- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ സംസ്‌കാര ചടങ്ങിൽ പഴയ കോളേജ് സഹപാഠികളിൽ ആരൊക്കെ പങ്കെടുക്കുമെന്ന് അറിയാൻ കൗതുകം; സ്വന്തം 'മരണവാർത്ത' സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു; മകന്റെ 'മരണവാർത്ത' അറിഞ്ഞ് അമ്മയും ബന്ധുക്കളും ഞെട്ടി; ചാപ്പലിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവരുടെ മുന്നിൽ 'പരേതൻ' നേരിട്ടെത്തി; പിന്നെ സംഭവിച്ചത്
സാവോ പോളോ: സ്വന്തം ശവസംസ്‌കാരം എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചിട്ടുണ്ടോ, അല്ലെങ്കിൽ ആരൊക്കെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുമെന്ന്? അത് നേരിട്ട് അറിയാൻ കൗതുകമുള്ള അറുപതുകാരനായ ഒരു ബ്രസീലുകാരൻ തന്റെ വ്യാജമരണ വാർത്ത പുറത്തുവിട്ടു. എന്നാൽ പിന്നീട് സംഭവിച്ചത് പ്രതീക്ഷതിനും അപ്പുറമായിരുന്നു എന്നുമാത്രം.
പരാനയിലെ കുരിറ്റിബയിൽ നിന്നുള്ള ബാൽതസർ ലെമോസ് (60) ആണ് തന്റെ മരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ച് സുഹൃത്തുക്കളെയും ബന്ധുക്കളെയും ഞെട്ടിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ നേരിട്ട് എത്തിയതോടെയാണ് വ്യാജമരണ വാർത്തയുടെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞത്.
തന്റെ പഴയ കോളേജ് സഹപാഠികളിൽ ആരൊക്കെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും എന്നറിയാനുള്ള കൗതുകമാണ് അതിസാഹസിക സംഭവത്തിന് അറുപതുകാരനെ പ്രേരിപ്പിച്ചത്. എന്നാൽ 60 വയസ്സുള്ള ബ്രസീലുകാരന് തന്റെ ശവസംസ്‌കാര ചടങ്ങ് വിചിത്രമായ അനുഭവമാണ് നൽകിയത്.
ഈ മാസം ആദ്യം, ലെമോസ് തന്റെ ഫേസ്‌ബുക്ക് പേജിൽ തന്റെ നിഷ്‌കളങ്കവും സന്തോഷപ്രദവുമായ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് സാഹസിക പരിക്ഷണത്തിന് തുടക്കമിട്ടത്.
സാവോ പോളോയിലെ ആൽബർട്ട് ഐൻസ്‌റ്റൈൻ ഹോസ്പിറ്റലിൽ താൻ ചികിത്സയിലാണ് എന്നായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ലെമോസ് കുറിച്ചത്.
ഒരു ദിവസത്തിനുശേഷം ലെമോസ് മരിച്ചുവെന്ന് അറിയിച്ചുകൊണ്ട് മറ്റൊരു പോസ്റ്റ് വന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളും പരിഭ്രാന്തിയിലായി. മരണത്തെ കുറിച്ചും കാരണത്തെ കുറിച്ചും ചോദിച്ച് പലരും പോസ്റ്റിന് കമന്റ് ചെയ്‌തെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല
'ഈ ദുഃഖ സായാഹ്നത്തിൽ, ബാൽതസർ ലെമോസ് ഞങ്ങളെ വിട്ടുപോയി. കൂടുതൽ വിവരങ്ങൾ ഉടൻ വരും,' എന്നായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റ്. ഇത് ലെമോസിന്റെ കുടുംബത്തെ ഞെട്ടിച്ചു. അയാൾക്ക് എന്തെങ്കിലും അസുഖം ഉണ്ടായിരുന്നതായി അവർ അറിഞ്ഞിരുന്നില്ല.
കൂടുതൽ വിവരങ്ങൾ അറിയാൻ മെഡിക്കൽ സ്റ്റാഫിനോട് ചോദിക്കാൻ ലെമോസിന്റെ അനന്തരവൻ സാവോപോളോ ആശുപത്രിയിലേക്ക് ഓടി. എന്നാൽ ലെമോസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ല എന്ന വിവരമാണ് ആശുപത്രി അധികൃതർ പങ്കുവച്ചത്.
