- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടുവട്ടം പള്ളിയിൽനിന്ന് പൂജാരിക്കുനേരെ കല്ലേറുണ്ടായപ്പോൾ സംഘർഷം പടരാതെ തടഞ്ഞത് ശ്രീധരൻ പിള്ളയെന്ന് സുപ്രഭാതം എഡിറ്റർ; എം കെ മുനീറുമായി അടിയന്തരമായി ബന്ധപ്പെട്ട് പ്രശ്നം ഒതുക്കിയത് സ്ഥിരീകരിച്ച് ഗോവൻ ഗവർണ്ണർ; കോഴിക്കോടിന്റെ സ്നേഹ-സൗഹൃദങ്ങൾ വിളിച്ചോതി ഒരു പുസ്തക പ്രകാശനം
കോഴിക്കോട്: കാലുഷ്യത്തിന്റെയും രാഷ്ട്രീയ വൈരത്തിന്റെയും പോർവിളികളുടെയും അന്തരീക്ഷമാണ് പൊതുവേ നാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം കണ്ടുവരുന്നത്. വിവിധ മത- രാഷ്ട്രീയ സംഘടനകളുടെ നേതാക്കൾ ഒരുമിച്ച് ഒരു വേദിയിൽ വരുന്നതുപോലും നമുക്ക് അപുർവ കാഴ്ചയായി മാറിയിരിക്കയാണ്. അവിടെയാണ് സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സഹിഷ്ണുതയുടെയും വേദിയായി ഒരു പുസ്തക പ്രകാശനം മാറുന്നത്.
കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ, ഇന്നലെ നടന്ന ഡോ .മുഹമ്മദ് അഷ്‌റഫിന്റെ 'ഖൽബിലെ ഖത്തർ' എന്ന ഫുട്ബോൾ ലോകകപ്പ് സംബന്ധിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങാണ് ശ്രദ്ധേയമായത്. ചടങ്ങിൽ അധ്യക്ഷത വഹിച്ച സുപ്രഭാതം പത്രത്തിന്റെ എഡിറ്ററും പ്രമുഖ മാധ്യമ പ്രവർത്തകനുമായ ടി പി ചെറൂപ്പയാണ്, ബിജെപി നേതാവും, ഗോവൻ ഗവർണ്ണറുമായ അഡ്വ പി എസ് ശ്രീധരൻപിള്ളയെക്കുറിച്ച് പത്രങ്ങളിൽ വന്നിട്ടില്ലാത്ത ഒരു കാര്യം വെളിപ്പെടുത്തിയത്. '' നമ്മൾ പലരെയും വിമർശിക്കുമ്പോൾ അത്രയൊക്കെ വേണോ എന്ന് എനിക്ക് പലപ്പോഴും എനിക്ക് തോന്നിയ കാര്യമാണ്. പത്രങ്ങളിലൊന്നും വന്നിട്ടില്ലാത്ത ഒരു കാര്യം പറയാം. വർഷങ്ങൾക്ക് മുമ്പ് മാറാടിനടുത്തെ നടുവട്ടം പള്ളിയിൽനിന്ന് ഒരു പൂജാരിയുടെ നേർക്ക് കല്ലുവന്നു പതിച്ചു. തലേന്ന് ഒരു പ്രസംഗം കേട്ടതിന്റെ ആവേശത്തിലായിരുന്നു ഒരാൾ അങ്ങനെ ചെയ്തത്. വിവരം അറിഞ്ഞ ഉടൻ തന്നെ 'നിങ്ങൾ വേണ്ടത് ചെയ്തോ' എന്ന് പറയുക അല്ല, ബിജെപി നേതാവായ ശ്രീധരൻ പിള്ള ചെയ്തത്. അദ്ദേഹം ഉടനെ തന്നെ എം കെ മുനീർ എവിടെയുണ്ടെന്ന് തപ്പി പുറപ്പെട്ടു. ഒരു പൊതുയോഗത്തിൽ പ്രസംഗിക്കായിരുന്ന മുനീറിനെ അടിയന്തര കുറിപ്പ് അയച്ച് പുറത്തേക്ക് വരുത്തി. പിന്നെ ഇരുവരും ചേർന്നാണ് ആരും അറിയാതെ ആ പ്രശ്നം പരിഹരിക്കുന്നത്.''- ടി പി ചെറൂപ്പ ചൂണ്ടിക്കാട്ടി.
