- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 46,000 ആയി ഉയർന്നു; ജീവന്റെ തുടിപ്പുകൾ തേടി ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ തിരിച്ചിൽ തുടരുന്നു; അത്യാഡംബര കെട്ടിടങ്ങളിൽ പലതും നിലം പൊത്തിയപ്പോൾ കുലുങ്ങാതെ ചില കെട്ടിടങ്ങൾ
ആത്മവിദ്യാലയമേ എന്ന ഗാനം തലമുറകൾ കഴിഞ്ഞിട്ടും മലയാളികൾ പാടി നടക്കുന്ന ഒരു ഗാനമാണ്. ജീവിതത്തിന്റെ നിരർത്ഥകത അതിമനോഹരമായ വരികളിലൂടെ വിളിച്ചോതുന്ന ആ ഗാനമാണ്, ഇപ്പോൾ തുർക്കിയിൽ നിന്നുള്ള ചില വീഡിയോ ദൃശ്യങ്ങൾ കാണുമ്പോൾ മനസ്സിലേക്കോടിയെത്തുക. ചെൽസിയൻ താരം ക്രിസ്റ്റ്യൻ ആറ്റ്സുവിന്റെ മൃതദേഹം ലഭിച്ചിടത്തുനിന്നുള്ള ഡ്രോൺ ക്യാമറ പകർത്തിയ ദൃശ്യങ്ങൾ അത്തരത്തിലുള്ളതാണ്.
കല്ലിന്റെയും മണ്ണിന്റെയും കോൺക്രീറ്റിന്റെയും കൂനകളായി മാറിയ അത്യാഡംബര പാർപ്പിട സമുച്ചയങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ തുർക്കിയുടെ സമ്പത്തിന്റെയും അധികാരത്തിന്റെയും സൗന്ദര്യത്തിന്റെയുമൊക്കെ പ്രതീകങ്ങളായിരുന്നു. ഉലകം വെല്ലാൻ ഉഴറിയ നീ വിലപിടിപ്പില്ലാത്ത തലയോടായി എന്ന ആ ഗനത്തിലെ വരികളെ പോലെ, ആ അധികാരവും സമ്പത്തുമെല്ലാം ഇന്ന് വെറും കല്ലും മണ്ണുമായി മാറിയിരിക്കുന്നു. ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോൾ സംഭവിച്ച മാറ്റം!
മരണ സംഖ്യ 46,000 കടന്നപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. ഭൂകമ്പം നടന്ന് ഇത്രയേറെ ദിവസങ്ങൾ പിന്നിട്ടിട്ടും, ചിലരെയെങ്കിലും ജീവനോടെ രക്ഷിക്കാനായത് പ്രതീക്ഷകൾക്ക് ശക്തി വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞു പോകുന്ന ഓരോ മണിക്കൂറും വിലയേറിയതാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ യാതൊന്നും ആശിക്കാതെയാണ് തിരച്ചിൽ നടക്കുന്നത്.
തെക്കൻ തുർക്കിയിലെ നഗരമായ അന്റാക്യയിലെ ഏറ്റവും ആഡംബരപൂർണ്ണമായ പാർപ്പിട സമുച്ചയങ്ങളിൽ ഒന്നായിരുന്നു ആറ്റ്സു താമസിച്ചിരുന്ന 12 നിലകളുള്ള റൊണേസാൻസ് റെസിഡൻസ് എന്ന കെട്ടിടം. നവോദയത്തിന്റെ മാളിക എന്നർത്ഥം വരുന്ന ആ സമുച്ചയം ഒരു ചീട്ട് കൊട്ടാരം പോലെ തകർന്ന് വീഴുകയായിരുന്നു. 249 അപ്പാർട്ട്മെന്റുകളായിരുന്നു അതിലുണ്ടായിരുന്നത്.
ഈ കെട്ടിട നിർമ്മാണത്തെ കുറിച്ചും ഇപ്പോൾ സംശയങ്ങൾ ഉയരുന്നുണ്ട്. ഇതിന്റെ നിർമ്മാണത്തിന്റെ ഗുണമേന്മയെ കുറിച്ചുള്ള ചില സംശയങ്ങളുടെ പേരിൽ 2013 ൽ ഇതിന്റെ നിർമ്മാതാവായ മെഹ്മെത് യാസർ ഇസ്താംബൂൾ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായിരുന്നു. എന്നാൽ, താൻ നാടുവിട്ട് പോവുകയാണെന്ന ആരോപണം യാസർ അന്ന് നിഷേധിച്ചിരുന്നു. ഇപ്പോൾ ഈ കെട്ടിടം തകർന്നതോടെ ഇയാൾ വീണ്ടും വാർത്തയിൽ എത്തുകയാണ്.
കെട്ടിടം അപ്പാടെ തകർന്ന് വീഴാനുള്ള കാരണം എന്തെന്നറിയില്ല എന്നാണ് നാസർ പറയുന്നത്. അയാളുടെ അഭിഭാഷകൻ പറയുന്നത് തുർക്കി ഭരണകൂടം ഇപ്പോൾ ബലിയാടുകളെ തേടി നടക്കുകയാണെന്നാണ്. 113 ഓളം അറസ്റ്റ് വാറന്റുകളാണ് കെട്ടിടങ്ങൾ തകർന്നതുമായി സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സ്വിമ്മിങ് പൂൾ, ജിം തുടങ്ങിയ ആഡംബര സൗകര്യങ്ങൾ ഒക്കെയുള്ള ഈ പാർപ്പിട സമുച്ചയം പണിതീർത്തപ്പോൾ അറിയപ്പെട്ടിരുന്നത് പറുദീസയുടെ ഭാഗം എന്നായിരുന്നു.
ആയിരത്തോളം പേർ താമസിച്ചിരുനൻ ഈ കെട്ടിടം പൂർണ്ണമായും തകർന്നടിഞ്ഞപ്പോൾ, സമീപത്തുള്ള ചില പഴയ കെട്ടിടങ്ങൾ, വലിയ കേടുപാടുകൾ ഉണ്ടായെങ്കിലും, നിലം പൊത്താതിരുന്നത് ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ സംശയങ്ങൾ ഉണർത്തുകയാണ്. ഭൂകമ്പം നടന്ന അന്നു തന്നെ തുർക്കിയിലേയും ചില വിദേശ രാജ്യങ്ങളിലേയും രക്ഷാ പ്രവർത്തകർ, ഈ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. ആയിരത്തോളം പേർ താമസിച്ചിരുന്ന ഇവിടെ നിന്നും ഇരുപതിൽ താഴെ ആളുകളെ മാത്രമെ രക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