വാഷിങ്ടൺ: അന്താരാഷ്ട്ര ടെക്ഭീമൻ മൈക്രോസോഫ്റ്റ് കൂട്ടപ്പിരിച്ചുവിടലിലേക്ക് കടക്കുന്നു. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപ് 10,000 പേർക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അമേരിക്കയിലെ സാങ്കേതികവിദ്യാ വ്യവസായ സ്ഥാപനങ്ങൾ വലിയ രീതിയിൽ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.

മൈക്രോസോഫ്റ്റിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട വാർത്തകൾ കഴിഞ്ഞദിവസം തന്നെ വന്നുതുടങ്ങിയിരുന്നു. കോവിഡ് കാലം കഴിഞ്ഞതോടെ പേഴ്സണൽ കംപ്യൂട്ടർ വിപണിയിൽ മൈക്രോസോഫ്റ്റ് കനത്ത പ്രതിസന്ധി നേരിടുകയാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. വിൻഡോസിന്റേയും മറ്റ് ഉപകരണങ്ങളുടേയും വിൽപനയിലും ക്ലൗഡ് സേവന യൂണിറ്റായ അസ്വറിലും കമ്പനി നഷ്ടം നേരിടുന്നുണ്ട്.

പഴ്‌സനൽ കംപ്യൂട്ടർ വിപണിയിൽ വലിയ തിരിച്ചടി നേരിടുകയാണെന്നും ജീവനക്കാരുടെ വികാരം ഉൾക്കൊള്ളുന്നുവെന്നും അവർക്കയച്ച കത്തിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ല പറഞ്ഞു. ഘട്ടംഘട്ടമായാണ് പിരിച്ചുവിടൽ. കുറച്ചുപേർക്ക് ഇന്ന് അറിയിപ്പു കിട്ടി. ബാക്കിയുള്ളവർക്ക് പതിയെ മെമോ ലഭിക്കുമെന്നാണ് വിവരം.

''നിർണായക തന്ത്രപ്രധാന മേഖലകളിലേക്ക് വീണ്ടും ജീവനക്കാരെയെടുക്കും. യുഎസ് ജീവനക്കാർക്ക് പിരിച്ചുവിടുമ്പോൾ സാധാരണ ലഭിക്കുന്നതിനേക്കാൾ അധികം തുക ആശ്വാസധനം, ആറു മാസത്തേക്ക് ആരോഗ്യ സുരക്ഷ, പിരിച്ചുവിടുന്നതിനു 60 ദിവസം മുൻപ് നോട്ടിസ് തുടങ്ങിയവ ലഭിക്കും'' നാദല്ല മെമോയിൽ പറയുന്നു.

ജൂൺ 30-ലെ കണക്കനുസരിച്ച് 2,21,000 സ്ഥിര ജീവനക്കാരാണ് മൈക്രോസോഫ്റ്റിലുള്ളത്. ഇതിൽ യുഎസിലെ 1,22,000 ജീവനക്കാരും മറ്റിടങ്ങളിലുള്ള 99,000 ജീവനക്കാരും ഉൾപ്പെടുന്നു.

ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപ് 10,000 പേരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് തീരുമാനമെന്ന് കമ്പനി ബുധനാഴ്ച അറിയിച്ചു. ചൊവ്വാഴ്ച മുതൽ മൈക്രോസോഫ്റ്റിലെ പിരിച്ചുവിടലിനെക്കുറിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

നിലവിൽ 2,20,000 ജീവനക്കാരാണ് മൈക്രോസോഫ്റ്റിൽ ഉള്ളത്. ആകെ ജീവനക്കാരിൽ 5 ശതമാനത്തെയാണ് ഇപ്പോൾ പിരിച്ചുവിടുന്നത്. കഴിഞ്ഞ വർഷം ഒരു ശതമാനം ആളുകളെ പിരിച്ചുവിട്ടിരുന്നു. ഹ്യൂമൻ റിസോഴ്സ്, എൻജിനീയറിങ് വിഭാഗങ്ങളിൽനിന്നുള്ള ജീവനക്കാരെയാകും പിരിച്ചുവിടൽ ബാധിക്കുക. മോശം സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നടപടി.

നേരത്തെ, ആമസോണും മെറ്റയും ഉൾപ്പെടെ നിരവധി ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചിവിട്ടിരുന്നു. ഈ പട്ടികയിലേക്കാണ് മൈക്രോസോഫ്റ്റും കടക്കുന്നത്. മൈക്രോ സോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ് ഫോമിന് പല ക്വാർട്ടറിലും വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതെ പോയത് കമ്പനിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ കമ്പനി കുറച്ചു ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വിവിധ വിഭാഗങ്ങളിൽനിന്നായി ആയിരത്തിൽ താഴെ ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്നാണ് സൂചന.