കോതമംഗലം:അതി തീവ്ര മഴയിൽ റോഡിൽ കനത്ത വെള്ളപൊക്കം.ബസ്സുകളിലെത്തിയ രോഗികൾ ഉൾപ്പെടെ 20 ലേറെ യാത്രക്കാർ വഴിയിൽ കുടുങ്ങി. ഉറ്റവരെക്കുറിച്ചുള്ള ആശങ്കയുമായി വീട്ടുകാർ തള്ളിനീക്കിയത് മണിക്കൂറുകൾ.തുണയായത് മുൻ സൈനീകൻ കൂടിയായ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ നടന്ന ഇടപെടൽ. ഇന്നലെ ഉച്ച മുതൽ തുടങ്ങിയ മഴ വൈകിട്ടോടെ ശക്തി പ്രാപിച്ചതിനെ തുടർന്ന് ഉരുളൻതണ്ണി, പിണവൂർ കുടി, മാമലക്കണ്ടം റോഡുകൾ വെള്ളത്തിനടിയിലായി. ഇതോടെയാണ് ഈ മേഖലകൾ ഒറ്റപ്പെട്ടത്. കുട്ടമ്പുഴ - മാമലക്കണ്ടം റോഡിൽ പല സ്ഥലങ്ങളിലും വെള്ളം കയറി.

പന്തപ്ര - മാമലക്കണ്ടം റോഡിലുള്ള കൂട്ടിക്കുളം പാലം മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു. ഉരുളൻതണ്ണിയിൽ വെള്ളം കയറിയതിനെ തുടർന്ന് മാമലക്കണ്ടത്തിന് പോയ 3 ബസുകൾക്കും യാത്ര തുടരാൻ കഴിഞ്ഞില്ല. ഈ സമയം ഇതുവഴി എത്തിയ മുൻ സൈനീകനും കുട്ടംമ്പുഴ പഞ്ചായത്ത് അംഗവുമായ ജോഷി പൊട്ടയ്ക്കലും ഭാര്യയും യാത്രക്കാരുടെ ദുസ്ഥിതി മനസ്സിലാക്കി ആവശ്യമായ സഹായങ്ങൾ ഏർപ്പെടുത്താൻ മുന്നിട്ടിറങ്ങുകയായിരുന്നു.മേഖലയിൽ പൊതുപ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടുവരുന്ന ഫ്രണ്ട്സ് ക്ലെബ്ബിലെ അംഗങ്ങളുടെ ഇടപെടലും യാത്രക്കാർക്ക് ആശ്വാസമായി.

ഡയാലസീസ് ചെയ്ത് മടങ്ങിയ രോഗി ഉൾപ്പെടെ 20 -ലേറെപ്പേരാണ് യാത്രമധ്യേ വഴിയിൽക്കുടുങ്ങിയത്.യാത്രക്കാരിൽ കൂടുതലും വനവാസി സ്ത്രീകളായിരുന്നു.വൈകിട്ട് 5 മണിയോടുത്ത് എത്തിയവർ വരെ ഇവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. ഉൾ ഗ്രാമായതിനാൽ കയറിയിരിക്കുന്നതിനോ വിശ്രമിക്കുന്നതിനോ ഒരിടം ലഭിക്കാത്ത സ്ഥിതിയിലായിരുന്നു യാത്രക്കാർ.മൊബൈൽ റെയിഞ്ച് കുറവായിരുന്നതിനാൽ വഴിയിൽ കുടുങ്ങിയ വിവരം ഉറ്റവരെ അറയിക്കുന്നതിനും ഇവരിൽ പലർക്കും സാധിച്ചിരുന്നില്ല.വിശപ്പും ദാഹവും നേരിട്ടിരുന്നവരും ഇവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു

യാത്രക്കാർക്ക് 200 മീറ്ററോളം അകലെയുള്ള തന്റെ വീട്ടിൽ ജോഷി താമസ സൗകര്യം ഒരുക്കുകയായിരുന്നു.തുടർന്ന് ക്ലബ്ബ് അംഗങ്ങളുടെ സഹകരണത്തോടെ യാത്രക്കാർക്കായി വീട്ടിൽ ഭക്ഷണവും ഒരുക്കി.രാത്രി 11 മണിയോടെയാണ് ഇവർക്ക് വീടുകളിലേയ്ക്ക് മടങ്ങാൻ സാധിച്ചത്.റോഡിൽ വെള്ളം ഇറങ്ങിയപ്പോൾ മാമലക്കണ്ടത്തുനിന്നും ഇവരെ കൂട്ടാൻ വീട്ടുകാർ ജീപ്പുകളുമായി എത്തുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ജോഷി ആശുപത്രി ആവശ്യത്തിനായി ഭാര്യയോടൊപ്പം കോതമംഗലത്ത് എത്തിയിരുന്നു.തിരച്ചുള്ള യാത്രയിൽ വീടിനോട് അടുക്കാറായപ്പോൾ റോഡിൽ വെള്ളം ഉയർന്നിരുന്നു.

ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായതോടെ കാർ സുരക്ഷതി സ്ഥാനത്തേയ്ക്ക് മാറ്റി പാർക്കുചെയ്ത ശേഷം ഇതുവഴി എത്തിയ കെ എസ് ആർ ടി സി ബസ്സിൽ കയറി ഇരുവരും വീടിനടുത്തുള്ള ജംഗ്ഷനിൽ എത്തിയപ്പോഴാണ് യാത്രക്കാരുടെ ദുരിതം അറിയുന്നത്. സപീത്തെ ക്ലബ്ബ് ഓഫീസിൽ യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കാമെന്ന് അഭിപ്രായമുയർന്നെങ്കിലും സ്ത്രീകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് വീട്ടിൽ സൗകര്യം ഏർപ്പെടുത്താമെന്ന് ജോഷി വ്യക്തമാക്കുകയായിരുന്നു.

ചികിത്സ കഴിഞ്ഞും ജോലി കഴിഞ്ഞുമൊക്കെ മടങ്ങിയവരാണ് ബസിൽ ഉണ്ടായിരുന്നതെന്നും റോഡിന്റെ ദുരവസ്ഥയാണ് വഴിയിൽ കുടുങ്ങാൻ കാരണമെന്നും ഇത് പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും സംഭവം വിവരിച്ച് പുറത്തുവിട്ട വിഡിയോയിൽ മേട്നപ്പാറ ആദിവാസി കുടിയിലെ എസ് ടി പ്രൊമോട്ടറുമായ അമ്മു വിത്സൺ ആവശ്യപ്പെട്ടു.

ബസിന് പുറമെ ജീപ്പ് യാത്രികരും ഇരുചക്ര വാഹന യാത്രിക്കാരും മണിക്കൂറുകളോളം വനമേഖലയിൽ കുടുങ്ങി.മഴയുടെ ശക്തി കുറഞ്ഞ് വെള്ളം റോഡിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ഇവർക്ക് യാത്ര തുടരനായത്.