ശാസ്ത്രം മുന്നേറി കൊണ്ടിരിക്കുന്ന വാർത്തകളാണ് ദിനംപ്രതിയെന്നോണം നാം കേട്ടുകൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്സുമെല്ലാം മനുഷ്യനെ പല മേഖലകളിലും തൊഴിലിൽ നിന്നുമകറ്റും എന്ന ആശങ്കയുയരുന്ന കാലത്താണ് ശാസ്ത്രത്തിന് എപ്പോഴും മനുഷ്യനെ മറികടക്കാൻ ആകണമെന്നില്ല എന്ന് തെളിയിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സാൻ ഫ്രാൻസിസ്‌കോയിലെ ബേ ബ്രിഡ്ജിൽ ആണ് ഈ സംഭവം നടക്കുന്നത്.

വീഡിയോ ക്ലിപ്പുകളിൽ കാണുന്നത് ഡ്രൈവറില്ലാത്ത ഒരു കാർ ലെയ്നുകൾ മാറുന്നതും പെട്ടെന്ന് നിർത്തുന്നതുമാണ്. ഇതോടെ പുറകിലായി വന്ന എട്ട് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. രണ്ടു വയസ്സുള്ള ഒരു കുട്ടിയുൾപ്പടെ ഒൻപത് പേർക്ക് ഈ അപകടത്തിൽ പരിക്കേറ്റു. മാത്രമല്ല ബ്രിഡ്ജിലെ ഗതാഗതം ഏകദേശം ഒരു മണിക്കൂറോളം നേരം തടസ്സപ്പെടുകയും ചെയ്തു. ടെസ്ലയുടെ പുതിയ ഫുൾ സെൽഫ് ഡ്രൈവിങ് ഫീച്ചറുകൾ ഉപയോഗിച്ചിരുന്നപ്പോഴായിരുന്നു അപകടമുണ്ടായതെന്ന് വാഹന ഉടമ പറയുന്നു.

ഈ അപകടം നടക്കുന്നതിനു ഏതാനും മണിക്കൂറുകൾക്ക് മുൻപ് മാത്രമായിരുന്നു ടെസ്ലയുടെ ഫുൾ സെൽഫ് ഡ്രൈവിങ് സൗകര്യം വടക്കെ അമേരിക്കയിൽ ലഭ്യമാണെന്ന് എലൺ മസ്‌ക് അഭിമാനപുരസ്സരം പ്രഖ്യാപിച്ചത്. മാത്രമല്ല, ഈയൊരു നാഴികക്കല്ല് താണ്ടിയതിന് ടെസ്ലയിലെ ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

തങ്ങൾ മണിക്കൂറിൽ 55 മൈൽ വേഗതയിലായിരുന്നു പൊയ്ക്കൊണ്ടിരുന്നതെന്ന് അപകടത്തിലെ പെട്ട കാറിന്റെ ഉടമ കലിഫോർണിയ ഹൈവേ പട്രോളിനോട് പറഞ്ഞു. കാറിന്റെ സെൽഫ് ഡ്രൈവിങ് സാങ്കേതിക വിദ്യ പെട്ടെന്ന് പ്രവർത്തന രഹിതമാവുകയായിരുന്നു എന്നും പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു എന്നും അയാൾ പറഞ്ഞു. സാങ്കേതികവിദ്യ തകരാറായതിനെ തുടർന്ന് വാഹനം മെല്ലെ ഇടത്തേ ലെയ്നിലേക്ക് മാറാൻ തുടങ്ങിയിരുന്നു.

വീഡിയോ ദൃശ്യങ്ങളിൽ ഇത് കൃത്യമായി കാണാനാകും. ഇടതു ഭാഗത്തെ ലെയ്നിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു കാർ പെട്ടെന്ന് നിന്നത്. ഈ വർഷം അവസനത്തോടേ 2,85,000 ഫുൾ സെൽഫ് ഡ്രൈവിങ് ഫെസിലിറ്റിയുള്ള വാഹനങ്ങളാണ് ടെസ്ല വടക്കെ അമേരിക്കൻ ഉപഭോക്താക്കൾക്ക് വാഗ്ദാനം നൽകിയിരിക്കുന്നത്. നാഷണൽ ഹൈവെ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്ട്രേഷൻ ഈ അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അടുത്തയിടെയായി നടന്ന 329 ഓളം അപകടങ്ങളിൽ 70 ശതമാനത്തിലും ടെസ്ലയാണ് ഉൾപ്പെട്ടിരിക്കുന്നത്. മാത്രമല്ല, അവയിലെല്ലാം തന്നെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഉള്ള കാറുകളായിരുന്നു. അപകടങ്ങളിൽ പലതിലും മരണങ്ങളും ഗുരുതരമായ പരിക്കുകളും സംഭവിച്ചിട്ടുണ്ട്. 2016 മുതൽ ടെസ്ലയുടെ ഫുൾ സെൽഫ് ഡ്രൈവിങ് സൗകര്യമോ ഓട്ടോ പൈലറ്റ് സംവിധാനമോ ഉള്ള കാറുകൾ ഉൾപ്പെട്ട 35 കേസുകളാണ് ഫെഡറൽ ഏജൻസി അന്വേഷിച്ചത്. ഈ അപകടങ്ങളിലെല്ലാമായി 10 പേരായിരുന്നു കൊല്ലപ്പെട്ടത്.

അവിചാരിതമായി ബ്രേക്ക് വീഴുന്നു എന്ന പരാതി അടുത്തയിടെയായി ധാരാളം ടെസ്ല ഉടമകൾ ഉന്നയിക്കുന്നുണ്ട്. ഇത് പല അപകടങ്ങൾക്കും കാരണമാകുന്നുമുണ്ട്. നാഷണൽഹൈവേസ് ട്രാഫിക് സെക്യുരിറ്റ് അഡ്‌മിനിസ്ട്രേഷ്ണിൽ ഇത്തരത്തിലുള്ള നൂറിലധികം പരാതികൾ ഇതിനോടകം എത്തിക്കഴിഞ്ഞു.