മറയൂർ: അന്തർ സംസ്ഥാന പാതയിൽ റോഡിന് ഏറ്റവും വീതികുറഞ്ഞ ഭാഗത്ത് വച്ചാണ് ഒറ്റയാൻ വിനോദ സഞ്ചാരിയായ അക്‌ബർ അലിയെ കൊലപ്പെടുത്തിയത്. തമിഴ്‌നാട് സ്വദേശി അക്‌ബർ അലി കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുൻപ് ബാബുനാഗർ സ്വദേശി സൻജയ് (21) കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. ആക്രമിക്കാനെത്തിയ കാട്ടനയുടെ മുൻപിൽ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണ് പരിക്കേറ്റ് കൈയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണ് . ഇതേ ദിവസം തന്നെ പയസ്സ് നഗർ സ്വദേശി സഞ്ചരിച്ച കാറിന് നേരെ ആക്രമണം ഉണ്ടായി. ഇവരുടെ വാഹനത്തെ കാട്ടാന പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സെക്കന്റുകളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്.

ചിന്നാർ വന്യജിവി സങ്കേതത്തിനുള്ളിലെ ജല്ലിമല ഭാഗത്ത് സമീപ ദിവസങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തി നിൽക്കുന്ന ഒന്നരക്കൊമ്പൻ എന്നപേരിൽ നാട്ടുകാർ വിളിക്കുന്ന ഒറ്റയാന്റെ ആക്രമണത്തിൽ നിന്നും അടുത്തിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് നാലുപേർ. ചിന്നാറിലെ ജല്ലിമല പ്രദേശത്തെ ഒരു കിലോമീറ്റർ ഭാഗത്ത് കാട്ടാന റോഡിലേക്ക് ഇറങ്ങിയാൽ ഒരുവശത്ത് അഗാധ ഗർത്തവും എതിർവശത്ത് കാട്ടാനയ്ക്ക് കയറിപ്പോകാൻ കഴിയാത്ത തരത്തിലുള്ള കൂറ്റൻ പാറക്കെട്ടുമാണ്.

തമിഴ്‌നാട് കല്ലാപുരം സ്വദേശികളായ ബൈക്ക് യാത്രക്കാർക്ക് നേരെയും ആക്രമണം ഉണ്ടാകുകയും ബൈക്കിൽ നിന്ന് വീണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. ആറുവർഷത്തിനിടെ നാലുപേരെയാണ് ഒന്നരക്കൊമ്പൻ കൊന്നു കലി തീർത്തത്. വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്താൻ ആന തുനിയാറില്ല. എന്നാൽ മനുഷ്യരെ മുന്നിൽ കിട്ടിയാൽ രക്ഷപ്പെടാൻ ഒരു അവസരം നൽകാതെ കൊലപ്പെടുത്തുന്നതുമാണ് ഒന്നരകൊമ്പന്റെ രീതി.

മറയൂർ മതാളിപാറ തോട്ടത്തിന്റെ കാവൽക്കരൻ സെബാസ്റ്റ്യൻ, ഇന്ദിരാഗാന്ധി പുനരധിവാസ കോളനിയിലെ രജനികുമാറിനെ വീട്ടുമുറ്റത്ത് വച്ചും, മറയൂർ പെട്രോൾ പമ്പിന് സമീപത്ത് വച്ച് വഴിയോര കച്ചവടക്കാരനായ ഹബീബുള്ള, ഇപ്പോൾ തമിഴ്‌നാട് സ്വദേശി അക്‌ബ്ബർ അലി എന്നിവരെയാണ് ഒറ്റയാൻ കൊലപ്പെടുത്തിയത്. കിലോമീറ്ററുകൾ സഞ്ചരിച്ച് ജനവാസ കേന്ദ്രങ്ങൾക്ക് സമീപം ചുറ്റിത്തിരിയുന്ന ഒറ്റയാൻ വനാതിർത്തിയിലുള്ളവരുടെ പേടിസ്വപ്നമാണ്.

വിനോദ സഞ്ചാരിയെ കൊലപ്പെടുത്തി ഒറ്റയാൻ വഴിമാറാതെ വന്നതോടെ ഇരുവശങ്ങളിൽ നിന്നും നൂറോളം വാഹനങ്ങളാണ് കുരുക്കിൽപ്പെട്ട് കിടന്നത്. കെ എസ് ആർ ടി സി ബസ് തമിഴ്‌നാട്ടിൽ നിന്നും മെറ്റൽ കയറ്റാനെത്തിയ ഭാരത് ബെൻസ് പോലുള്ള വലിയ വഹനങ്ങളും കടന്നു പോകാൻ കഴിയാതെ നിന്നു. കൊലപ്പെടുത്തിയ ശേഷം കാട്ടാന റോഡിൽ നിന്നും മാറാൻ കൂട്ടാക്കാതെ നിലയുറപ്പിച്ചതും പ്രതിസന്ധി സൃഷ്ടിച്ചു.

