മലപ്പുറം: പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുന്നിൽ ചാടി യുവാവിന്റെ പരാക്രമം. ജൂബിലി ജംഗ്ഷനിലാണ് സംഭവം. ഓടുന്ന ബസിന് നേരെ പാഞ്ഞുചെന്ന് ഫുട്ബാൾ സ്റ്റൈലിൽ മുന്നോട്ടു ചാടി ഹെഡ്ഡറിലൂടെ മുന്നിലെ ഗ്ളാസ് തകർത്താണ് യുവാവിന്റെ പരാക്രമം ഉണ്ടായത്.

അങ്ങാടിപ്പുറം ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിനു മുന്നിലാണ് യുവാവ് ചാടിയത്. ബസിനു നേർക്ക് ഓടിയെത്തിയ യുവാവ് സിനിമാ സ്റ്റൈലിൽ ചില്ല് തകർത്ത് ചാടിക്കയറുകയായിരുന്നു. തുടർന്ന് യുവാവ് റോഡിലേക്ക് വീണു.

ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ബസിനു നേരെയുള്ള യുവാവിന്റെ പരാക്രമ ദൃശ്യങ്ങൾ പുറത്തുവന്നു. ബസിനു നേർക്ക് ഓടിവരുന്ന യുവാവ് മുൻവശത്തെ ചില്ല് തകർത്ത് ചാടിക്കയറാൻ ശ്രമിക്കുന്നതും തുടർന്ന് റോഡിലേക്കു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് യുവാവ് ബസിന്റെ ഡ്രൈവർ സീറ്റിലേക്ക് കയറി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ബസ് പതുക്കെയായിരുന്നതിനാൽ യുവാവിന് വലിയ പരിക്കേറ്റില്ല. തുടർന്ന് ബസിൽ ഡ്രൈവർ സീറ്റിൽ കയറിയ യുവാവ് താൻ നെയ്മറാണെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നാലേ പോവൂ എന്നെല്ലാം വിളിച്ചുപറയുകയുമായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് തലയ്ക്ക് പരിക്കേറ്റ യുവാവിനെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്ങാടിപ്പുറം പോളിക്വാർട്ടേഴ്സിന് സമീപത്ത് താമസിക്കുന്ന യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടോ എന്നതടക്കം അന്വേഷിച്ചു വരുന്നതായി പെരിന്തൽമണ്ണ പൊലീസ് പറഞ്ഞു.