ലണ്ടൻ: പ്രണയക്കൊലകൾ ലോകത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയണ്. വ്യക്തിബന്ധങ്ങളിൽ കൂടുതൽ തുറന്ന സമീപനം സ്വീകരിക്കുന്നു എന്ന് നാം കരുതിയിരുന്ന പാശ്ചാത്യ ലോകത്ത് പോലും പ്രണയ നൈരാശ്യം കൊലപാതകത്തിൽ അവസാനിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നോട്ടിങ്ഹാമിനടുത്തുള്ള ഗ്രാമത്തിൽ നടന്നത്.

മൂന്നു മക്കളുടെ അമ്മയായ ക്ലെയർ ഏബിൾവൈറ്റ് എന്ന 47 കാരിയുമായി പ്രണയത്തിലായത് ജോൺ ജോസഫ് എന്ന 26 കാരൻ. ഓൺലൈൻ വഴി കണ്ടുമുട്ടിയാണ് അവർ പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതും. എന്നാൽ, തങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസത്തെ കുറിച്ച് ഏറെ ആശങ്ക ക്ലെയർ പുലർത്തിയിരുന്നതിനാൽ ആ ബന്ധം ആറു മാസത്തിനപ്പുറം നീണ്ടില്ല. എന്നാണ് നോട്ടിങ്ഹാംഷയർ പൊലീസ് പറയുന്നത്.

ന്യാവാർക്ക് സ്വദേശിയായ യുവാവ് കഴിഞ്ഞവർഷം ഫെബ്രുവരി 25 ന് ആയിരുന്നു തന്റെ മുൻ കാമുകിയെ കൊലപ്പെടുത്തിയത്. ന്യുവാർക്കിലെ തന്റെ വസതിയിൽ നിന്നും 17 മൈൽ സൈക്കിൾ യാത്ര നടത്തിയാണ് യുവാവ്, കാമുകിയുടെ വീട്ടിൽ എത്തിയതെന്ന് നോട്ടിങ്ഹാം ക്രൗൺ കോടതിയിൽ വിചാരണക്കിടെ പ്രോസിക്യുഷൻ ധരിപ്പിച്ചു. ഇവരുടെ വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് ഇയാളുടെ ദൃശ്യങ്ങൾ സി സി ക്യാമറയിൽ പതിഞ്ഞിരുന്നു.

കോലപതകം നടത്തിയതിനു ശേഷം മൃതദേഹം അവിടെ തന്നെ ഉപേക്ഷിച്ച് ജോൺ ജെസ്സോപ്പ് നേരെ പോയത് തന്റെ സ്വദേശമായ ന്യുവാർക്കിലേക്കായിരുന്നു. അവിടെയെത്തി തന്റെ ചില സുഹൃത്തുക്കളുമൊത്ത് അയാൾ പബ്ബിലെത്തി ആഘോഷിക്കുകയും ചെയ്തു. ഓൺലൈൻ വഴി ബന്ധങ്ങൾ സ്ഥാപിക്കുമ്പോൾ കൂടുതൽ ജാഗ്രത കാണിക്കണം എന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ കേസ് എന്ന് ഇത് അന്വേഷിച്ച ഡിറ്റക്ടീവ് ഇൻസ്പെക്ടർ മെൽ ക്രറ്റ്ലി പറയുന്നു. ജെസ്സൊപ്പിനെ പോലെ ക്രൂരരും അക്രമാസക്തരായവരുമായാണ് ബന്ധം സ്ഥാപിക്കുന്നതെങ്കിൽ കാര്യങ്ങൾ അപകടത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഈ അന്വേഷണത്തിലുടനീളം, ജെസ്സോപ് ഒരിക്കലും പശ്ചാത്തപിച്ചതായി കണ്ടില്ല എന്നാണ് അന്വേഷണോദ്യോഗസ്ഥർ പറയുന്നത്. കൂടുതൽ ചോദ്യങ്ങൾക്കും നോ കമന്റ് എന്നു മാത്രമായിരുന്നു അയാൾ പറഞ്ഞിരുന്നത്. ക്രൂരമായ ആക്രമണമായിരുന്നു ക്ലെയറിനു നേരെ ഇയാൾ നടത്തിയത്. കഴുത്ത് അറക്കുകയും നെഞ്ചിൽ കത്തി കുത്തിക്കയറ്റുകയും ചെയ്തിട്ടുണ്ട്.

കുത്തേറ്റ നിലയിൽ ക്ലെയറിനെ കണ്ടെത്തിയ അവരുടെ പിതാവ് അവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്ന സമയത്ത് ജെസ്സോപ്പ് അങ്ങ് ദൂരെ ന്യുവാർക്കിലെ പബ്ബിൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം മദ്യം നുകരുകയായിരുന്നു, യാതൊന്നും സംഭവിക്കാത്തതുപോലെ. ഇത് തീർച്ചയായും ആസൂത്രണം ചെയ്ത ഒരു കൊലപാതകം തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. 17 മൈൽ സൈക്കിൾ ഓടിച്ചു വരുമ്പോൾ തന്നെ എന്തു ചെയ്യണമെന്ന് അയാൾ തീരുമാനിച്ചിരുന്നു.

വിചാരണയിൽ ജെസ്സോപ്പ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ജീവപര്യന്തം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അതിൽ ഏറ്റവും ചുരുങ്ങിയത് 17 വർഷവും എട്ട് മാസങ്ങളും നിർബന്ധമയും തടവിൽ കഴിയണം. ക്ലെയറിന്റെ 74 കാരനായ പിതാവും വിധികേൾക്കാൻ എത്തിയിരുന്നു. അതിബുദ്ധിമാനായ ജെസ്സോപ്പ് വീടിനകത്ത് ഡി എൻ എ തെളിവുകൾ ഒന്നും തന്നെ അവശേഷിപ്പിച്ചിരുന്നില്ല. എന്നാൽ, അയൽവക്കത്തെ ഒരു വീട്ടിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളായിരുന്നു അയാളെ കുടുക്കിയ്ത്.

സംഭവം നടക്കുന്ന സമയത്ത് ഫ്രാൻസിലായിരുന്ന അയൽവാസി വീടിനു മുൻപിൽ ഘടിപ്പിച്ച ക്യാമറയിൽ ജെസ്സോപ്പ് ക്ലെയറിന്റെ വീട്ടിലേക്ക് കയറുന്നതിന്റെ ദൃശ്യം ലഭിച്ചു. മാത്രമല്ല, അകത്ത് നടന്ന ആക്രമണത്തിന്റെ ശബ്ദരേഖയും ഇതിൽ പതിഞ്ഞിരുന്നു. അതുപോലെ വീടിനകത്ത് രക്തം പതിഞ്ഞ ഷൂസിന്റെ അടയാളവും കണ്ടെത്താനായി. ഇത് ജെസ്സൊപ്പ് ധരിച്ചിരുന്ന ഷൂസിന്റെ അടയാളമാണെന്ന് തെളിയിക്കാൻ ആയതും കാര്യങ്ങൾ ജെസ്സോപ്പിനെതിരാക്കി.