മറുപടി പ്രസംഗത്തിൽ സംഭവം സ്ഥിരീകരിച്ച ഗോവൻ ഗവർണർ കൂടിയായ ശ്രീധരൻ പിള്ള, അന്ന് പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുത്ത കാര്യങ്ങളും അനുസ്മരിച്ചു. ' ഞാൻ ആദ്യം ചെയ്ത് ഒരു ദിവസത്തേക്ക് ഒരു സംഘർഷവും ഉണ്ടാവില്ല എന്ന് ഉറപ്പാക്കുകയാണ്. മാറാടിന്റെ അടുത്ത കിടക്കുന്ന പ്രദേശമാണ് നടുവട്ടം. പിന്നെ മുനീർ കൂടി എത്തിയതോടെ ആ പ്രശ്നം തീർക്കാൻ കഴിഞ്ഞു. ചില പ്രത്യേക ആളുകളുടെ ആവേശം കൊള്ളിക്കുന്ന പ്രസംഗത്തിന്റെ ഭാഗമായിരുന്നു ആ സംഭവം. പക്ഷേ അത് നമുക്ക് പറഞ്ഞ് തീർക്കാൻ ആയി''- ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി.
എന്നാൽ ആ സഹിഷണുത നമുക്ക് നിലനിർത്താൻ കഴിയുന്നുണ്ടോ എന്ന ചോദ്യവും ്അദ്ദേഹം ഉന്നയിച്ചു. 'ഇടുങ്ങിയ ചിന്തഗതിയിലേക്ക് സാക്ഷരകേരളത്തിലെ രാഷ്ട്രീയ പ്രവർത്തകർ പോലും പോകുന്നത് ഏറെ ഖേദകരമാണ്. ഈയിടെ ഒരു പ്രമുഖ നേതാവ് മരിച്ചപ്പോൾ, അദ്ദേഹവമായി അടിയന്തരാവസ്ഥക്കാലത്ത് ഒന്നിച്ച് പ്രവർത്തിച്ചകാര്യം അനുസ്മരിച്ചപ്പോൾ, എനിക്ക് നേരെ വൻ വിമർശനമാണ് ഉണ്ടായത്. ''- ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി.
കേരളത്തിനും കോഴിക്കോടിനും ഫുട്ബാളിൽ ഉണ്ടായിരുന്ന പെരുമ നഷ്ടപ്പെടുന്നത് ആശങ്കാജനകം ആണെന്നും അദ്ദേഹം പറഞ്ഞു. നാഗ്ജി അടക്കം എത്രയോ ഫുട്ബാൾ ടുർണമെന്റുകൾ ഉള്ള നാടായിരുന്നു കേരളം. എന്നാൽ ഗോവയിൽ ഇന്നും ശക്തമായ ഫുട്ബാൾ ക്ലബുകളും ടൂർണമെന്റുകളും ഉണ്ട്. നമുക്ക് എന്തുകൊണ്ട് പഴയ നിലയിലേക്ക് എത്താൻ കഴിയുന്നില്ല. പല കളിക്കാരെയും പരിചയപ്പെടുമ്പോൾ അവർ കേരളത്തിൽ വന്ന് കളിച്ച അനുഭവം പറയാറുണ്ട്. അതുപോലെ ഗോവയുടെ ടൂറിസത്തിനും അധികം പഴക്കമൊന്നുമില്ല. അതുപോലത്തെ ബീച്ചുകളും മറ്റും നമുക്കുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് കേരളം ടൂറിസത്തിൽ പിന്നോട്ട് അടിക്കുന്നുവെന്ന് പരിശോധിക്കപ്പെടണം. ഗോവൻ ഗവർണറായ താൻ കേരളത്ത വിമർശിക്കുകയല്ലെന്നും, സദുദ്ദേശത്തോടെയാണ് ഇത് പറയുന്നത് എന്നും ശ്രീധരൻ പിള്ള പറഞ്ഞു.
