കോഴിക്കോട്: കേരളത്തിലെ മുസ്ലിം പണ്ഡിതർ എന്ന് പറയുന്നവരിൽ ഒരു വിഭാഗം ശക്തമായ വിലക്കുന്ന ഒന്നാണ് ഓണാഘോഷം. ഇത് പച്ച വ്യഭിചാരമാണെന്നും ഹറാമാണെന്നുമാണ് മുജാഹിദ് ബാലുശ്ശേരിയെയും സിംസാറുൽ ഹഖ് നദ്വിയെയും പോലുള്ളവർ പറയുന്നത്. മുഖവും കൈയുംവരെ കൃത്യമായി മറയ്ക്കാതിരിക്കുകയും, നൃത്തം ചെയ്യുകയും ചെയ്യുന്നവർ, നരകത്തിൽ പോവുമെന്ന് പറഞ്ഞ് പേടിപ്പിക്കാനും, മുസ്ലിം സ്ത്രീകളെ പർദക്കുള്ളിൽ ഒതുക്കാനും ഇവർ വർഷങ്ങളായി ശ്രമിച്ച് വരികയാണ്.

എന്നാൽ ഇത്തരക്കാരെയെല്ലാം ഞെട്ടിക്കുന്നതായിരുന്നു ഇത്തവണത്തെ ഓണാഘോഷം. പാട്ടം നൃത്തവുമായി മഫ്ത്തയും ഹിജാബുമിട്ട് നിരവധി പെൺകുട്ടികൾ പങ്കെടുക്കുന്ന ഓണാഘോഷപരിപാടികളാണ് കഴിഞ്ഞ ഏതാനും ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. കോവിഡിൽ നഷ്ടപ്പെട്ട രണ്ടു വർഷങ്ങൾക്ക് ശേഷം വന്ന ഓണത്തെ സ്‌കൂളുകളിലും കോളജുകളിലും അത്യാവേശത്തോടെയാണ് വരവേറ്റത്. സത്യത്തിൽ പൊൽറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ കരണത്തേറ്റ ഒരു അടികൂടിയായിരുന്നു ഇത്. അതുകൊണ്ടുതന്നെ ഇപ്പോൾ ഓണാഘോഷത്തിൽ പങ്കെടുത്ത മുസ്ലിം പെൺകുട്ടികൾക്ക് നേരെ ശാപവാക്കുകളും ഭീഷണിയുമായി ഇവർ രംഗത്ത് ഇറങ്ങിയിരിക്കയാണ്.

വിമർശനവുമായി യുപിയിലെ മതപണ്ഡിതരും

ഹിജാബ് ധരിച്ച് ഓണാഘോഷ പരിപാടിയിൽ നൃത്തം ചവിട്ടിയ വിദ്യാർത്ഥികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗങ്ങൾവരെ രംഗത്തെത്തി. വണ്ടൂർ സർക്കാർ ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. രണ്ടുദിവസം മുമ്പായിരുന്നു, ഈ സ്‌കൂളിലെ ഓണാഘോഷ പരിപാടികൾ. ഇതിൽ പങ്കുകൊള്ളാൻ വിദ്യാർത്ഥികൾ കേരള സാരിയുടുത്താണ് എത്തിയത്. ഇതിനൊപ്പം മുസ്ലിം വിദ്യാർത്ഥിനികൾ ഹിജാബും ധരിച്ചിരുന്നു. പരിപാടിക്കിടെ ഡാൻസ് കളിക്കുന്ന വിദ്യാർത്ഥികളുടെ വീഡിയോ കോൺഗ്രസ് എംപി ശശി തരൂർ ഉൾപ്പെടെ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ രാജ്യവ്യാപകമായി വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിദ്യാർത്ഥികളെ വിമർശിച്ച് മുസ്ലിം വ്യക്തി നിയമ ബോർഡ് അംഗങ്ങൾവരെ എത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇസ്ലാമിക പുരോഹതന്മാരും വിദ്യാർത്ഥികളെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഇസ്ലാമിക നിയമത്തിലെ തെറ്റായ ഒരു കാര്യമാണ് വിദ്യാർത്ഥികൾ ചെയ്തതെന്ന് ഉത്തർപ്രദേശ് സ്വദേശിയായ പുരോഹിതനും വ്യക്തി നിയമ ബോർഡ് അംഗവുമായ ഡോ. കൽബെ സിബ്‌ടൈൻ നൂറി കുറ്റപ്പെടുത്തി. ''600 ഓളം വിദ്യാർത്ഥികൾ സ്വന്തം ഇഷ്ടപ്രകാരം നൃത്തം ചവിട്ടുക. രാജ്യത്ത് സ്വന്തം ഇഷ്ടപ്രകാരം നൃത്തം കളിക്കാനും പാട്ടു പാടാനുമെല്ലാം എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ഒരു വിദ്യാലയം വിദ്യാർത്ഥികളെ ഇതിന് നിർബന്ധിക്കുക എന്നത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. ശരിയ നിയമത്തിൽ വലിയ പ്രാധാന്യമാണ് ഹിജാബിന് ഉള്ളത്. ഹിജാബ് ധരിച്ചുകൊണ്ട് മറ്റുള്ളവർക്ക് മുൻപിൽ പ്രത്യേകിച്ച് പുരുഷന്മാർക്ക് മുൻപിൽ നൃത്തം ചവിട്ടരുതെന്നാണ് നിയമം അനുശാസിക്കുന്നത്' - നൂറി വിമർശിച്ചു.



