മലപ്പുറം: ദേശീയപാതാ വികസനത്തിനായി മരം മുറിച്ചിട്ടപ്പോൾ പിടഞ്ഞുചത്തത് 43 പക്ഷികൾ. വെള്ളിയാഴ്ച സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ 43 പക്ഷികളുടെ ജഡവും അഞ്ചെണ്ണത്തിനെ ജീവനോടെയും കണ്ടെടുത്തു. എആർ നഗർ വികെ പടിയിൽ ദേശീയപാതാ വികസത്തിനായി മരം മുറിച്ചതിനെത്തുടർന്ന് പക്ഷികൾ ചത്ത സംഭവത്തിൽ 4 പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. 3 പേരെ അറസ്റ്റ് ചെയ്തു. ഈ വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളും മനുഷ്യ ക്രൂരതയ്ക്ക് തെളിവായി റിപ്പോർട്ട് ചെയ്യുകയാണ്.

എരണ്ട, കൊക്ക് എന്നീ പക്ഷികളാണ് മരത്തിൽ കൂടുകൂട്ടി താമസിച്ചിരുന്നത്. മരത്തിനൊപ്പം പക്ഷികളും വീണു ജീവൻ നഷ്ടമാകുന്ന രംഗം നാട്ടുകാരനായ പി.ടി.റിയാസ് വിഡിയോ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ വൈറലായി. സൂക്ഷ്മത ഇല്ലാതെ മരം മുറിച്ചതിനെതിരെ പക്ഷിസ്‌നേഹികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ സർക്കാരിനും പ്രവർത്തിക്കേണ്ടി വന്നു. അങ്ങനെയാണ് കേസും മറ്റും ഉണ്ടാകുന്നത്. ഈ വിഡിയോയാണ് അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ചയാക്കുന്നത്. ഡെയിലി മെയിൽ അടക്കമുള്ള മാധ്യമങ്ങൾ പ്രാധാന്യത്തോടെ വാർത്ത നൽകി. മനുഷ്യ ക്രൂരതയായി അവർ ഇതിനെ ഉയർത്തിക്കാട്ടി.

മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ ജാർഖണ്ഡ് സ്വദേശി വികാസ് കുമാർ രാജക്, മരം മുറിച്ച തൊഴിലാളി തമിഴ്‌നാട് സേലം കൂത്തുമുട്‌നേൽ മഹാലിംഗം (32), മരം മുറിക്കുന്നതിനുള്ള സൂപ്പർവൈസർ കോയമ്പത്തൂർ ലക്ഷ്മി അമ്മാൾ ഇല്ലം എൻ.മുത്തുകുമാരൻ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റോഡ് പണിയുടെ എൻജിനീയർ തെലങ്കാന വാറങ്കൽ പട്ടായ്പക സ്വദേശി നാഗരാജുവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. സംഭവത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ദേശീയപാതാ അഥോറിറ്റിയോട് റിപ്പോർട്ട് തേടിയിരുന്നു. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കലക്ടറോടു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പക്ഷികളുടെ ആവാസ വ്യവസ്ഥ നശിപ്പിച്ചുകൊണ്ട് ഇനി മരം മുറിക്കില്ലെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. റോഡ് വികസനത്തിനായി മരം മുറിക്കുന്നത് പക്ഷികൾ കൂടുവിട്ട് പോകുംവരെ നിർത്തിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു. വ്യാഴം ഉച്ചയ്ക്കാണ് വികെ പടിയിൽ പുളിമരം മുറിച്ചത്. യന്ത്രം ഉപയോഗിച്ച് അടിഭാഗം മുറിച്ച മരം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തള്ളിമറിച്ചിട്ടു. മരത്തിൽ കൂടുകൂട്ടിയ നീർകാക്കകളാണ് ചത്തതിൽ ഏറെയും. മുട്ടയിട്ട് അടയിരുന്ന പക്ഷികളും കുഞ്ഞുങ്ങളും ചത്തു. നാട്ടുകാർ പ്രഥമ ശുശ്രൂഷയും വെള്ളവും ഭക്ഷണവും നൽകിയ ശേഷം 10 പക്ഷിക്കുഞ്ഞുങ്ങളെ വനംവകുപ്പിന് കൈമാറി. ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെ നൂറോളം പക്ഷികൾ പിടഞ്ഞു ചത്തത് കണ്ണീർ കാഴ്ചയായി. റോഡരികിലുള്ള പുളിമരം രാവിലെ 11.40ന് ആണ് മുറിച്ചത്.

