ഇസ്താംബുൾ: തുർക്കിയിലെ പ്രധാന നഗരമായ ഇസ്താംബുളിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 53 പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. ഈസ്താംബൂളിലെ ടാക്സിം സ്‌ക്വയറിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ആളുകൾ നടന്നുപോകുന്ന തിരക്കേറിയ പാതയിലാണ് സ്‌ഫോടനമുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് സ്‌ഫോടനം.

വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന, റസ്റ്ററന്റുകളും കടകളും നിറഞ്ഞ ഇസ്തിൽകൽ ഷോപ്പിങ് സ്ട്രീറ്റിലാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനമുണ്ടായതോടെ ആളുകൾ ഭയന്ന് ഓടുകയായിരുന്നു. സ്‌ഫോടനമുണ്ടാകാൻ കാരണം എന്താണെന്ന് വ്യക്തമല്ല. അതേ സമയം, ചാവേറാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നു. കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരിക്കുകയാണ്.

ഇസ്താംബൂളിലെ തസ്‌കീൻ കച്ചവട തെരുവിലാണ് സ്ഫോടനമുണ്ടായത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.



സംഭവത്തിൽ തുർക്കി അധികൃതർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സ്ഫോടനം നടന്ന പ്രദേശത്തെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്. ചരിത്രപ്രധാന്യമുള്ള ടാക്സിം സ്‌ക്വയർ തിരക്കേറിയ നഗരപ്രദേശമാണ്

നാലു പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രണ്ട് പേർ ആശുപത്രിയിലാണ് മരിച്ചത്. സ്‌ഫോടനമുണ്ടായതോടെ കടകൾ അടച്ചൂപൂട്ടുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ബോംബാക്രമണത്തെക്കുറിച്ച് യാതൊരു സൂചനയും അധികൃതർക്കുണ്ടായിരുന്നില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനാൽ സംഭവം രാജ്യത്തെ ഞെട്ടിച്ചു. സ്ഥലത്തു നിരവധി ക്യാമറകളുണ്ടെന്നും എങ്ങനെയാണു സ്‌ഫോടനമുണ്ടായതെന്നും ഉടൻ തന്നെ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരിട്ടുണ്ട്.



ഹീനമായ ആക്രമണമാണ് നടന്നതെന്ന് തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിക്ക് ഇന്തൊനീഷ്യയിലേക്ക് പുറപ്പെടുന്നതിന് മുൻപാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.