കാലത്തിനൊത്ത് ഇസ്ലാം മാറേണ്ടതില്ല

അതിനിടെ കേരളത്തിലും നിരവധി വ്യക്തികൾ സോഷ്യൽ മീഡിയയിൽ കുട്ടികളെ ഭീഷണിപ്പെടുത്തി വീഡിയോ ചെയ്യുന്നുണ്ട്. അതിൽ ഒന്ന് കുട്ടികൾ തന്നെ ഷെയർ ചെയ്യുന്നുണ്ട്. തങ്ങളുടെ ഏറ്റവും ലേറ്റസ്സ് വീഡിയോക്ക് ഒപ്പമാണ് ഇതും പ്രചരിപ്പിക്കുന്നത്്. അതിൽ പേര് അറിയാത്ത ആ ഇസ്ലാമിസ്റ്റ് ഇങ്ങനെ പറയുന്നു.

''ഓണോഘോഷം പൊടിപൊടിക്കയാണ്. ഇപ്പോൾ ഓണം കൂടുതൽ ആഘോഷിക്കുന്നത് മുസ്ലിം പെൺകുട്ടികളാണ്. സോഷ്യൽമീഡിയയിൽ രണ്ടുദിവസമായ താത്താമാരുടെ തുള്ളൽ ഡാൻസ് ആണ്, ആഹാ, സ്റ്റേജിൽ കയറി ഡാൻസ്, റോട്ടിമ്മൽ ഡാൻസ്. ഓണം ഇപ്പോൾ സാധാരണക്കാരുടെ ആഘോഷമായി മാറി. അതിൽ തെറ്റൊന്നും ഇല്ലാന്ന്. ഓണം ആഘോഷിക്കയാണ്. സന്തോഷിക്കയാണ്. ഒ.കെ, നിങ്ങൾ സന്തോഷിച്ചോളൂ. അടിച്ചുപൊളിച്ചോളൂ. ഞങ്ങൾ ഒക്കെ അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷേ ഒരുകാര്യം നിങ്ങൾ ആലോചിക്കണം. നിങ്ങൾ മുസ്ലീങ്ങൾ ആണെങ്കിൽ നിങ്ങൾ ആരെയാണ് ഫോളോചെയ്യുന്ന്. ആരെയാണ് നിങ്ങൾ റോൾ മോഡൽ ആക്കുന്നത്. നിങ്ങളുടെ പോക്ക് എങ്ങോട്ടേക്കാണ്. എന്തെങ്കിലും അതിനെക്കുറിച്ച് പറയുമ്പോൾ, ഹറാമും ഹലാലും നോക്കുമ്പോൾ നമ്മളൊക്കെ പഴഞ്ചനായി പോവുമെന്നും, സ്വാത്രന്ത്യം നഷ്ടപ്പെടുമെന്നുമൊക്കെ, പറയും. കുട്ടികളെ സന്തോഷിക്കാൻ വിടുന്നില്ല എന്ന് പറയും. പക്ഷേ നിങ്ങൾ മനസ്സിലാക്കണം. 1400 വർഷങ്ങൾക്ക് മുമ്പ് റസൂൽ പഠിപ്പിച്ച കാര്യം അത് കിയാമം നാൾവരെയും, ( ലോകാവസാനം) നിലനിൽക്കേണ്ടതാണ്. കാലത്തിനൊത്ത് അത് മാറേണ്ടതല്ല. ഇപ്പോൾ കാലം മാറി. ഇത് 2022 ആയി. പുള്ളേർ ആഘോഷിക്കട്ടെ. പക്ഷേ നിങ്ങൾ ഔറത്ത് ഒക്കെ കാണിച്ച് തുള്ളുമ്പോൾ, കുറച്ചൊക്കെ ഇസ്ലാമിക ചരിത്രം പഠിക്കണം. കാവ്യാമാധവനും മഞ്ജുവാര്യർക്കും പിറകെ പോവരുത്. ''- ഇങ്ങനെ പോവുകയാണ് അയാളുടെ പ്രസംഗം.



അതേസമയം ഇത്തരം വർഗീയ പ്രസംഗങ്ങളെ സോഷ്യൽ മീഡിയ ട്രോളിക്കൊല്ലുകയാണ്. ''ഓണഘോഷം അനിസ്ലാമികമാണെങ്കിൽ സാമ്പാറ് കൂട്ടി ഊണു കഴിക്കുന്നതും, ചമ്മന്തി കൂട്ടി ഇഡ്ഡലി കഴിക്കുന്നതും, മലയാളം സംസാരിക്കുന്നതുമൊക്കെ അനിസ്ലാമികമാണെന്ന് അനിസ്ലാമികമണെന്ന് വിധി വരുമോ' എന്നാണ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചോദിക്കുന്നത്. കേരളം മതേതരത്വത്തിന്റെ വിള നിലമാണെന്നും, ഇവിടെ ഇസ്ലാമിസ്റ്റുകളുടെ പരിപ്പൊന്നും വേവില്ലെന്നും, മുസ്ലിം സമുദായത്തിനകത്തെ പരിഷ്‌ക്കരണ വാദികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

-എല്ലാ മലയാളികൾക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ തിരുവോണ ആശംസകൾ. തിരുവോണ ദിനത്തിൽ (08/09/2022 -വ്യാഴാഴ്ച) ഓഫീസ് അവധി ആയതിനാൽ മറുനാടൻ മലയാളി സൈറ്റ് അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.