ലണ്ടൻ: ബിറ്റ്‌കോയിന് ബദലായി വൺ കോയിൻ എന്ന ക്രിപ്‌റ്റോ കറൻസി പുറത്തിറക്കിയ ക്രിപ്റ്റോക്വീൻ എന്നറിയപ്പെടുന്ന രുജാ ഇഗ്‌നാറ്റോവ. ബിറ്റ്‌കോയിന് ബദലായി ഇവർ പുറത്തിറക്കിയ വൺകോയിൻ ആഗോള വിപണി പിടിച്ചടക്കിയപ്പോൾ തന്നെയാണ് ബിറ്റ്‌കോയിന് ഇന്ത്യയിൽ വിലയിടിഞ്ഞ് തുടങ്ങിയതും. ഇതിന്റെ ഫലമാണ് ഷുക്കൂർ എന്ന പെരിന്തൽമണ്ണക്കാരന്റെ കൊലപാതകം പോലും.. അതേസമയം കേരളത്തിൽ നിക്ഷേപരെ കബളിപ്പിച്ച ഷുക്കൂറിന്റെ മാതൃകയാണ് ആഗോള തലത്തിൽ ക്രിപ്‌റ്റോക്വീൻ രുജ ഇഗ്നാറ്റോവ നടത്തിയതും. ഒന്നും രണ്ടുമല്ല 175 രാജ്യങ്ങളിലെ നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങി ഇഗ്നാറ്റോവ.

മുപ്പതാം വയസ്സിൽ കോടീശ്വരിയാകണമെന്ന് ആഗ്രഹിച്ചിരുന്ന പെൺകുട്ടിയാണ് അവർ. സ്‌കോളർഷിപ്പോടെ ബിരുദപഠനം. പഠനകാലത്തും അവൾ വായിച്ചുതള്ളിയിരുന്നത് 'എങ്ങനെ പണമുണ്ടാക്കാം' എന്ന കാര്യം മാത്രം വിശദീകരിച്ചിരുന്ന പുസ്തകങ്ങൾ. 'ക്രിപ്‌റ്റോക്വീൻ' എന്ന് സ്വയം വിശേഷിപ്പിച്ച് ലോകമെമ്പാടും അവർ പ്രശസ്തി നേടി. പക്ഷേ, മാസങ്ങൾക്കുള്ളിൽ ലോകത്തെ ഞെട്ടിച്ച വമ്പൻ തട്ടിപ്പിലും അതേ വനിത പ്രതിയായി. അതേ, ക്രിപ്‌റ്റോക്വീൻ എന്ന റൂയ ഇഗ്നാറ്റോവ. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ(എഫ്.ബി.ഐ.) ഒരു ലക്ഷം ഡോളർ വിലയിട്ട പിടികിട്ടാപ്പുള്ളി. അഞ്ചു വർഷമായി ഇവരെ കുറിച്ച് ആർക്കും ഒന്നും അറിയില്ലെന്നതാണ് വസ്തുത. 2017 ഒക്ടോബർ 17-ന് ബൾഗേറിയയിലെ സോഫിയയിൽനിന്ന് ഗ്രീസിലെ ആതൻസിലേക്ക് വിമാനം കയറിയ റൂയയെക്കുറിച്ച് പിന്നെ വിവരമൊന്നും ലഭിച്ചിട്ടില്ല. എഫ്.ബി.ഐ. അടക്കമുള്ള അന്വേഷണ ഏജൻസികൾ ലോകമാകെ വല വിരിച്ചിട്ടും ക്രിപ്റ്റോക്വീൻ എവിടെയാണെന്നതും അവർക്ക് എന്തു സംഭവിച്ചുവെന്നതും ഇന്നും ദുരൂഹമായി തുടരുന്നു.

അന്വേഷണ ഏജൻസികളെ വെട്ടിച്ച് റൂയ മുങ്ങിയെങ്കിലും അവരുടെ കൂട്ടാളികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല. വൺകോയിൻ സഹസ്ഥാപകനും റൂയയുടെ കൂട്ടാളിയുമായ ഗ്രീൻവുഡിനെ 2018-ൽ തായ്ലാൻഡിലെ വീട്ടിൽനിന്നാണ് പിടികൂടിയത്. പിന്നാലെ യു.എസിന് കൈമാറുകയും ചെയ്തു. തട്ടിപ്പ് കേസിലടക്കം ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നിലവിൽ 20 വർഷത്തോളം നീണ്ട തടവുശിക്ഷ അനുഭവിച്ചുവരികയാണ് ഇയാൾ. തട്ടിപ്പിലെ കൂട്ടാളിയും റൂയയുടെ സഹോദരനുമായ കോൺസ്റ്റന്റ്‌റിൻ ഇഗ്‌നാറ്റോവ് 2019 മാർച്ചിൽ ലോസ് ആഞ്ജലിസ് വിമാനത്താവളത്തിൽവെച്ചു പിടിയിലായി. ബർഗേറിയയിലേക്ക് തിരികെ മടങ്ങാനായി വിമാനത്താവളത്തിലെത്തിയ ഇയാളെ അന്വേഷണ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടുകയായിരുന്നു. തട്ടിപ്പ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇഗ്‌നാറ്റോവിന് ഫെബ്രുവരിയിൽ ശിക്ഷ വിധിക്കും. അപ്പോഴും റൂയ ഒളിവിൽ തുടരുകയാണ്.