അതുപോലെ ഗോവയിലെ അഞ്ചൂറോളം വരുന്ന വില്ലേജുകളിലേക്ക് താൻ ഉടനെ ഒരു യാത്ര നടത്തുമെന്നും, അതേക്കുറിച്ച് പുസ്തകം പ്രതീക്ഷിക്കാമെന്നും ശ്രീധരൻപിള്ള പറഞ്ഞു. 'ഗോവയിലെ പൗരാണിക വൃക്ഷങ്ങളെക്കുറിച്ചുമെല്ലാം പഠിച്ച് വരികയാണ്. അതേല്ലാം എഴുതും. ഇരുനൂറോളം പുസ്തകങ്ങൾ എഴുതിക്കഴിഞ്ഞു. ഇനിയും എഴുതണമെന്നാണ് ആഗ്രഹം. ''- അദ്ദേഹം പറഞ്ഞു. ഗവർണർ എന്ന നിലയിലുള്ള പ്രോട്ടോക്കോളിന്റെ ചിട്ടകൾ തന്നെ വീർപ്പുമുട്ടിക്കുന്നുണ്ടെന്നും, എല്ലാ പ്രോട്ടോക്കോളിനും അപ്പുറത്താണ് മനുഷ്യസ്നേഹവും ബന്ധങ്ങളുമെന്നും ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി.
ഖത്തറിൽ നവംബർ 20ന് ആരംഭിക്കുന്ന ഇരുപത്തിരണ്ടാമതു ലോക കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ആധികാരിക വിവരങ്ങൾ അടങ്ങിയ പുസ്തകമാണ് ഡോ .മുഹമ്മദ് അഷ്‌റഫിന്റെ 'ഖൽബിലെ ഖത്തർ'' എന്ന പുസ്തകം. കോഴിക്കോട് ട്രെന്റ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം പ്രശസ്ത ഫുട്ബാളറും ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഉപദേശക സമിതി അംഗവുമായ വിക്ടർ മഞ്ഞിലയാണ് ഏറ്റുവാങ്ങിയത്. ട്രെൻഡ് ബുക്‌സ് ഡയറക്ടറും സുപ്രഭാതം ദിനപത്രം എഡിറ്ററുമായ ടി പി ചെറൂപ്പ അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകൻ പി പി അബുബക്കർ പുസ്തകം പരിചയപ്പെടുത്തി. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ ആശംസ നേർന്നു. മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ബാബുരാജ് സ്വാഗതം പറഞ്ഞു.
ഖത്തർ ലോക കപ്പിനെ കുറിച്ചുള്ള മുഹമ്മദ് അഷ്‌റഫിന്റെ മൂന്നാമതു പുസ്തകമാണിത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 ടീമുകളും അവരുടെ മികവും പരിചയപ്പെടുത്തുന്ന പുസ്തകത്തിൽ സമ്പൂർണ കളിവിവരങ്ങളും കളിക്കളങ്ങളുടെ വിശദാംശങ്ങളും ഉണ്ട്. പുസ്തകത്തിന്റെ വിൽപനയിൽ നിന്നു ഗ്രന്ഥകാരന് ലഭിക്കുന്ന വരുമാനം പൂർണമായും, അകാലത്തിൽ നിര്യാതനായ സ്പോർട്സ് ജേർണലിസ്റ്റ് യു എച് സിദ്ദിഖിന്റെ കുടുംബത്തിനു നൽകുന്നതാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