പിന്നാലെ ലെമോസിന്റെ ജീവിതത്തെ അനുസ്മരിക്കുന്ന കുറിപ്പും ശവസംസ്‌കാര ചടങ്ങിന്റെ വിശദാംശങ്ങളും ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.
ആശങ്കാകുലരായ സുഹൃത്തുക്കൾ ലെമോസിന്റെ വിയോഗത്തിൽ വിഷമിച്ചു സുഹൃത്തുക്കളും കുടുംബാംഗങ്ങളും താമസിയാതെ ലെമോസിന്റെ ജന്മനാടായ കുരിറ്റിബയിലെ ഒരു ചാപ്പലിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ഒത്തുകൂടി. വീൽചെയറിലിരിക്കുന്ന ലെമോസിന്റെ അമ്മ ഉൾപ്പെടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ചാപ്പലിൽ എത്തിച്ചേർന്നു.
എന്നാൽ ചടങ്ങ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ലെമോസിന്റെ ശബ്ദം സ്പീക്കറുകളിൽ നിന്ന് മുഴങ്ങിത്തുടങ്ങി, അദ്ദേഹത്തിന്റെ 60 വർഷത്തെ ജീവിതത്തെക്കുറിച്ച് വിശദീകരിച്ചു. സന്നിഹിതരായവർ ഞെട്ടിപ്പോയി, പലരുടെയും കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങി. തന്റെ മരണത്തിന് മുമ്പ് ലെമോസ് ടേപ്പ് റെക്കോർഡു ചെയ്തതാണെന്നായിരുന്നു ഒത്തുകൂടിയ ബന്ധുക്കളും സുഹൃത്തുക്കളും വിചാരിച്ചത്.
പിന്നാലെ ചാപ്പലിന്റെ വാതിൽ തുറന്ന് ലെമോസ് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മുന്നിൽ പ്രത്യക്ഷപ്പെട്ടു. സന്നിഹിതരായിരുന്ന പലരിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നതിനാൽ പരേതനെ നേരിട്ട് കണ്ടപ്പോൾ എല്ലാവരും അമ്പരന്നു.
വ്യാജ ശവസംസ്‌കാര ചടങ്ങിന് ലെമോസ് പ്രതീക്ഷിച്ചത് ഒന്നുമല്ല പിന്നീട് സംഭവച്ചത്. എന്താണ് സംഭവിച്ചതെന്നും എന്തിനാണ് തന്റെ വ്യാജ മരണം സൃഷ്ടിക്കാൻ ശ്രമിച്ചതെന്നും വിശദീകരിക്കാൻ ലെമോസ് ശ്രമിച്ചെങ്കിലും രോഷാകുലരായ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പെരുമാറ്റം അൽപം ക്രൂരമായിരുന്നു.
ഒത്തുകൂടിയവർക്കിടയിൽ തന്റെ രണ്ട് പഴയ കോളേജ് സുഹൃത്തുക്കളെ ലെമോസ് കണ്ടെത്തിയെങ്കിലും അപ്രതീക്ഷിത പ്രതികരണത്തിന് മുന്നിൽ ലെമോസിന് പിടിച്ചുനിൽക്കാനായില്ല.
ലെമോസ് സുഹൃത്തായ ഒടെമ്പോയോട് പറഞ്ഞു: 'അഞ്ച് മാസം മുമ്പ് എനിക്ക് ഈ ആശയം ഉണ്ടായിരുന്നു. ഞാൻ ശരിക്കും മരിച്ചുവെന്ന് തോന്നിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. ആളുകൾ അത് അവരുടേതായ രീതിയിൽ വ്യാഖ്യാനിച്ചു. എന്റെ സംസ്‌കാര ചടങ്ങിലേക്ക് ആരൊക്കെ വരുമെന്ന് അറിയാൻ ഞാൻ ആഗ്രഹിച്ചു എന്നതാണ് സത്യം.'
തന്റെ വ്യാജ മരണത്തിനും തുടർന്നുണ്ടായ സംഭവങ്ങൾക്കും ലെമോസ് ക്ഷമാപണം നടത്തി. 'ഞാൻ ആരോടും പറഞ്ഞില്ല, കാരണം അത് നടക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. ആരെയും ദ്രോഹിക്കാനോ ഉപദ്രവിക്കാനോ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എല്ലാവരോടും ഞാൻ ശരിക്കും മാപ്പ് ചോദിക്കുന്നു.' ലെമോസ് പറഞ്ഞു,
ന്യൂസ് ഡെസ്‌ക്