ഫോർട്ട് മയേഴ്‌സ്, ഫ്‌ളോറിഡ: അമേരിക്കയിൽ നാശം വിതച്ച് വീണ്ടും ചുഴലിക്കാറ്റിന്റെ താണ്ഡവം. ഇത്തവണ ഇയാൻ ആണെന്നുമാത്രം. തെക്ക്-പടിഞ്ഞാറൻ ഫ്‌ളോറിഡയിൽ, കായോ കോസ്റ്റയിലാണ് ചുഴലിക്കാറ്റ് നിലം തൊട്ടത്. ബുധനാഴ്ച പ്രാദേശിക സമയം, ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കാറ്റഗറി നാലിൽ പെടുന്ന ചുഴലിക്കാറ്റ് വീശിയത്. വ്യാഴാഴ്ച ഇയാന്റെ വേഗത കുറഞ്ഞ് ദുർബലമായിട്ടുണ്ട്.

കാറ്റിന്റെ വേഗത്തിലെ ഏറ്റക്കുറച്ചിലാണ് ചുഴലിക്കാറ്റിനെയും, ഉഷ്ണ മേഖല കൊടുങ്കാറ്റിനെയും വേർതിരിക്കുന്നത്. ചുഴലിക്കാറ്റിന് മണിക്കൂറിൽ 74 മൈലുകൾ വരെ വേഗമുള്ളപ്പോൾ, കൊടുങ്കാറ്റുകൾക്ക് 39 മുതൽ 73 മൈൽ വരെ വേഗമുണ്ട്. നിലവിൽ ഇയാൻ 65 മൈൽ വേഗത്തിൽ(100 കിലോമീറ്റർ) സഞ്ചരിക്കുന്ന ഇയാൻ കേപ് കനാവറലിന്റെ 35 മൈൽ( 55 കിലോമീറ്റർ)തെക്ക്- പടിഞ്ഞാറാണ്.

25 ലക്ഷത്തോളം വീടുകളെയും വ്യാപാര സ്ഥാപനങ്ങളെും ചുഴലിക്കാറ്റ് ബാധിച്ചു. പലയിടത്തും വൈദ്യുതി മുടങ്ങി. ഇയാന്റെ പാതയിൽ വരുന്ന വീടുുകളിലും സ്ഥാപനങ്ങളിലും ഏതാനും ദിവസത്തേക്ക് വൈദ്യതി ഉണ്ടാവില്ലെന്ന് ഫ്‌ളോറിഡ പവർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ 67 കൗണ്ടികളിലും, ദുരന്ത പ്രഖ്യാപനം നടത്തണമെന്ന് ഫ്‌ളോറിഡ ആവശ്യപ്പെട്ടിട്ടുണ്ട്. ടംപായിൽ വരും മണിക്കൂറുകളിൽ കാറ്റഗറി അഞ്ചിലെത്തി ഇയാൻ ചുഴലിക്കാറ്റിന്റെ വേഗതകൂടാനും സാധ്യതയുണ്ട്. അതീവജാഗ്രത വേണമെന്ന് മേയർ ജെയ്ൻ കാസ്റ്റർ മുന്നറിയിപ്പ് നൽകി. ജനങ്ങൾ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറണമെന്നാണ് നിർദ്ദേശം. 20 ലക്ഷത്തോളം പേരെ മാറ്റി പാർപ്പിക്കാനാണ് തീരുമാനം. 24 മണിക്കൂറിനകം പ്രളയസമാന സാഹചര്യമുണ്ടായേക്കാമെന്നും മേയർ വ്യക്തമാക്കി.

അമേരിക്കയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് വീശിയടിച്ചത്. കാറ്റിനൊപ്പം കനത്ത മഴയും പ്രദേശത്തെ ദുരിതത്തിലാക്കി. റോഡുകളടക്കം വെള്ളത്തിലായി. 1.8 ദശലക്ഷം ആളുകളെയാണ് ഇത് ബാധിച്ചത്. ബോട്ടിൽ സഞ്ചരിക്കവെ 20 കുടിയേറ്റക്കാരെ കാണാതായതായി റിപ്പോർട്ടുണ്ട്. വൈദ്യുതി ബന്ധം തകരാറിലായി. വൈദ്യുതി ട്രാൻസ്‌ഫോർമറുകൾ പൊട്ടിത്തെറിക്കുകയും പ്രദേശമാകെ തീപ്പൊരി കൊണ്ടു മൂടുകയും ചെയ്തു. കാറ്റിൽ കാറുകൾ പറക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

ഫ്‌ളോറിഡയിലെത്തുന്നതിനു മുൻപ് ക്യൂബയിലാണ് ഇയാൻ നാശം വിതച്ചത്. ക്യൂബയിൽ രണ്ടു പേർ മരിക്കുകയും ചെയ്തു. താഴ്ന്ന പ്രദേശമായതു കൊണ്ടും, ജനസംഖ്യ കൂടുതലുള്ള തീപ്രദേശത്തെ ബാധിച്ചതുകൊണ്ടും ഫ്‌ളോറിഡയ്ക്ക് ഇയാൻ വലിയ വെല്ലുവിളി തന്നെ. കാലാവസ്ഥാ വ്യതിയാനം ലോകത്തെമ്പാടും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. പാക്കിസ്ഥാനിലെ വെള്ളപ്പൊക്കം, പോർച്ചുഗലിലും സ്‌പെയിനിലുമായി 2000 ലേറെ പേർ മരിച്ച യൂറോപ്യൻ ഉഷ്ണതരംഗം, യുഎസിന്റെ പശ്ചിമമേഖലയിലെ വരൾച്ച എന്നീ പ്രശ്‌നങ്ങൾ തുടർച്ചയായി ലോകത്തെ അലട്ടുന്നു.

ഇയാൻ ദുർബലമായെങ്കിലും, ശക്തമായ കാറ്റും, കനത്ത മഴയും, അകമ്പടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്‌ളോറിഡയ്ക്ക് പുറമേ, ജോർജിയ,. കരോളിനാസ് എന്നിവിടങ്ങളിലൂടെയും ഇയാൻ കടന്നുപോകുന്നുണ്ട്.