- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണാനന്തര യാത്ര തുടരാൻ ആത്മാവിനായി പ്രിയപ്പെട്ടവർ ഒരുക്കിയത് ഒരു ചെറു തോണി; 800 വർഷം പഴക്കമുള്ള മൃതദേഹം കണ്ടെടുത്തത് തോണിയിൽ അടക്കിയ നിലയിൽ; ആദിമകാലത്തെ വിശ്വാസങ്ങളിലേക്ക് കൂടുതൽ വെളിച്ചം വീശുമ്പോൾ
അർജന്റീനയിൽ ഈയിടെ നടന്ന ഉത്ഖനനത്തിനിടയിൽ കണ്ടെത്തിയത് ഒരു ചെറുതോണിയിൽ അടക്കം ചെയ്യപ്പെട്ട ഒരു യുവതിയുടെ മൃതദേഹം. ഇൻഡിവിഡ്വൽ 3 എന്ന ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട ഈ യുവതിയെ അടക്കിയത് 800 വർഷങ്ങൾക്ക് മുൻപായിരുന്നു എന്ന് പര്യവേഷണത്തിന് നേതൃത്വം നൽകുന്ന യൂണിവേഴ്സിഡാഡ് കാറ്റൊലിക്ക ഡി ടെമുകോയിലെ ഗവേഷകർ പറയുന്നു. ഒരുപക്ഷെ, മരണാനന്തര യാത്രയിൽ ആത്മാവിന് സഞ്ചരിക്കാൻ വേണ്ടിയായിരിക്കും തോണിയിൽ അടക്കിയതെന്നും അവർ പറയുന്നു.
മരണമടഞ്ഞ മനുഷ്യന്റെ ആത്മാവ് നദികളിലൂടെ സഞ്ചരിച്ച് സമുദ്രത്തിലെത്തി, പിന്നെ സമുദ്രം മറികടന്ന് അന്തിമ സ്വർഗ്ഗത്തിൽ എത്തുമെന്നായിരിക്കാം അവർ വിശ്വസിച്ചിരുന്നതെന്ന് ഗവേഷകർ പറയുന്നു. അർജന്റീനയിൽ ലാക്കർ തടാകത്തിനരികിലുള്ള ന്യുവെൻ ആൻടുംഗ് എന്നഉത്ഖനന ഭൂമിയിൽ നിന്നായിരുന്നു ഈ മൃതദേഹം ലഭിച്ചത്. മരിക്കുന്ന സമയത്ത് ഈ യുവതിക്ക് 17 നും 25 നും ഇടയിലായിരുന്നു പ്രായം എന്നാണ് വിശകലനങ്ങളിൽ തെളിഞ്ഞത്. എന്നാൽ, മരണകാരണം എന്തായിരുന്നു എന്നത് വ്യക്തമല്ല.
ഇവരെ അടക്കം ചെയ്തിനടുത്തു നിന്നും 600 ൽ അധികം കരിഞ്ഞ മരക്കഷണങ്ങളും കണ്ടെടുത്തിട്ടുണ്ട്. തീ ഉപയോഗിച്ച് കരിച്ചുകളഞ്ഞായിരിക്കണം ഈ തോണി നിർമ്മിച്ചത് എന്നാണ് ഇതിൽ നിന്നും അനുമാനിക്കാൻ കഴിയുന്നത് എന്ന് ഗവേഷകർ പറയുന്നു. അസ്ഥികളുടെ റേഡിയോ കാർബൺ ഡേറ്റിങ് വഴി കണ്ടെത്തിയത് ഉദ്ദേശം എ ഡി 1142 ൽ ആയിരിക്കും ഈ യുവതി മരണമടഞ്ഞത് എന്നാണ്. അതായത് ഈ യുവതി മാപുചെ നാഗരികതയിൽ വളർന്നയാളാണെന്നർത്ഥം.
സ്പാനിഷ് സൈന്യത്തിനെതിരെ 350 വർഷക്കാലത്തോളംപോരാട്ടം നടത്തിയതിന്റെ പേരിൽ ചരിത്തത്തിൽ രേഖപ്പെടുത്തപ്പെട്ട ഈ സംസ്കൃതിയായിരുന്നു അക്കാലത്ത് തെക്കേ അമേരിക്കയിൽ ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ തലക്കരികിലായി ചുവപ്പും വെളുപ്പും നിറമുള്ള ഒരു ജഗ്ഗും വെച്ചിരുന്നു. ഇതിന് ഏകദേശം 880 വർഷത്തെ പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ശവസംസ്കാര ചടങ്ങുകളുടെ ഭാഗമായി ഉപയോഗിച്ചതാകാം എന്നാണ് ഗവേഷകർ കരുതുന്നത്.
അർജന്റീനയിൽ ഒരു മൃതദേഹം തോണീയിൽ അടക്കം ചെയ്ത രീതിയിൽ കണ്ടെത്തുന്നത് ഇതാദ്യമായാണ്. തെക്കെ അമേരിക്കയിൽ മറ്റു പലയിടങ്ങളീൽ നിന്നും സമാനമായ രീതിയിൽ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും അതെല്ലാം പുരുഷന്മാരുടെതായിരുന്നു. ഒരു സ്ത്രീ ഇത്തരത്തിൽ അടക്കം ചെയ്യപ്പെട്ട് കാണുന്നത് ഇതാദ്യമായാണ്. മരണശേഷം മനുഷ്യരുടെ ആത്മാക്കൾ നൊമേലാഫ്ക്കൻ എന്നറിയപ്പെടുന്ന, സമുദ്രങ്ങൾക്ക് അപ്പുറമുള്ള ഒരു ലോകത്തെക്ക് പോകുന്നു എന്നതാണ് ഇവിടങ്ങളിലെ ആദിമകാല ഗോത്രവിശ്വാസം.
മറുനാടന് മലയാളി ബ്യൂറോ