- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭാര്യ ഉപേക്ഷിച്ചു പോയി; മക്കളെ വളർത്താൻ നിവൃത്തിയില്ല; ഒന്നും രണ്ടും വയസ്സായ മക്കളുമായി പൊലീസ് സ്റ്റേഷനിൽ അച്ഛൻ; ഭക്ഷണവും വസ്ത്രവും നൽകി; അഭയ കേന്ദ്രമൊരുക്കി ഉദ്യോഗസ്ഥർ
പെരുമ്പാവൂർ: പറക്കു മുറ്റാത്ത രണ്ട് കുട്ടികളുമായാണ് ആ അച്ഛൻ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. മാനസിക രോഗിയെ പോലെ എന്തൊക്കെയോ പുലമ്പുന്നു...... ഒച്ചപ്പാട് ഉണ്ടാക്കുന്നു... എല്ലാം കണ്ട് ഒന്നും രണ്ടും വയസ്സായ ആ കുട്ടികൾ നിർത്താതെ കരഞ്ഞു.
ഭക്ഷണം കഴിക്കാത്തതിനാൽ അവർ ഏറെ ക്ഷീണിതരായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ അവർക്ക് ഭക്ഷണവും വെള്ളവും നൽകി. കരച്ചിൽ നിർത്താൻ പാട്ടുപാടി.... എടുത്തു കൊണ്ടു നടന്നു.... നിമിഷ നേരം കൊണ്ട് പൊലീസുദ്യോഗസ്ഥരുടെ പ്രിയപ്പെട്ടവരായ് മാറി കുരുന്നുകൾ.
കുട്ടികളുടെ അച്ഛനോട് കാര്യങ്ങൾ തിരക്കി. ഭാര്യ ഉപേക്ഷിച്ചു പോയി. മക്കളെ വളർത്താൻ നിവൃത്തിയില്ല. മരിക്കുമെന്നു വരെ അയാൾ പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ കോടനാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ഇയാൾ കുടുംബമായി താമസിച്ചിരുന്നതെന്ന് മനസിലാക്കി.
കോടനാട് പൊലീസ് അവിടെ ചെന്ന് അന്വേഷിച്ചപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് കുട്ടികളുടെ താൽക്കാലിക സംരക്ഷണം കോടനാട് പൊലീസിനായി. അവരുടെ അടുത്തുകൊഞ്ചലും, കളിയും ചിരിയുമായി കുറേ സമയം.
വസ്ത്രങ്ങളും , ബേബി ഫുഡും വാങ്ങി നൽകി. സ്റ്റേഷനകത്ത് കുരുന്നുകൾ പിച്ചവച്ചു ...തുടർന്ന് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് അച്ഛനെ കൂവപ്പടി അഭയ ഭവനിലും, കുരുന്നുകളെ പുല്ലുവഴി സ്‌നേഹ ജ്യോതി ബോയ്‌സ് ഹോമിലും താൽക്കാലികമായി താമസിപ്പിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥർക്ക് നിറഞ്ഞ ചിരിയും ടാറ്റയും ഉമ്മയും നൽകിയാണ് കുരുന്നുകൾ ബോയ്‌സ് ഹോമിലേക്ക് യാത്രയായത്.
മറുനാടന് മലയാളി ലേഖകന്.