കൊച്ചി: കൊളോണിയൽ കാലത്തിന്റെ അവശേഷിക്കുന്ന മുദ്രകൾ ഇനി നാവിക സേനയ്ക്കുണ്ടാകില്ല. ഇതിന് കൊച്ചി സാക്ഷിയാകും. ഇന്ത്യൻ നേവൽഷിപ് പതാകയായ എൻസൈൻ ബ്രിട്ടീഷ് ചിഹ്നങ്ങൾ ഉപേക്ഷിച്ചു നവീകരിക്കും. പുതിയ പതാകയുടെ ഉദ്ഘാടനം ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനിക്കപ്പൽ വിക്രാന്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കൊച്ചിയിൽ നിർവഹിക്കും. തുടർന്ന് നാവിക സേനയുടെ മുഴുവൻ കപ്പലുകളും പുതിയ പതാക സ്വീകരിക്കും.

ഐ എൻ എസ് വിക്രാന്തിന്റെ ക്വാർട്ടർ ഡെക്കിലാണ് പ്രധാനമന്ത്രി പുതിയ പതാക ഉയർത്തുക. ഈ പതാകയ്ക്ക് പ്രധാനമന്ത്രി സല്യൂട്ട് നൽകുന്നതോടെ വിക്രാന്ത് നാവിക സേനയുടെ ഭാഗമാവും. തദ്ദശീയമായി നിർമ്മിച്ച വിമാനവാഹനിയിൽ തദ്ദേശീയ പതാക പാറും. മൂന്നു സമുദ്രങ്ങളിൽ ഇന്ത്യയുടെ കാവലാളാണ് നമ്മുടെ നാവികസേന. നാവികസേനയുടെ പാതകയിലെ അവസാന കൊളോണിയൽ ചിഹ്നത്തിനാണ് അവസാനമാകുന്നത്. 'പുതിയ പതാക കൊളോണിയൽ ഓർമകളെ പൂർണമായി മായ്ക്കും. ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തിന് യോജിച്ചതാവും ഇതെന്നാണ് പ്രധാനമന്ത്രിയുെട ഓഫിസ് പുറത്തിറക്കിയ സന്ദേശത്തിൽ പറയുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്.

നാവികസേനാ പതാകയുടെ അവസാനത്തെ പരിഷ്‌കാക്കാരമാകും ഇതെന്നാണ് റിപ്പോർട്ടുകൾ. എന്തൊക്കെയാണ് പുതിയ പതാകയിൽ ഇടംനേടുക എന്ന് വ്യക്തമല്ലെങ്കിലും സെന്റ് ജോർജ് ക്രോസ് മാറ്റുമെന്ന് ഉറപ്പാണ്. കരസേനയുടെയും വ്യോമസേനയുടെ പതാകയുമായി ചേർന്നുപോകുന്നത് കൂടിയാകും നാവികസേനയുടെ പുതിയ പതാക. 10 ഡിസൈനുകളിൽനിന്നാണ് പുതിയ പതാക തിരഞ്ഞെടുത്തിരിക്കുന്നത്. 2001 മുതൽ 2004 വരെ വാജ്‌പേയി സർക്കാർ സെന്റ് ജോർജ് ക്രോസ് മാറ്റിയിരുന്നു. എന്നാൽ പിന്നീട് യുപിഎ സർക്കാർ വീണ്ടും പഴയ പതാക കൊണ്ടുവന്നു. നാവികസേന തന്നെ ഉയർത്തിയ ആവശ്യം കണക്കിലെടുത്തായിരുന്നു ഇത്.

1879ൽ ബ്രിട്ടീഷുകാരാണ് ഇന്ത്യൻ നാവിക കപ്പലുകൾക്ക് ആദ്യമായി പതാക നിർമ്മിച്ചത്. ബ്രിട്ടന്റെ ദേശീയ പതാക ആലേഖനം ചെയ്ത നീല പതാക ആയിരുന്നു. 1928ൽ അത് 'വൈറ്റ് എൻസൈൻ' എന്നറിയപ്പെടുന്ന വെള്ള പതാകയായി മാറി. പതാകയെ സെന്റ് ജോർജ് ക്രോസ് എന്ന ചുവന്ന കുരിശു രൂപം കൊണ്ട് നാലായി വിഭജിക്കുന്ന ഡിസൈൻ നിലവിൽ വന്നു. നാലിലൊന്നു ഭാഗത്ത് ബ്രിട്ടീഷ് പതാക ആലേഖനം ചെയ്യുകയും ബാക്കി ഭാഗം വെള്ള നിറത്തിലുമായിരുന്നു.

ഇന്ത്യ റിപ്പബ്ലിക്കായ 1950ൽ ഇതിലെ നാലിലൊന്നു ഭാഗത്ത് ബ്രിട്ടീഷ് പതാക മാറ്റി ഇന്ത്യൻ പതാക ആലേഖനം ചെയ്തു. റിപ്പബ്ലിക്കിന്റെ സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ കോളോണിയൽ ചിഹ്്നമായ സെന്റ് ജോർജ് ക്രോസ് പേറുന്ന പതാക ഇന്ത്യ ഉപയോഗിക്കുന്നത് ചർച്ചയായി. വിവാദവും വിമർശനവും ഉയർന്നു. 2001ൽ ക്രോസ് മാറ്റുകയും പതാകയിൽ നാവികസേനയുടെ നീലമുദ്ര ആലേഖനം ചെയ്യുകയും ചെയ്തു. എന്നാൽ ഇത് അകലെ നിന്നു കാണാനാവുന്നില്ലെന്ന വാദം ചർച്ചയായി.

ആകാശത്തിന്റെയും കടലിന്റെയും നീല നിറത്തിനൊപ്പം ചേർന്നു കാണുന്നതിനാൽ നേവിയുടെ നീലനിറത്തിലുള്ള മുദ്ര അകലെനിന്നു വ്യക്തമായില്ലെന്നതാണ് വസ്തുത. നാവികരും ഇതുയർത്തി. ഇതോടെ 2004ൽ സെന്റ് ജോർജ് ക്രോസ് ഉള്ള പഴയ പതാക തിരികെ കൊണ്ടുവന്നു. ഭാരതീയവൽക്കരിക്കാനായി കൃത്യം നടുവിൽ അശോകസ്തംഭം ആലേഖനം ചെയ്തു.

2014ൽ ഇന്ത്യയുടെ ദേശീയ വാക്യമായ 'സത്യമേവ ജയതേ' എന്ന് ദേവനാഗരി ലിപിയിൽ അശോകസ്തംഭത്തിന്റെ അടിയിൽ ആലേഖനം ചെയ്തു. ഈ പതാകയാണ് കൊളോണിയൽ ചിഹ്നമായ സെന്റ് ജോർജ് ക്രോസ് എടുത്തുകളഞ്ഞ് ഇപ്പോൾ പരിഷ്‌കരിക്കുന്നത്.