- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി എന്നാൽ ചക്കയോ മാങ്ങയോ ആണെന്നാണ് രവിചന്ദ്രൻ വിചാരിച്ചിരിക്കുന്നതെന്ന് ബിന്ദു അമ്മിണി; ശബരിമലയിൽ ആചാരഘംഘനം നടത്തിയവർ പറയുന്നത് ആദിവാസികളെ കാട്ടിൽ അങ്ങനെ തന്നെ നിലനിർത്തണമെന്നാണോ എന്ന് മറുപടി; ശബരിമല നവോത്ഥാന നായികക്ക് സ്വതന്ത്ര ചിന്തകരുടെ പൊങ്കാല
കോഴിക്കോട്: ആദിവാസികളെ ആജീവനാന്തം കാടുകളിൽത്തന്നെ നിലനിർത്തണോ അതോ, വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിച്ച് നാഗരികരാക്കുകയാണോ വേണ്ടത്. ശബരിമല നവോത്ഥാന നായിക ബിന്ദു അമ്മിണിയുടെ ഒരു പോസ്റ്റിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ സംവാദം മുറുകുകയാണ്. ആദിവാസിയെ നാം എക്കാലവും കാട്ടിൽ തന്നെ നിലനിർത്തുകല്ല വേണ്ടത് എന്നും, അവരെ ഘട്ടംഘട്ടമായി ആധുനിക നാഗരികതയിലേക്ക് ഉയർത്തിക്കൊണ്ടുവരികയുമാണ് വേണ്ടത് എന്നും എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ സി രവിചന്ദ്രൻ, ഒരു പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ രൂക്ഷമായി വിമർശിച്ചാണ് ബിന്ദുഅമ്മിണി പോസ്റ്റ് ഇട്ടിരിക്കുന്നത്. അത് ഇങ്ങനെയാണ്. 'ആദിവാസി വിഭാഗം ആവശ്യം ഉണ്ടോ ഇല്ലയോ എന്ന് പറയാൻ ഈ രവിചന്ദ്രൻ ആരാണ്. ആദിവാസി എന്നാൽ ചക്കയോ മാങ്ങയോ ആണെന്നാണ് രവിചന്ദ്രൻ വിചാരിച്ചിരിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആദിവാസിയെക്കുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചും അവരുപറഞ്ഞോളും തന്നെ പോലെ ഉള്ള അവസരവാദികളുടെ അംഗീകാരത്തിനായി ആദിവാസികൾ തന്റെ പുറകെ വരുന്നില്ല.''- ഇങ്ങനെയാണ് ബിന്ദുഅമ്മിണിയുടെ പോസ്റ്റ്.
എന്നാൽ പോസ്റ്റിനെ തുടർന്ന് ശരിക്കും പൊങ്കാലയാണ് ബിന്ദു നേരിടുന്നത്. കമന്റുകൾക്ക് ഒന്നിനും അവർക്ക് മറുപടി പറയാനും കഴിയുന്നില്ല. ആദിവാസി എന്നൊരു വിഭാഗം നമുക്ക് ആവശ്യമില്ല എന്ന് രവിചന്ദ്രൻ പറയുന്നത് അവരെ വെടിവെച്ച് കൊല്ലാനല്ലെന്നും, മറിച്ച് കൂടുതൽ വിദ്യാഭ്യാസം ആധുനിക സൗകര്യങ്ങളും കൊടുത്ത് അവരെ നമുക്ക് തുല്യർ ആക്കണം എന്നാണെന്നുമാണെന്ന് കമന്റിൽ പലരും ചൂണ്ടിക്കാട്ടുന്നു. സർക്കാറും അതുതന്നെയല്ലേ, ചെയ്യുന്നത് എന്നും അല്ലാതെ ഏത് കാലവും ആദിവാസി ആദിവാസിയായി കാട്ടിൽ കിടക്കണം എന്ന് പറയുന്നത് എന്ത് വികല വാദമാണെന്നും പലരും ചോദിക്കുന്നു.
