- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരു വശങ്ങളിലായി മക്കളുടെ കൈപിടിച്ച് വില്യമും കെയ്റ്റും; പുഞ്ചിരിയോടെ സുന്ദരീസുന്ദരന്മാരായി മൂന്ന് മക്കളും; ഹാരിയും മേഗനും അഴിച്ചു വിട്ട ഭൂതത്തിനെ മെരുക്കാൻ ഒരു ക്രിസ്ത്മസ് ചിത്രം പുറത്തുവിട്ട് കൊട്ടാരം; ബ്രിട്ടണിലെ രാജകുടുംബം വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
ലണ്ടൻ: തികഞ്ഞ ആത്മവിശ്വാസത്തോടെ ഭാവിയിലേക്ക് നടന്നു കയറുന്ന കുടുംബം. പ്രത്യാശയുടെ ക്രിസ്ത്മസിന് ആശംസകൾ അറിയിക്കുവാൻ ഇതിലും നല്ലൊരു ചിത്രം കിട്ടില്ലെന്ന് തന്നെ പറയാം. ഒരു പക്ഷെ മാസങ്ങൾക്ക് മുൻപ് തന്നെ അവർ ഈ ചിത്രം കാർഡിനായി തിരഞ്ഞെടുത്തിരിക്കാം. എന്നാൽ വർത്തമാനകാല സാഹചര്യത്തിൽ, പ്രത്യേകിച്ചും നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിയിലൂടെ സഹോദരൻ ഹാരിയും പത്നി മേഗനും ആരോപണശരങ്ങളുമായി എത്തുമ്പോൾ ഇതിന് പ്രസക്തിയേറുകയാണ്.
ഹാരിയുടെ വെടിക്കെട്ട് ചീറ്റിപ്പോയി എന്നു തന്നെ വിളിച്ചു പറയുന്നു ഈ ആശംസാ കാർഡ്. എന്തും അവഗണിച്ച് സ്വന്തം കടമ നിർവ്വഹിച്ച് മുൻപോട്ട് പോകുമെന്ന വില്യമിന്റെ വാക്കുകളുടെ പ്രതിഫലനമായി ഈ കാർഡ്. വിവാദമായ നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിയുടെ അടുത്ത ഭാഗം നാളെ പുറത്തു വിടാൻ ഇരിക്കവേയാണ് ഈ ചിത്രം ഇന്നലെ പുറത്തു വന്നത് എന്നതും ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. തങ്ങൾ ലണ്ടനിൽ തുടർന്നിരുന്നെങ്കിൽ, രാജകുടുംബത്തിലെ ചുമതലകൾ നിർവഹിക്കുന്ന തിരക്കിൽ ഒരുപക്ഷെ കുട്ടികളെ ശ്രദ്ധിക്കാൻ പോലും ആകുമായിരുന്നില്ല എന്ന ഹാരിയുടെയും മേഗന്റെയും ആരോപണങ്ങള്ക്കുള്ള മറുപടി കൂടിയായാണ് നിരീക്ഷകർ ഈ ചിത്രത്തെ വിലയിരുത്തുന്നത്.
ഈ വർഷം ആദ്യം നോർഫോക്കിലെ സാൻഡ്രിഗാം എസ്റ്റേറ്റിൽ വെച്ച് എടുത്ത ചിത്രമാണ് ഇപ്പോൾ കൊട്ടാരം പുറത്തുവിട്ടിരിക്കുന്നത്. വില്യമിന്റെ വിശ്വസ്ത ഫോട്ടോഗ്രാഫറായ മാറ്റ് പോർട്ടിയസ് തന്നെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതും. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, വില്യമും മേഗനുമായി ബന്ധപ്പെട്ട ചാരിറ്റികൾ മറ്റു സംഘടനകൾ എന്നിവയ്ക്ക് ഉൾപ്പടെ അയച്ചിരിക്കുന്ന നൂറുകണക്കിന് ക്രിസ്ത്മസ് കാർഡുകളുടെ മുൻഭാഗത്ത് ഈ ചിത്രമാണുള്ളത്. ഇതു കൂടാതെ എല്ലാവർഷവും കുടുംബത്തിന്റെ ചിത്രങ്ങൾ പുറത്തിറക്കാറുള്ളത് ജോർജ്ജ് രാജകുമാരൻ, ഷാർലെറ്റ് രാജകുമാരി, ലൂയിസ് രാജകുമാരൻ എന്നിവരുടെ ജന്മദിനങ്ങൾക്ക് മാത്രമാണ്.
അതുകൂടാതെ ഈ വർഷം മാത്രം പ്രത്യേകമായി ചിത്രങ്ങൾ പുറത്തു വിട്ടത് വില്യമിന്റെ മൂന്ന് മക്കളും ഒരുമിച്ച് ബെർക്ക്ഷയറിലെ സ്കൂളിൽ പഠനം തുടങ്ങിയപ്പോഴായിരുന്നു. അതൊഴിച്ചാൽ ഔദ്യോഗികമായി കുടുംബ ചിത്രങ്ങൾ ഒന്നും തന്നെ പുറത്തു വിടാറില്ല. ജീൻസും ഷർട്ടും ധരിച്ച്, മകൻ ജോർജ്ജിന്റെ കൈകളിൽ പിടിച്ച്, വേനലാസ്വദിച്ച് നടക്കാൻ ഇറങ്ങിയ ചിത്രമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ജോർജ്ജിന്റെ കൈകളിൽ പിടിച്ച് നടക്കുകയാണ് വില്യം. മറുഭാഗത്ത് ലൂയിസിന്റെ കൈയിൽ പിടിച്ച് കെയ്റ്റുമുണ്ട്. ഇരുവർക്കും ഇടയിലായി പുഞ്ചിരിതൂകി ഷാർലറ്റ് രാജകുമാരിയും.
തന്റെ കുട്ടിക്കുറുമ്പ് കലർന്ന പ്രവർത്തനങ്ങളിലൂടെ എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിൽ ആഘോഷ ചടങ്ങുകളിൽ താരമായ കൊച്ചു ലൂയിസിന്റെ മുഖത്ത് സ്വതസിദ്ധമായ ആ കുസൃതിച്ചിരിയുണ്ട്. തങ്ങളുടെ കുടുംബത്തിന്റെ പുതിയ ചിത്രം ആരാധകരുമായി പങ്കുവയ്ക്കാൻ വെയിൽസ് രാജകുമാരനും രാജകുമാരിയും ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് ഇന്നലെ കെൻസിങ്ടൺകൊട്ടാരം ഈ ചിത്രം പുറത്തു വിട്ടത്.
അതിനിടയിൽ, രാജാവായി അധികാരമെറ്റെടുത്തതിനു ശേഷമുള്ള ആദ്യ ക്രിസ്ത്മസ് കാർഡ് ചാൾസ് മൂന്നാമൻ രാജാവും പുറത്തിറക്കി. രാജാവും രാജപത്നിയും കൂടിയുള്ള ഒരു ചിത്രമാണിത്. അവാർഡ് ജേതാവായ ഫോട്ടോഗ്രാഫർ സാം ഹുസൈൻ എടുത്ത ചിത്രമാണിത്.
മറുനാടന് മലയാളി ബ്യൂറോ