ബെയ്ജിങ്: ചൈനീസ് പട്ടാള മേധാവി സ്ഥാനത്തുനിന്നു നീക്കിയെന്നും വീട്ടുതടങ്കലിലാക്കിയെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ് സ്റ്റേറ്റ് ടിവിയിൽ പ്രത്യക്ഷപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിസി) ഒരു എക്‌സിബിഷൻ സന്ദർശനത്തിനിടെയാണു ചൊവ്വാഴ്ച സ്റ്റേറ്റ് ടിവിയിൽ പ്രത്യക്ഷപ്പെട്ടത്.

സെപ്റ്റംബർ 16ന് ഉസ്‌ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽനിന്നു മടങ്ങിയശേഷം ആദ്യമായാണ് ഷി ചിൻ പിങ് ടിവിയിൽ പ്രത്യക്ഷപ്പെടുന്നത്. ഷിയ്‌ക്കൊപ്പം രണ്ടു ഉന്നത നേതാക്കളും ഉണ്ടായിരുന്നു.

ടിവിയിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം, കഴിഞ്ഞ 10 വർഷമായി തന്റെ നേതൃത്വത്തിൽ നേടിയ സിപിസിയുടെയും രാജ്യത്തിന്റെയും നേട്ടങ്ങൾ എടുത്തുപറഞ്ഞു. ''പാർട്ടിയും ഭരണകൂടവും ചരിത്രപരമായ നേട്ടങ്ങൾ കൈവരിക്കുകയും ചരിത്രപരമായ മാറ്റങ്ങൾക്കു വിധേയമാവുകയും ചെയ്തു. കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങളും മുന്നേറ്റങ്ങളും വ്യാപകമായി പ്രചരിപ്പിക്കണം'' - അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്തമാസം 16ന് പാർട്ടി കോൺഗ്രസ് നടക്കാനിരിക്കെ പൊതുപരിപാടികളിൽനിന്ന് ഷി ചിൻ പിങ് വിട്ടുനിന്നത് അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. ഷി ചിൻ പിങ്ങിനെ ചൈനീസ് പട്ടാള മേധാവി സ്ഥാനത്തുനിന്നു നീക്കിയെന്നും ഉസ്‌ബെക്കിസ്ഥാനിൽനിന്ന് തിരിച്ചെത്തിയപ്പോൾ വീട്ടുതടങ്കലിലാക്കിയെന്നുമാണ് വാർത്തകൾ പ്രചരിച്ചത്.

എന്നാൽ, രാജ്യത്തിനുപുറത്തുപോയി വരുന്ന ആൾക്കാരെ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീനു വിധേയരാക്കുന്ന 'സീറോ കോവിഡ്' നയത്തിന്റെ ഭാഗമായി ഷി ചിൻ പിങ് മാറി നിൽക്കുകയായിരുന്നെന്നാണു വിവരം.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സീനിയർ നേതാക്കൾ പ്രസിഡന്റ് സ്ഥാനത്ത് നിന്നും, പീപ്പിൾസ് ലിബറേഷൻ ആർമിയുടെ തലപ്പത്ത് നിന്നും ഷി ചിൻ പിങിനെ മാറ്റിയെന്നും, വീട്ടുതടങ്കലിലാക്കിയെന്നുമാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം.ബെയ്ജിങ് ഇപ്പോൾ സൈനികർ പിടിച്ചെടുത്തിരിക്കുകയാണെന്നും, അവരുടെ കീഴിലാണെന്നുമാണ് പ്രചരിച്ചത്.

ന്യൂസ് ഹൈലാൻഡ് വിഷൻ റിപ്പോർട്ട് പ്രകാരം മുൻ ചൈനീസ് പ്രസിഡന്റ് ഹു ജിന്താവോയും, മുൻ ചൈനീസ് പ്രധാനമന്ത്രിയുമായ വെൻ ജിബാവോയും ചേർന്ന് മുൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ സോങ് പിങിനോട് സെൻട്രൽ ഗാർഡ് ബ്യൂറോയുടെ അധികാരം പിടിച്ചെടുക്കാനും ആവശ്യപ്പെട്ടതായാണ് വാർത്തകൾ പ്രചരിച്ചത്.

ഷി ജിൻ പിങ് എസ്സിഒ യോഗം കഴിഞ്ഞെത്തിയ ഉടനെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് വീട്ടുതടങ്കലിലാക്കിയതെന്നും പറയുന്നു. എന്നാൽ ഇത് വെറും അഭ്യൂഹം മാത്രമാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. .