തള്ളി മറിച്ചിട്ട മരത്തോടൊപ്പം തള്ളപ്പക്ഷികളും ചെറിയ കുഞ്ഞുങ്ങളും നിലത്തേക്ക് വീണു. മരത്തിൽ നൂറിലേറെ പക്ഷികളും നിരവധി കൂടുകളും ഉണ്ടായിരുന്നു. മരം വീഴുന്നതിനിടെ പാറിപ്പോയ ഏതാനും പക്ഷികൾ മാത്രമാണ് രക്ഷപ്പെട്ടത്. ബാക്കിയുള്ളവ ചത്തു. മുറിക്കുന്നതിന് മുൻപ് മരം കുലുക്കുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ ഒരു പക്ഷേ പക്ഷികൾക്ക് മരം വീഴുന്നതിന് മുൻപേ രക്ഷപ്പെടാമായിരുന്നു. യന്ത്രം കൊണ്ട് മുറിച്ചതായതിനാൽ മരത്തിന് ഒരു ഇളക്കവും സംഭവിച്ചില്ല. മരം മുറിക്കുന്ന കാര്യം പക്ഷികൾ അറിഞ്ഞതുമില്ല. ഇതാണ് കൂടുതൽ പക്ഷികളുടെ ജീവൻ നഷ്ടമാകാൻ കാരണം.

മുറിക്കാൻ അനുമതി ലഭിച്ച മരങ്ങളാണെങ്കിലും പക്ഷിക്കൂടോ കുഞ്ഞുങ്ങളോയുണ്ടെങ്കിൽ അവ ഒഴിഞ്ഞുപോകുന്നതുവരെ മുറിക്കാൻ പാടില്ലെന്നു സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ഉത്തരവുണ്ട്. ജില്ലാ വൃക്ഷസമിതി മുറിച്ചു മാറ്റാൻ അനുമതി നൽകിയാലും പക്ഷിക്കുഞ്ഞുങ്ങൾ ഒഴിഞ്ഞു പോകുന്നതുവരെ മുറിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. ഇതാണ് ലംഘിക്കപ്പെട്ടത്. വന്യജീവി സംരക്ഷണനിയമത്തിലെ ഒൻപതാം വകുപ്പുപ്രകാരമാണ് വനംവകുപ്പ് എടവണ്ണ റെയ്ഞ്ച് ഓഫീസ് കേസെടുത്തത്. മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. മരം തള്ളിയിടാനുപയോഗിച്ച ഹിറ്റാച്ചി യന്ത്രം, മരം മുറിക്കാനുപയോഗിച്ച വാൾ, മറ്റ് ആയുധങ്ങൾ എന്നിവയും കസ്റ്റഡിയിലെടുത്തു.

ഈർച്ചവാൾകൊണ്ട് ചുവട് അറുത്തശേഷം മണ്ണുമാന്തികൊണ്ട് തള്ളിയിടുകയായിരുന്നു. പക്ഷികളുടെ പ്രജനനകാലമായതിനാൽ ഒട്ടേറെ കുഞ്ഞുങ്ങളും മുട്ടകളും ഉണ്ടായിരുന്നു. നിലംപറ്റിയ മരച്ചില്ലകൾക്കിടയിൽ പക്ഷികളുടെയും കുഞ്ഞുങ്ങളുടെയും ജഡങ്ങളും പക്ഷിക്കൂടുകളും ചിതറിക്കിടക്കുന്ന കാഴ്ച ഹൃദയഭേദകമായി. ആദ്യം ചില്ലകൾ മുറിച്ചുമാറ്റിയിരുന്നെങ്കിൽ ഇത്രയും നാശം സംഭവിക്കില്ലായിരുന്നു.

നിലവിലെ ദേശീയപാതയിൽനിന്ന് ഇരുപതോളം മീറ്റർ ദൂരെയായിരുന്നു പുളി. ഇതിനുസമീപത്തെ മരങ്ങൾ മുറിക്കാൻ അനുമതി വാങ്ങിയിരുന്നെങ്കിലും ഈ മരത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് സംഭവസ്ഥലം സന്ദർശിച്ച ഉന്നത വനം ഉദ്യോഗസ്ഥരായ എസ്. നരേന്ദ്രബാബുവും ആർ. കീർത്തിയും പറഞ്ഞു.