ആദിവാസി യുവതി മറുപടി പറയുന്നു
ബിന്ദു അമ്മിണിയുടെ പോസ്റ്റിന് മറുപടിയായി ആദിവാസി വിഭാഗത്തിൽ ജനിച്ച് വളർന്ന് വിദ്യാഭ്യാസത്തിലൂടെ ഉയർന്ന് വന്ന് ഇപ്പോൾ പ്രഭാഷകയും എഴുത്തുകാരിയുമായി മാറിയ ഉഞ്ചോയി ഇങ്ങനെ മറുപടി നൽകുന്നു. 'ഞാനൊരു ആദിവാസി സമൂഹത്തിൽ ജനിച്ചു വളർന്ന വ്യക്തിയാണ്. ഞാൻ തീവ്ര ഹിന്ദു മത വിശ്വാസി ആയിരുന്നു. രവിചന്ദ്രന്റെ 'ബുദ്ധനെ എറിഞ്ഞ കല്ല്' എന്ന ബുക്ക് ഹിന്ദു മതത്തിൽ നിന്നും പുറത്തു കടക്കാൻ എന്നെ സഹായിച്ചു. ആർ സി യെ വ്യക്തിപരമായി അറിയാം. എന്റെ ജീവിതം ട്രൈബൽസിന്റെ ഇടയിലായിരുന്നതു കൊണ്ടു തന്നെ ആദിവാസി സമൂഹത്തെ കുറിച്ചുള്ള അറിവുകൾ കൈമാറാൻ കഴിഞ്ഞിട്ടുണ്ട്.
ട്രൈബ്സ് കടുത്ത അന്ധവിശ്വാസ സമൂഹമാണ്. ആദിവാസികൾ പിന്തുടരുന്ന പല കാര്യങ്ങളും ആളുകൾ പറയാറില്ല. എന്തോ പുരോഗമനവാദികൾ അങ്ങനെ ആയിപ്പോയി. വാലപ്പുരകളുടെ കഥകളൊന്നും ആരും എഴുതിയതായോ ചർച്ചകൾ ചെയ്തതായോ എനിക്ക് അറിയില്ല.
മറ്റുള്ളവരെ പോലെ ചിന്തിക്കാൻ കഴിവുള്ള തലച്ചോറിന്റെ ഉടമകളാണ് ഓരോ ആദിവാസിയും എന്ന സത്യം ചിലർ മറന്നു പോകാറുണ്ട് . ഞാൻ എങ്ങനെയാണോ അന്ധവിശ്വാസങ്ങളിൽ നിന്നും പുറത്തു വന്നത് അതുപോലെ എന്റെ ചുറ്റുപാടിലുമുള്ളവർ അതിൽ നിന്നും പുറത്തു വരണമെന്ന ആഗ്രഹം എനിക്കുണ്ട്.
രവിചന്ദ്രൻ കുറേ വിഷയങ്ങളിൽ ആഴത്തിൽ അറിവുള്ള തലച്ചോറിന്റെ ഉടമയാണ്, അയാളുടെ തലച്ചോർ അറിവുകളുടെ പുറകേയാണ്.. അതുകൊണ്ടാണ് വ്യത്യസ്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അയാൾക്ക് കഴിയുന്നത്. ഭൂരിപക്ഷ കൈയടി നേടാനോ മറ്റുവനെ സുഖിപ്പിച്ചു നിൽക്കാനോ ആഗ്രഹിക്കുന്ന ആളല്ല അയാൾ. വിമർശനങ്ങൾ വ്യക്തിഹത്യ ആവാതെ ആശങ്ങളോടാകുമ്പോഴാണ് പുതിയ അറിവുകൾ ഉണ്ടാവുന്നത് അതല്ലാത്ത പക്ഷം ജസ്റ്റ് ഫ്രസ്ട്രേഷൻ തീർക്കൽ മാത്രമായി പോകും. ?'''- ബിന്ദുവിന്റെ പോസ്റ്റിൽ ഉഞ്ചോയി കമന്റ് ചെയ്യുന്നത് ഇങ്ങനെയാണ്്.
ആദിവാസികൾ കാട്ടിൽ തന്നെ കഴിയണോ?
ആദിവാസികൾ എക്കാലവും കാട്ടിൽ കഴിയേണ്ടവർ ആണോ എന്നാണ് പോസ്റ്റിനടിയിൽ പ്രതികരിക്കുന്ന സ്വതന്ത്രചിന്തകർ ചോദിക്കുന്നത്. ഒരു കമന്റ് ഇങ്ങനെയാണ്. 'ആദിവാസികളെ കാട്ടിൽ തന്നെ ആദിവാസികളായി തന്നെ നിലനിർത്തി അവരുടെ ആചാരങ്ങൾ സംരക്ഷിച്ചു, വിശ്വാസങ്ങൾ സംരക്ഷിച്ച് നിലനിർത്തണം എന്ന് പറയുന്ന ഈ ബിന്ദു അമ്മിണിയാണ് ശബരിമലയിൽ ആചാരലംഘനത്തിന് വിപ്ലവം നടത്തിയ ആള്... എന്തൊരു ആശയ പൊരുത്തം.''
