- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുർബാന തർക്കത്തിന്റെ പേരിൽ അൾത്താരയിൽ അസഭ്യവർഷവും ഏറ്റുമുട്ടലും; എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ പാതിരാ കുർബാന ഉപേക്ഷിച്ചു; സിനഡ് തീരുമാനം വന്നിട്ടു മതി കുർബാനയെന്ന് ഔദ്യോഗിക വിഭാഗം; പുനപ്രതിഷ്ഠ നടത്തണമെന്ന് വിമതർ; തിരുക്കർമ്മങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ധാരണ, പള്ളി പൂട്ടി
കൊച്ചി: സിറോ മലബാർ സഭയിലെ കുർബാനയെ ചൊല്ലി ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടിയ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ക്രിസ്തുമസ് പാതിരാകുർബാന ഉപേക്ഷിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എഡിഎം വിളിച്ച ചർച്ചയിൽ പാതിരാ കുർബാന അടക്കം തിരുക്കർമ്മങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഇരു വിഭാഗവും തമ്മിൽ ധാരണയായി.
കുർബാന നടത്തില്ലെന്ന് ഇരുവിഭാഗവും സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പുനപ്രതിഷ്ഠ നടത്തണമെന്ന ആവശ്യവുമായി വിമതർ രംഗത്തെത്തി. സിനഡ് തീരുമാനം വന്നിട്ടു മതി കുർബാനയെന്ന് ഔദ്യോഗിക വിഭാഗം. എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഇരു വിഭാഗങ്ങളും നിലപാട് വ്യക്തമാക്കിയത്. ഇനിയൊരിറയിപ്പുണ്ടാകുന്നതുവരെ പള്ളിയിൽ കുർബാനയുണ്ടാകില്ല. പള്ളി പൂട്ടുകയും ചെയ്തു.
സംഘർഷത്തിന് സമവായം ഉണ്ടായശേഷം ഇനി പള്ളിയിൽ തിരുകർമ്മങ്ങൾ നടത്തിയാൽ മതിയെന്ന നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. ബസലിക്ക അഡ്‌മിനിസ്ട്രേറ്റർ ഫാദർ ആന്റണി പൂതവേലിൽ, വിമതവിഭാഗം വൈദിക സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാൻ അടക്കമുള്ളവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ഇന്നലെ വൈകീട്ട് അഞ്ച് മണി മുതലാണ് സിറോ മലബാർ സഭയിലെ ഇരുവിഭാഗവും എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിക്കുള്ളിലെത്തി ജനാഭിമുഖവും ഏകീകൃത രീതിയിലുള്ള കുർബാനയും നടത്തി തുടങ്ങിയത്. പള്ളി പരിസരത്ത് 18 മണിക്കൂർ നേരമാണ് സംഘർഷാവസ്ഥ നീണ്ടുനിന്നത്.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ അൾത്താരയിൽ കയറിയാണ് ഇരുവിഭാഗങ്ങൾ പ്രതിഷേധിച്ചത്. ആദ്യ സംയമനം പാലിച്ച പൊലീസ്, സംഘർഷം ലഘൂകരിക്കാൻ പള്ളിക്കുള്ളിൽ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കുകയായിരുന്നു.
അൾത്താരയിൽ അസഭ്യവർഷവും ഏറ്റുമുട്ടലും ഉണ്ടായി. പ്രതിഷേധക്കാർ വൈദികരെ കയ്യേറ്റം ചെയ്തു, ബലിപീഠം തള്ളിമാറ്റി, വിളക്കുകൾ തകർത്തു. പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. സംഘർഷം അതിരുവിട്ടതോടെ പൊലീസ് ഇരുകൂട്ടരെയും പുറത്താക്കി പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നേരത്തെ ബസിലിക്ക പൂട്ടില്ലെന്ന് വ്യക്തമാക്കിയ പൊലീസ് ഇരു വിഭാഗത്തെയും ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. എന്നാൽ പൊലീസ് പക്ഷപാതമായി പെരുമാറിയെന്ന് ഒരു വിഭാഗം ആരോപിച്ചു. ഇന്നലെ പള്ളിയിൽ ഒരേസമയം രണ്ട് തരം കുർബാന നടന്നിരുന്നു. ഇരു കുർബാനക്കും പിന്തുണയായി ഇരുവിഭാഗത്തിലെയും വിശ്വാസികളും പള്ളിയിൽ എത്തിയിരുന്നു.
പുതിയ അഡ്‌മിനിസ്ട്രേറ്റർ ആന്റണി പുതുവേലിലിന്റെ നേതൃത്വത്തിൽ ഏകീകൃത കുർബാന നടത്തിയപ്പോൾ വിമത വിഭാഗം വൈദികർ ജനാഭിമുഖ കുർബാന നടത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഗോ ബാക്ക് വിളികളുമായി അണി ചേർന്നു. ഇതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇതിന്റെ തുടർച്ചയാണ് ഇന്നുണ്ടായ ഏറ്റുമുട്ടൽ. സംഘർഷാവസ്ഥയെ തുടർന്ന് ബസിലിക്കയിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
കുർബാന തർക്കം സംബന്ധിച്ച് വിമത വൈദികർ മാർപാപ്പയ്ക്ക് കത്തയച്ചു. ബസലിക്ക പള്ളിയിൽ അടിയന്തിര ഇടപെടൽ വേണമെന്നാണ് വിമത വൈദികരുടെ കത്തിലെ ആവശ്യം. ബലി പീഠം തള്ളിയിട്ടതോടെ വിശുദ്ധി നഷ്ടപെടുത്തി. പുനഃപ്രതിഷ്ഠ നടത്താതെ അൾത്താരയിൽ ഇനി കുർബാന നടത്തരുതെന്നും വൈദികർ ആവശ്യപ്പെട്ടു. വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടനാണ് മാർപാപ്പയ്ക്ക് കത്ത് അയച്ചത്.
പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന വൈദികർ രംഗതെത്തി. കയ്യേറ്റം ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ കുർബാന അർപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച വൈദീകർ ക്രിസ്മസ് കരിദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.
മറുനാടന് മലയാളി ബ്യൂറോ