ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധം കാരണം നാട്ടിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് സർവകലാശാല മാറി പഠനം തുടരാൻ അനുമതി. മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കാൻ നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) അനുമതി നൽകി. ഒരേ സർവകലാശാലയിൽ തന്നെ കോഴ്‌സ് പൂർത്തിയാക്കണമെന്ന നിബന്ധന ഒഴിവാക്കി.

കോഴ്സ്, പരിശീലനം, ഇന്റേൻഷിപ് എന്നിവ ഒരേ വിദേശ മെഡിക്കൽ സ്ഥാപനത്തിൽ ചെയ്യണമെന്നും പരിശീലനത്തിന്റെയോ ഇന്റേൻഷിപ്പിന്റെ ഒരു ഭാഗവും മറ്റ് സ്ഥാപനത്തിൽ നിന്ന് ചെയ്യാൻ പാടില്ലെന്നുമായിരുന്നു നേരത്തേ നിർദേശിച്ചിരുന്നത്.

എന്നാൽ, വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച്, മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കാൻ അനുവാദം നൽകിയതായി എൻഎംസിയുടെ ഉത്തരവിൽ പറയുന്നു. എന്നിരുന്നാലും, യുക്രൈനിലെ സർവകലാശാലയാണ് ബിരുദം നൽകുന്നത്.

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ ഭൂരിഭാഗം വിദ്യാർത്ഥികളും താൽക്കാലിക പരിഹാരമായി ഇന്ത്യൻ സ്വകാര്യ മെഡിക്കൽ കോളജുകളിൽ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദേശീയ മെഡിക്കൽ കമ്മിഷനും ആരോഗ്യ മന്ത്രാലയവും ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. യുക്രൈനിലെ സർവകലാശാലകൾ തുറന്നെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം വിദ്യാർത്ഥികൾ പോകുന്നില്ല. മിക്ക വിദ്യാർത്ഥികളും ഓൺലൈനിൽ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്.

യുക്രൈനിലെ സർവ്വകലാശാലകളിൽ വിദ്യാർത്ഥികളായി തുടർന്ന് മറ്റ് രാജ്യത്ത് പഠനം പൂർത്തിയാക്കാം എന്ന സാധ്യതയാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭിക്കുക. ഇതിനുള്ള സൗകര്യമൊരുക്കുക നിലവിൽ പഠിക്കുന്ന സർവ്വകലാശാലയായിരിക്കും. എന്നാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതി ഇക്കാര്യത്തിൽ ആവശ്യമായിരുന്നു. അതു കൂടി ലഭിച്ചതോടെ പുതിയ സെമസ്റ്ററിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ലാസുകളിലെത്തി പഠനം തുടരാൻ കഴിയും.

യുക്രൈൻ മുന്നോട്ട് വെച്ച അക്കാദമിക് മൊബിലിറ്റി പദ്ധതിക്ക് അനുമതി നൽകേണ്ട എന്ന് നേരത്തേ മെഡിക്കൽ കമ്മീഷൻ തീരുമാനിച്ചിരുന്നു. ഇതോടെ, യുദ്ധം കാരണം ഇന്ത്യയിൽ മടങ്ങിയെത്തിയ ഇരുപതിനായിരത്തോളം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലായി. പഠന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്നാണ് വിദേശ കാര്യ മന്ത്രാലയവുമായിക്കൂടി ചർച്ച നടത്തി മെഡിക്കൽ കൗൺസിൽ അക്കാദമിക് മൊബിലിറ്റി പദ്ധതിക്ക് അനുമതി നൽകിയത്.