തിഭീകരമായ ഒരു വിമാന അപകടം ഒഴിവാക്കുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നു. മണിക്കൂറിൽ 115 മൈൽവേഗത്തിൽ ഓടുന്ന വിമാനങ്ങളിലെ പൈലറ്റുമാർക്ക് എയർ ട്രാഫിക് കണ്ടോളർമാർ നൽകുന്ന നിർദ്ദേശങ്ങളുടെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 145 യാത്രക്കാരുമായി പറന്നുയരാൻ തുടങ്ങിയ ഒരു ഡെൽറ്റാ വിമനം യു കെയിലേക്ക് പോകാനൊരുങ്ങിയ അമേരിക്കൻ എയർലൈൻസിന്റെ ഒരു വിമാനവുമായി കൂട്ടിമുട്ടുന്നത് തടയുവാൻ ഫെഡറൽ ട്രൻസിറ്റ് അഥോറിറ്റി ജീവനക്കാർ അടിയന്തരമായി ഇടപെടുകയായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച് നടന്ന സംഭവത്തിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തായത്. പറന്നുയരാൻ ഒരുങ്ങിയ ഡെൽറ്റാ വിമാനം, അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്നും ആയിരം അടി മാത്രം ദൂരെ പെട്ടെന്ന് ബ്രേയ്ക്കിട്ട് അപകടം ഒഴിവാക്കുകയായിരുന്നു. ഇനിയും പേരു വെളിപ്പെടുത്താത്ത, അമേരിക്കൻ എയർലൈൻസ് പൈലറ്റ് തെറ്റയ ലെയ്നിലേക്ക് കടക്കുകയായിരുന്നു എന്നാണ് അനുമാനിക്കുന്നത്.

ഈ സംഭവം നടക്കുമ്പോൾ ഉടനീളം ഡെൽറ്റ പൈലറ്റ് തികച്ചും ശാന്തനായി, മനസാന്നിദ്ധ്യം കൈവിടാതെയാണ് പെരുമാറിയത് എന്ന് ശബ്ദരേഖയിൽ നിന്നും അറിയാൻ കഴിയുന്നുണ്ട്. തനിക്ക് ഗെയ്റ്റിനടുത്ത് ചെന്ന് കുറച്ചു ഫോൺ കോളുകൾ ചെയ്യാനുണ്ടെന്നാണ് പൈലറ്റ് പറഞ്ഞത്. ന്യു യോർക്ക് നഗരത്തിലെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്.

വിമാനം പുറപ്പെടാൻ തയ്യാറായി എന്ന് അമേരിക്കൻ എയർലൈൻസ് പൈലറ്റ് പറയുന്നതിലൂടെയാണ് ശബ്ദരേഖയുടെ തുടക്കം. ഇതിനു മറുപടിയായി റൺവേ 4 ലെഫ്റ്റിലേക്ക് പോകുവാൻ നിർദ്ദേശിക്കുന്നുണ്ട്. മാത്രമല്ല, റൺവേയുടെ അറ്റത്തുനിന്നും ഒരു കിലോമീറ്റർ മാറി നിർത്താനും ആവശ്യപ്പെടുന്നുണ്ട്. തുടർന്ന് ഇവർ തമ്മിലുള്ള മറ്റു സംഭാഷണങ്ങളും ഇതിലുണ്ട്. എന്നാൽ, ട്രാഫിക് കൺടോൾ നിർദ്ദേശിച്ച പ്രകാരം ഇടത്തോട്ട് തിരിയാതെ വിമാനം നേരെ പോവുകയായിരുന്നു.

അല്പ സമയത്തിനു ശേഷം ഡൊമിനികൻ റിപ്പബ്ലിക്കിലേക്ക് പോവുകയായിരുന്ന ഡെൽറ്റ വിമാനത്തിന് പറന്നുയരാനുള്ള അനുമതി നൽകുന്നു. എന്നാൽ, ഏകദേശം മണിക്കൂറിൽ 115 മൈൽ വേഗതവരെ കൈവരിച്ചപ്പൊഴാണ് ഡെൽറ്റ വിമാനം മേരിക്കൻ എയർലൈൻസുമായി കൂട്ടിമുട്ടുമെന്ന് തിരിച്ചറിയുന്നത്. ഒരു ട്രാഫിക് കണ്ട്രോളർ അമേരിക്കൻ വിമാനത്തോട് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ മറ്റൊരാൾ ഡെൽറ്റ പൈലറ്റിനോട് ടേക്ക് ഓഫ് റദ്ദാക്കാൻ ആവശ്യപ്പെടുന്നു.

ഈ സംഭവത്തെ കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ഡെൽറ്റ വക്താവ് അറിയിച്ചു. എന്നാൽ, ഇതിനെ കുറിച്ച് പ്രതികരിക്കാൻ അമേരിക്കൻ എയർലൈൻസ് തയ്യാറായിട്ടില്ല.