തിരുവനന്തപുരം: കാക്കിയുടെ കരുത്തിൽ ജനങ്ങളുടെ മേൽ കുതിരകയറുന്ന പൊലീസിന് അതിശക്തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന് അവമതിപ്പുണ്ടാക്കുന്നവർ സേനയിൽ ഉണ്ടാവില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥർക്കടക്കം ഇത് ബാധകമാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പൊലീസിന്റെ സദ്ഗുണങ്ങൾ ഉയർത്തിപ്പിടിക്കാത്തവർ പൊലീസ് സേനയുടെ ഭാഗമാകില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും തെറ്റ് ചെയ്യുന്ന ഒരാളെയും സംരക്ഷിക്കില്ലെന്നും തെറ്റുചെയ്തവർ സേനയിൽ തുടരുന്നത് പൊലീസിന്റെ യശസ്സിനെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിന്റെ അതിക്രമങ്ങളുണ്ടാവുമ്പോൾ ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞ് ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രി ഇതുവരെ ചെയ്തിരുന്നത്. എന്നാൽ തലസ്ഥാനത്ത് ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിനു താഴെ മ്യൂസിയം പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ വനിതാ ഡോക്ടർ പ്രഭാത സവാരിക്കിടെ ലൈംഗികമായി ആക്രമിക്കപ്പെടുകയും പാറശാലയിൽ കാമുകനെ വിഷം കൊടുത്തു കൊന്ന കേസിൽ യുവതിയെ സംരക്ഷിക്കുകയും ചെയ്ത സംഭവം പൊലീസിന് നാണക്കേടായതോടെയാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയത്. ഒറ്റപ്പെട്ട സംഭവമാണെങ്കിൽ പോലും പൊലീസിന് അവമതിപ്പുണ്ടാക്കുന്നവർ സേനയുടെ ഭാഗമായി നിൽക്കേണ്ടതുണ്ടോയെന്നത് ഗൗരവമായ വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് സേനയാകെ യശസ്സ് നേടിയ ഘട്ടത്തിലും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ശരിയല്ലാത്ത ചെയ്തികൾ സേനയ്ക്കാകെ അപമാനമുണ്ടാക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും സമൂഹം അവയെ ഗൗരമായി ശ്രദ്ധിക്കുന്നു. പൊലീസന്റെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ലാത്തതെന്ന് നാടും ജനങ്ങളും കരുതുന്ന കാര്യങ്ങൾ ഉണ്ടായാൽ സ്വാഭാവികമായി അതിനെതിരെ വിമർശനമുയരും. ആ വിമർശനത്തിൽ അസ്വസ്ഥത കാട്ടരുത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകണം. ചിലർ സേനയുടെ ഭാഗമായാണ് ഇത് ചെയ്യുന്നത്. യഥാർത്ഥത്തിൽ സേന അത്തരമൊരു ചെയ്തി അംഗീകരിക്കുന്നില്ല. ജനങ്ങൾ പൊലീസുമായി സഹകരിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നിലപാടുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്.

ആരുടേയും കഞ്ഞികുടി മുട്ടിക്കുന്നതല്ല സർക്കാർ രീതി. സേനയ്ക്ക് ചേരാത്ത രീതിയിലുള്ള തെറ്റുണ്ടായാൽ അതിനോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമുണ്ടാകില്ല. മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് ഇത് ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളാ പൊലീസിന്റെ രൂപീകരണ ദിനാഘോഷത്തോടനുബന്ധിച്ച് മികച്ച പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മെഡൽ വിതരണവും സോഷ്യൽ പൊലീസ് ഡയറക്ടറേറ്റിന്റെ മന്ദിരോദ്ഘാടനവും നിർവഹിക്കവേയാണ് മുഖമന്ത്രിയുടെ ഈ മുന്നറിയിപ്പ്.

പൊലീസ് ആസ്ഥാനത്തെത്തി പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് മാറാത്തതിനെത്തുടർന്നാണ് പിരിച്ചുവിടൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ജനങ്ങളോടുള്ള പെരുമാറ്റം മാന്യമായിരിക്കണം. ജനങ്ങൾ സർക്കാരിനെ വിലയിരുത്തുന്നത് പൊലീസിന്റെ പെരുമാറ്റം കൂടി വിലയിരുത്തിയാണ്. ജനസൗഹൃദ പൊലീസാണ് കേരളത്തിന് വേണ്ടത്. പൊലീസുദ്യോഗസ്ഥർ ചങ്ങാത്തമുണ്ടാക്കുന്നത് നല്ലകാര്യങ്ങൾ ചെയ്യുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥർക്കും ചീത്തപ്പേരുണ്ടാക്കുന്നതാണ്. ഇത് അനുവദിക്കില്ല. കേസുകളിൽ അന്വേഷണം പക്ഷപാത രഹിതമായിരിക്കണം.

മുതിർന്ന പൗരന്മാർ എന്നിവരുടെ പരാതികളിൽ ഉടനടി നടപടിയുണ്ടാവണം. ലോക്കപ്പിലെ മൂന്നാംമുറ ഒരു കാരണവശാലും അംഗീകരിക്കില്ല തുടങ്ങിയ തന്റെ നിർദ്ദേശങ്ങളെല്ലാം പൊലീസ് ലംഘിക്കുന്നതിനാലാണ് മുഖ്യമന്ത്രി കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.