പുറത്തുവന്ന കണക്കുകൾ പ്രകാരം ക്രിപ്‌റ്റോ കറൻസിയിലൂടെ 4.9 ബില്ല്യൻ ഡോളർ (ഏകദേശം 34924.99 കോടി രൂപ)യുമായാണ് ഇഗ്നാറ്റോവ അപ്രത്യക്ഷമായത്. ആഗോള വ്യാപകമായി നിക്ഷേപം സ്വീകരിക്കുകയായിരുന്നു ഇഗ്നാറ്റോവ. അമേരിക്കയുടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ ഇവർക്കെതിരെ നിയമനടപടി തുടങ്ങി. ബിറ്റ്കോയിൻ തരംഗത്തിനിടെയാണ് കൊട്ടിഘോഷിച്ചാണ് ഇവർ തന്റെ പുതിയ ക്രിപ്‌റ്റോകറൻസിയായി വൺകോയിൻ അവതരിപ്പിച്ചത്. ശരിക്കും താരപരിവേഷത്തോടെയാണ് ഇവർ ക്രിപ്‌റ്റോ കറൻസി അവതരിപ്പിച്ചത്. ഡോക്ടർ രുജാ, ഡോക്ടർ ഇഗ്‌നാറ്റോവ എന്നിങ്ങനെയുള്ള പേരുകളിലാണ് ഇവർ നിക്ഷേപ സംഗമങ്ങളിൽ പ്രസംഗിച്ചത്.

2016ൽ വെംബ്ലിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത പലരും അവരുടെ വലയിൽ വീഴുക തന്നെ ചെയ്തു. ഗ്ലാസ്‌കോയിൽ നിന്നുള്ള ബെൻ മക്ആഡം മാത്രം നിക്ഷേപിച്ചത് 10,000 യൂറോയാണ്. കൂടാതെ ബൾഗേറിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ കമ്പനിക്ക് തന്റെ കുടുംബാംബങ്ങളെ പറഞ്ഞു മനസിലാക്കി എത്തിച്ചുകൊടുത്ത പണത്തിന്റെ മൂല്യം ഏകദേശം 220,000 പൗണ്ടാണ്. 2017ലാണ് രുജ അപ്രത്യക്ഷയായത്. ദക്ഷിണ കൊറിയ, ഹോങ്കോങ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കാര്യമായ വൺകോയിന് ലഭിച്ചിരുന്നു. വിയറ്റ്നാം, ബെംഗ്ലാദേശ്, യുഗാണ്ട തുടങ്ങിയ പാവപ്പെട്ട രാജ്യങ്ങളിൽ നിന്നു പോലുമുള്ള ആളുകൾ അവരുടെ തട്ടിപ്പിൽ പെട്ടുവെന്നാണ് കാണാനാകുന്നത്. വൻ തുകയാണ് പല രാജ്യങ്ങളിൽ നിന്നും അവരെ വിശ്വസിച്ചു നൽകിയിരിക്കുന്നത്.

സുഹൃത്തായ ഗ്രീൻവുഡിനൊപ്പം 2014-ലായിരുന്നു 'വൺകോയിനു'മായി റൂയയുടെ രംഗപ്രവേശം. പ്രധാന ക്രിപ്‌റ്റോകറൻസികളിലൊന്നായ ബിറ്റ്‌കോയിൻ ഇല്ലാതാകുമെന്നും ഇനിയുള്ള കാലം 'വൺകോയിന്' സ്വന്തമാകുമെന്നുമായിരുന്നു അവകാശവാദം. 'ബിറ്റ്കോയിൻ കില്ലർ' എന്നാണ് ഇവർ വൺകോയിനെ വിശേഷിപ്പിച്ചിരുന്നത്. യു.എസ്. അടക്കമുള്ള മറ്റു രാജ്യങ്ങളിൽനിന്നും വൺകോയിനിലേക്ക് നിക്ഷേപം ഒഴുകിയെത്തി. നിക്ഷേപങ്ങൾക്ക് അഞ്ചിരട്ടി മുതൽ പത്തിരട്ടി വരെ പ്രതിഫലം വാഗ്ദാനം ചെയ്തപ്പോൾ വിവിധ രാജ്യങ്ങളിൽനിന്നുള്ള അനേകം പേർ വൻതോതിൽ പണംമുടക്കി. പക്ഷേ, മാസങ്ങൾക്ക് ശേഷം നിക്ഷേപകരെയെല്ലാം വഞ്ചിച്ച് റൂയ ഇഗ്നാറ്റോവ അപ്രത്യക്ഷമാവുകയായിരുന്നു.

അതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ റൂയയെക്കുറിച്ചുള്ള മറ്റു ചില വാർത്തകളും പുറത്തുവന്നിരുന്നു. ലണ്ടനിൽ തന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റ് റൂയ വിൽക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു റിപ്പോർട്ട്. കമ്പനിയുടെ പേരിൽ വാങ്ങിയ അപ്പാർട്ട്മെന്റ് വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്തപ്പോൾ യഥാർഥ ഉടമയുടെ സ്ഥാനത്ത് റൂയയുടെ പേരും വിവരങ്ങളും നൽകിയിരുന്നു. അപ്പാർട്ട്മെന്റ് വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്യുമ്പോൾ യഥാർഥ ഉടമയുടെ പേര് നൽകണമെന്ന ചട്ടമാണ് റൂയയ്ക്ക് തിരിച്ചടിയായത്. ഇതോടെ അഞ്ചു വർഷത്തിന് ശേഷം റൂയയെക്കുറിച്ചുള്ള പുതിയ അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്.

ശക്തമായ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികൾ നിലനിൽക്കുന്നത്. എന്നാൽ റൂയ ഇഗ്‌നാറ്റോവ അവതരിപ്പിച്ച വൺകോയിന് ഇത്തരമൊരു ബ്ലോക്ക് ചെയിനോ യാതൊരു മൂല്യമോ ഇല്ലായിരുന്നു. ലോകത്തെ സാധാരണക്കാരുടെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൈക്കലാക്കുക എന്നത് മാത്രമായിരുന്നു വൺകോയിന്റെ ലക്ഷ്യമെന്നായിരുന്നു യു.എസ്. അറ്റോർണി ഡാമിയൻ വില്യംസിന്റെ വാക്കുകൾ. മറ്റു ക്രിപ്റ്റോകറൻസികളെപ്പോലെ മൈനിങ് നടത്താതെ വെറുമൊരു സോഫ്റ്റ്‌വെയറിൽ സൃഷ്ടിച്ചെടുത്തതായിരുന്നു വൺകോയിൻ.

ബൾഗേറിയയിലാണ് ക്രിപ്‌റ്റോക്വീൻ റൂയ ഇഗ്നാറ്റോവയുടെ ജനനം. അച്ഛന്റ എൻജിനീയർ. അമ്മ അദ്ധ്യാപികയും. റൂയയുടെ ബാല്യത്തിൽതന്നെ കുടുംബം ജർമനിയിലേക്ക് കുടിയേറി. ജർമനിയിലായിരുന്നു സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം. പഠനത്തിൽ മികവു പുലർത്തിയിരുന്ന, ചെസ്സ് ബോർഡിന് മുന്നിൽ സമയം ചെലവഴിച്ചിരുന്ന പെൺകുട്ടി. ജർമനിയിലെ കോൺസ്റ്റാൻസ് സർവകലാശാലയിൽ സ്‌കോളർഷിപ്പോടെയായിരുന്നു പഠനം. പിന്നീട് ഓക്‌സ്ഫഡ് സർവകലാശാലയിൽനിന്ന് യൂറ്യോപ്യൻ ലോയിലും പഠനം പൂർത്തിയാക്കി. കോളേജിലെ സഹപാഠിയെയാണ് റൂയ വിവാഹം കഴിച്ചിരുന്നത്. തന്റെ സമ്പത്ത് മുഴുവൻ നൽകേണ്ടി വരുമെന്ന് ഭയന്ന് വൈവാഹികജീവിതത്തിൽ കുട്ടികൾ പോലും വേണ്ടെന്നായിരുന്നു അവരുടെ നിലപാട്.

ഓക്‌സ്ഫഡിലെ പഠനത്തിന് ശേഷം മക്കൻസി ആൻഡ് കമ്പനിയിൽ കൺസൾട്ടന്റായി റൂയ ജോലിയിൽ പ്രവേശിച്ചു. ഇതിനെല്ലാം ശേഷമാണ് 2014-ൽ വൺകോയിൻ പദ്ധതിയുമായി രംഗപ്രവേശം നടത്തുന്നത്. റഷ്യൻ, ജർമൻ, ഇംഗ്ലീഷ്, ബൾഗേറിയൻ ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന റൂയയെ ഓരോ വേദികളിലും പ്രത്യക്ഷപ്പെടുമ്പോൾ വൻകരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചിരുന്നത്. വസ്ത്രധാരണത്തിലും സൗന്ദര്യത്തിലും ഏറെ ശ്രദ്ധപുലർത്തിയിരുന്ന ചുറുചുറുക്കുള്ള യുവതിയെന്ന് പലരും അവരെ വിശേഷിപ്പിച്ചു. ലിപ്സ്റ്റിക്കിന്റെ തിളക്കം, ഡയമണ്ട് കമ്മലുകൾ, അതീവസുന്ദരമായ ഗൗൺ... അങ്ങനെ ഓരോ വേദിയിലും സദസ്സിലുള്ളവരുടെ മനംകവർന്നു റൂയ.