മറ്റൊരു കമന്റ് ഇങ്ങനെയാണ്. 'ബിന്ദു അമ്മിണിക്ക് ആധുനിക ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചുകൊണ്ട് ജീവിക്കാം. ആദിവാസികൾ വനത്തിൽ തന്നെ കഴിയട്ടെ അവരുടെ സംസ്‌ക്കാരത്തിൽ തൊടരുത് എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ്. ഇനീം ബിന്ദു അമ്മിണിയുടെ അതെ ലോജിക് ചോദിച്ചാൽ ആദിവാസികളുടെ കാര്യം പറയാൻ ബിന്ദു അമ്മിണിക്ക് എന്ത് അവകാശം? അത് പറയാൻ അവിടെ ജനിച്ച ആളുണ്ട്''.
'ആദിവാസികളെ ആദിവാസികളായി നിലനിർത്തണം എന്ന് പറയുന്ന ബിന്ദു അമ്മിണി ഒരു ദളിത് വിഭാഗത്തിൽ നിന്നുമുള്ള സ്ത്രീയാണ്. എന്തുകൊണ്ടാണ് അവർ ദളിത് വിഭാഗത്തിന്റെ തനതായ രീതികളിൽ നിൽക്കാതെ വിദ്യാഭ്യാസം നേടി ഗവൺമെന്റ് ജോലി നേടി ആധുനിക സുഖസൗകര്യങ്ങൾ എല്ലാം ഉപയോഗിച്ച് ജീവിക്കുന്നത്? ആ കാരണങ്ങൾ ആദിവാസി വിഭാഗത്തിൽ ഉള്ളവർ ഉപയോഗിക്കരുത് എന്ന് പറയുന്നത് എത്ര അധമമായ ചിന്താരീതിയാണ്!''- മറ്റൊരാൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ കോവിഡ് വാക്സിനെതിരെ ബിന്ദുഅമ്മിണി പോസ്റ്റ് ഇട്ടതും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്്. ഈ രീതിയിലുള്ള വികലധാരണയാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിനും പിന്നിലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു കമന്റ് ഇങ്ങനെ'' ഇതേ വികലമായ ധാരണയാണ് ബിന്ദുഅമ്മിണിയെ ശബരിമലയിൽ എത്തിച്ച് ഇന്നും കാണുന്നിടത്തുനിന്നൊക്കെ അടിമേടിപ്പിക്കുന്നത്.
ശബരിമല ശാസ്താവ് എന്നത് ഒന്നാന്തരം അന്ധവിശ്വാസമാണ്. അങ്ങോട്ട് പോകുന്നതിൽ ഒരു നവോത്ഥാനവുമല്ല. ഇരുട്ടിന്റെ മറവിൽ പൊലീസ് പ്രൊട്ടക്ഷനിൽ ഊടുവഴിയിലൂടെപോയി തൊഴുതുവരുന്നതിൽ എന്താണ് കാര്യമുള്ളത്. സ്ത്രീയും പുരുഷനും ഒരുപോലെ ശബരിമലയിൽ പോവേണ്ട കാര്യമില്ലെന്നും അവിടെ ഒരു മണ്ണാങ്കട്ടയുമില്ലെന്നായിരുന്നു, ഈ ആക്റ്റീവിസ്റ്റുകൾ പറയേണ്ടത്. പകരം കറുപ്പുടുത്ത് ഫാൻസി ഡ്രസ് നടത്തി എന്ത് നവോത്ഥാനമാണ് ഉണ്ടാക്കിയത്. ശബരിമലയിൽ ഒരു വിശ്വസിയായ സ്ത്രീക്ക് പോകാനുള്ള അവകാശം വേണം, പക്ഷേ അവിടെ പോകേണ്ട കാര്യമില്ല എന്ന നിലപാടാണ് ഞങ്ങളൊക്കെ എടുത്തത്. ശബരിമലയിലല്ല ഇടുക്കി കെഎസ്ഇബിയിലാണ് കേരളത്തിന്റെ 'ദൈവം' കുടികൊള്ളുന്നത്. ശബരിമല മാസങ്ങളോളം അടച്ചിട്ടാലും ആർക്കും ഒന്നുമില്ല. കെഎസ്ഇബി ഒരു മണിക്കൂർ പണി മുടക്കിയാൽ വിവരം അറിയും. വിദ്യാഭ്യാസം ഉണ്ടായതുകൊണ്ട് ശരിയായ ലോക വീക്ഷണം ഉണ്ടാവണമെന്നില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ബിന്ദു അമ്മിണി. പാവം താൻ ചെയ്ത പൊട്ടത്തരം മഹത്തായ നവോത്ഥാനം ആണെന്നു കരുതി ഇന്നും തല്ലും ആട്ടും തുപ്പും എൽക്കുന്നു!''- ഈ രീതിയിലാണ് സോഷ്യൽ മീഡിയയിൽ പൊങ്കാല ഉയരുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