- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിപീഡകനായ 77 കാരൻ പേരും താമസസ്ഥലവും മാറ്റി വീണ്ടും പീഡനം തുടരുന്നു; മൂന്ന് മക്കളേയും പീഡിപ്പിച്ചെന്നറിഞ്ഞ അമ്മ ഫ്ളാറ്റിൽ ചെന്ന് കുത്തിക്കൊന്നു; കൊലപാതകം ഒഴിവാക്കി കുറച്ചുകാലം മാത്രം ജയിലിലടച്ച് കോടതി
ലണ്ടൻ: ഇരുപത്തിനാലിലധികം ബാല പീഡനങ്ങളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തി, സ്വന്തം പേരും വിലാസവും മറച്ചുവെച്ച് വീണ്ടും ബാല പീഡനം തുടരുകയായിരുന്നു. സഹോദരന്മാരായ മൂന്ന് ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ ആ ക്രൂരനെ അവസാനം അവരുടെ അമ്മ കുത്തിക്കൊല്ലുകയായിരുന്നു. 2014-ൽ കിഴക്കൻ ഇംഗ്ലണ്ടിലായിരുന്നു സംഭവം നടന്നത്.
മൈക്കൽ പ്ലെസ്റ്റെഡ് എന്ന 77 കാരനായിരുന്നു കോപിഷ്ഠയായ അമ്മയുടെ കത്തിക്ക് ഇരയായത്. സാറാ സാൻഡ്സ് എന്ന സ്ത്രീ രണ്ട് കുപ്പി വൈൻ കുടിച്ചതിനു ശേഷമായിരുന്നു തൊട്ടടുത്ത ബ്ലോക്കിലുള്ള അയാളുടെ ഫ്ളാറ്റിലെത്തി അയാളെ കുത്തി മലർത്തിയത്. എട്ടു തവണയായിരുന്നു അവർ അയാളെ കുത്തിയത്. ഇപ്പോൾ 18 വയസ്സു പിന്നിട്ട് കഴിഞ്ഞ ഈ മൂന്ന് സഹോദരന്മാരും, നിയമം തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്വകാര്യത ഉപേക്ഷിച്ച് നാലു വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തെത്തിയ അമ്മക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്.
ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുവാൻ അവർക്ക് പേരിൽ മാറ്റം വരുത്താനുള്ള അനുമതി നൽകണമെന്ന ആവശ്യവുമായി പ്രചാരണം നടത്തുകയാണ് ആ ധീരയായ മാതാവ് പ്ലസ്റ്റഡിനെ തന്റെ അമ്മ കുത്തിക്കൊന്നു എന്നറിഞ്ഞ നിമിഷം താൻ അമ്മയെ മനസ്സാ ആരാധിച്ചു എന്നായിരുന്നു മൂന്ന് മക്കളിൽ ഒരാളായ ബ്രാഡ്ലി പറഞ്ഞത്. അയാൾ കൊല്ലപ്പെട്ടതിനു ശേഷം തങ്ങൾക്ക് ഏറെ സുരക്ഷിതത്വ ബോധം തോന്നിയിരുന്നു എന്ന് ബ്രാഡിലിയുടെ ഇരട്ട സഹോദരങ്ങൾ പറയുന്നു.
''കില്ലിങ് മൈ ചിൽഡ്രൻസ് അബ്യുസർ'' എന്ന അത്യപൂർവ്വമായ ഒരു ഡോക്യൂമെന്ററിയിലൂടെ ബി ബി സിയാണ് തികച്ചും അസാധാരണമായ ഈ സംഭവകഥ പുറത്തു കൊണ്ടുവന്നത്. ഇരുപത്തിനാലിലധികം ബാല പീഡനങ്ങളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും അയാൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഇതായിരുന്നു, പേരും വിലാസവും മാറ്റി വേഷ പ്രച്ഛന്നനായി തന്റെ പീഡന പരമ്പരകളുമായി മുൻപോട്ട് പോകാൻ അയാളെ സഹായിച്ചത്.
കൊലപാതക കുറ്റത്തിന് താൻ പിടിക്കപ്പെടുമെന്നും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അറിയാമായിരുന്നു എന്ന് പറഞ്ഞ ആ അമ്മ, പക്ഷെ തന്റെ മക്കളോട് അയാൾ ചെയ്ത ക്രൂരത പൊറുക്കാൻ ആയില്ലെന്നും പറഞ്ഞു. അയാൾ എന്റെ ജീവിതം നശിപ്പിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും മൂല്യമായതെല്ലാം എന്നിൽ നിന്നും എടുത്തു കളഞ്ഞു. അന്ന് അയാളെ കൊന്നില്ലായിരുന്നെങ്കിൽ, ഒരു ദിവസം തന്റെ കുട്ടികൾ നിത്യമയക്കത്തിൽ ആഴുന്നത് താൻ കാണേണ്ടി വരുമായിരുന്നു എന്നും അവർ പറയുന്നു.
നിയമത്തിലെ ഒരു പഴുത് ഉപയോഗിച്ച് ലൈംഗിക കുറ്റങ്ങൾ ചാർത്തപ്പെട്ടവർക്ക് ഡീഡ് പോൾ വഴി പേരും മറ്റും മാറ്റുവാൻ കഴിയും. മാത്രമല്ല, പുതിയ ഡ്രൈവിങ് ലൈസൻസും പാസ്സ്പോർട്ടും കരസ്ഥമാക്കാനും കഴിയും. ഈ സംവിധാനം ഉപയോഗിച്ചായിരുന്നു പ്ലസ്റ്റഡ് തന്റെ ക്രൂരത തുടർന്നുകൊണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ ആ കൊലപാതകം നടത്തിയതിൽ ഇടക്കൊക്കെ പശ്ചാത്താപം തോന്നാറുണ്ടെന്നും അവർ പറഞ്ഞു. ഈ ഭൂമിയിലേക്ക് പുതുജീവൻ കൊണ്ടു വരാൻ കാരണക്കാരിയായ ഒരു അമ്മ ജീവൻ എടുക്കുന്ന പ്രവർത്തി ചെയ്തു എന്നത് ഒരിക്കലും ഉൾക്കൊള്ളാൻ ആയിട്ടില്ല എന്നും അവർ പറയുന്നു.
കൊലപാതക കുറ്റത്തിൽ നിന്നും ഒഴിവാക്കപ്പെട്ട അവർക്ക് കുറച്ചു കാലത്തെ ശിക്ഷ മാത്രമെ അനുഭവിക്കേണ്ടതായി വന്നുള്ളു. മറ്റേതൊരു അമ്മയും ചെയ്യുന്നതേ താനും ചെയ്തിട്ടുള്ളു എന്നായിരുന്നു അന്ന് അവർ പറഞ്ഞത്. സാറ എന്ന ഈ അമ്മ ജയിലിൽ ആയിരുന്ന സമയത്ത് അവരുടെ അഞ്ചു മക്കളും വളർന്നത് മുത്തശ്ശിക്കൊപ്പമായിരുന്നു. തങ്ങളുടെ ഓരോ കാര്യത്തിനും മുത്തശ്ശി ജയിലിലേക്ക് ഫോൺ വിളിച്ച് അമ്മയുടെ സമ്മതം വാങ്ങുമായിരുന്നു എന്ന് മകൻ ബ്രാഡ്ലി പറയുന്നു.
മറുനാടന് ഡെസ്ക്