രണ്ടു വർഷത്തോളം നിക്ഷേപങ്ങൾ കുമിഞ്ഞുകൂടിയ 'വൺകോയിന്' 2016 അവസാനം മുതലാണ് അടിപതറാൻ തുടങ്ങിയത്.നേരിട്ട് ഉപഭോക്താക്കൾക്ക് ഡിജിറ്റൽ കോയിൻ വിൽക്കുന്നതിന് പകരം ചില വിദ്യാഭ്യാസ സാമഗ്രികളുടെ പാക്കേജുകളും മറ്റും അവതരിപ്പിച്ചായിരുന്നു വൺകോയിന്റെ തുടക്കം. വൺകോയിന്റെ എക്‌സ്‌ചേഞ്ചായ എക്‌സ് കോയിൻ എക്‌സ് വഴി മാത്രമേ വൺകോയിൻ മറ്റു കറൻസികളിലേക്ക് മാറ്റാൻ കഴിയുമായിരുന്നുള്ളൂ. 2016 മാർച്ചിൽ രണ്ടാഴ്ചത്തേക്ക് ഈ എക്‌സ്‌ചേഞ്ച് പ്രവർത്തനരഹിതമായി. പിന്നീട് 15 ദിവസങ്ങൾക്ക് ശേഷം പ്രവർത്തനം ആരംഭിച്ചെങ്കിലും പലവിധ തടസങ്ങളും നേരിട്ടു. 2017 ജനുവരിയിൽ എക്‌സ്‌ചേഞ്ച് പൂർണമായുംഅടച്ചുപൂട്ടി. കമ്പനി വിറ്റിരുന്ന വിദ്യാഭ്യാസ പാക്കേജുകളും പഠനസാമഗ്രികളുമെല്ലാം കോപ്പിയടിച്ചതാണെന്നും തെളിഞ്ഞു.

2017 ഒക്ടോബർ ആദ്യവാരമാണ് റൂയ ഇഗ്നാറ്റോവയ്‌ക്കെതിരേ യു.എസിൽ കുറ്റം ചുമത്തി കേസെടുക്കുന്നത്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന സാമ്പത്തിക തട്ടിപ്പാണ് ഇവർക്കെതിരേ ചുമത്തിയിരുന്നത്. റൂയയ്‌ക്കെതിരേ ന്യൂയോർക്കിലെ ഫെഡറൽ ജഡ്ജ് അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. പക്ഷേ, വാറന്റ് പുറപ്പെടുവിച്ച് ദിവസങ്ങൾക്കുള്ളിൽ ക്രിപ്‌റ്റോക്വീൻ അപ്രത്യക്ഷമായി. 2017 ഒക്ടോബർ 25-ന് ബൾഗേറിയയിലെ സോഫിയയിൽനിന്ന് ഗ്രീസിലെ ആതൻസിലേക്ക് വിമാനത്തിൽ യാത്രതിരിച്ചതാണ് റൂയ. എന്നാൽ അതിനുശേഷം റൂയയെക്കുറിച്ച് ഒരുവിവരവും ലഭ്യമല്ല. ജർമൻ പാസ്‌പോർട്ടുള്ള റൂയ ആതൻസിൽനിന്ന് ജർമനി, റഷ്യ, അല്ലെങ്കിൽ ബൾഗേറിയയിലേക്ക് തന്നെ തിരികെ പറന്നിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

റൂയയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളറാണ് എഫ്.ബി.ഐ. പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം. എഫ്.ബി.ഐയുടെ ടോപ് 10 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും ഈ തട്ടിപ്പുറാണിയുടെ പേരുണ്ട്. ഈ പട്ടികയിലെ ഏകവനിതയും ഇവരാണ്. ആയുധധാരികളായ അംഗരക്ഷകരുടെയോ കൂട്ടാളികളുടെയോ അകമ്പടിയോടെയായിരിക്കും ഇവരുടെ യാത്രയെന്ന് എഫ്.ബി.ഐ. മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരുപക്ഷേ, പ്ലാസ്റ്റിക് സർജറി നടത്തി രൂപമാറ്റം വരുത്താനുള്ള സാധ്യതയും എഫ്.ബി.ഐ. തള്ളിക്കളയുന്നില്ല.