വാഹനങ്ങളും കാട്ടാനയ്ക്കും വാഹനത്തിനും കടന്നു പോകാൻ കഴിയത്ത സാഹചര്യം ഉണ്ടായതോടെ ഏതു നിമിഷവും കാട്ടാനയുടെ ആക്രമണം വാഹനങ്ങൾക്ക് നേരെ ഉണ്ടാകുമെന്ന ഭയത്തിലായിരുന്നു എല്ലാവരും കൊടും വളവുകൾ ഉള്ളതിനാൽ വാഹനങ്ങൾക്ക് റിവേഴ്‌സിലോ തിരികയോ പോകാൻ സാധിച്ചില്ല, പൊലീസിനോ വനം വകുപ്പിനോ പടക്കം പൊട്ടിച്ച് കാട്ടാനയെ നീക്കാൻ കഴിയത്ത സാഹചര്യവും ആയിരുന്നു.

മറയൂർ പൊലീസ് ഇൻസ്‌പെക്ടർ പി ടി ബിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി വാഹനങ്ങൾ കടന്നു പോകുന്നതിന് അവസരം ഒരുക്കി രണ്ട് മണിക്കൂർ സമയമെടുത്താണ് ഗതാഗത കുരുക്ക് നീക്കിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ മടങ്ങിയ ശേഷം പിന്നീട് വരുന്ന യാത്രക്കാർക്ക് സുരക്ഷിതമാക്കാൻ നിന്ന പൊലീസ് വാഹനത്തിന് നേരെ എത്തിയ ഒറ്റയാൻ 12.45 മുതൽ 1 മണിവരെ പൊലീസ് വാഹനം കടന്നു പോകാൻ അനൂവദിക്കാതെ ഒരു കിലോമീറ്റർ ദൂരം റിവേഴ്‌സ് പോകേണ്ടിവന്നു.

ഇതിനിടെ സ്ത്രീകളും കുട്ടികളുമായി എത്തിയ നിരവധി വാഹനങ്ങൾ പൊലീസ് തിരികെ അയച്ചത് അപകടങ്ങൾ ഒഴിവായി. പിന്നീട് ടിപ്പർ പോലുള്ള് വാഹനം എത്തിയപ്പോൾ ആന അരുകിലേക്ക് മാറ്റിയ ശേഷമാണ് പൊലീസ് വാഹനം കടന്നു പൊയത്. ചെറിയ വാഹനങ്ങൾ ചെക്ക് പോസ്റ്റുവഴി കടത്തിവിടരുതെന്ന് പൊലീസ് നിർദ്ദേശിച്ചു. മറയൂർ ഇൻസ്‌പെക്റ്റർ ഓഫ് പൊലീസ് പി ടി ബിജോയ്, സിവിൽ പൊലീസ് ഓഫീസർ അർജ്ജുൻ ഗോപി, സജുസൺ, എന്നിവരുടെ നേതൃത്വലുള്ള പൊലീസ് സംഘമാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

ചിന്നാർ ജല്ലിമലയിൽ ഒറ്റയാൻ റോഡിലിറങ്ങി പതിവായി ഗതാഗതം തടസ്സപ്പെടുത്തുന്നതും വിനോദ സഞ്ചാരി മരണപ്പെട്ടതുമായ സാഹചര്യത്തിൽ കാട്ടാനക്ക് കടന്നു പോകുന്നതിനുള്ള ആനത്താരി ഒരുക്കും. മഴ സമയത്ത് ഇരുവശങ്ങളിലും വളർന്നു നിൽക്കുന്ന പുല്ല് തിന്നുന്നതിനാണ് കാട്ടാന ഈ ഭാഗത്തേക്ക് ഇറങ്ങുന്നത്. മരിച്ച വിനോദ സഞ്ചാരിയുടെ കുടുംബത്തിന് നടപടികൾ പൂർത്തിയാക്കി സംസ്ഥാന സർക്കാർ ഉത്തരവിലൂടെ അനുവദിച്ചിട്ടുള്ള 10 ലക്ഷം രൂപ കൈമാറും.