്. ആദ്യമെല്ലാം പ്രയാസങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോൾ എല്ലാവരും കട്ട സപ്പോർട്ടുമായി ഒപ്പം നിൽക്കുന്നുണ്ടെന്നു രേവതി പറഞ്ഞു.
കലൂരിൽ താമസിക്കുന്ന രേവതി ദിവസവും രാവിലെ 5.30നു താമസസ്ഥലത്തു നിന്നു പുറപ്പെട്ട് ആറോടെ ഏലൂരിൽ എത്തും. രാവിലെ 6 മുതൽ വൈകിട്ട് 7.30 വരെയാണു ബസിന്റെ ട്രിപ്. ഓട്ടത്തിനു ശേഷം ബസ് കഴുകി വൃത്തിയാക്കുന്നതും മൂവരും ചേർന്നാണ്. സ്വന്തമായി ബസ് ഉള്ളവർ പോലും അത് ഉപേക്ഷിച്ചു മറ്റു വരുമാനമാർഗങ്ങൾ തേടുന്ന കാലത്തു ബസ് വാങ്ങി സ്വന്തമായി അധ്വാനിച്ചു ജീവിക്കുകയാണു മുപ്പതുകാരിയായ രേവതി. നഷ്ടമില്ലാതെ ഓടാൻ കഴിയുന്നുണ്ടെന്നും കൂടുതൽ ബസുകൾ വാങ്ങണമെന്നാണ് ആഗ്രഹമെന്നും രേവതി പറഞ്ഞു. അമ്മ രഞ്ജിനിയും സഹോദരൻ രതീഷും അടങ്ങുന്നതാണു രേവതിയുടെ കുടുംബം.
മറുനാടന് മലയാളി ബ്യൂറോ