- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി വിധി മലയാളത്തിലേക്ക് മൊഴിമാറ്റത്തിന് തുടക്കമിട്ടപ്പോൾ ആദ്യ വിധിവന്നത് പി.വി അൻവർ എംഎൽഎയുടെ തടയണപൊളിക്കാനുള്ളത്; രാജ്യത്തെ നീതിന്യായരംഗത്ത് ചരിത്രമായി കേരള ഹൈക്കോടതി വിധി ഇനി മലയാളത്തിലും
മലപ്പുറം: രാജ്യത്തെ നീതിന്യായ രംഗത്ത് ചരിത്രമായി കേരള ഹൈക്കോടതി വിധി മലയാളത്തിലേക്ക് മൊഴിമാറ്റത്തിന് തുടക്കമിട്ടപ്പോൾ ആദ്യ വിധി പി.വി അൻവർ എംഎൽഎയുടെ തടയണപൊളിക്കാനുള്ള സിംഗിൾ ബെഞ്ച് വിധി ശരിവെച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെയും ജസ്റ്റിസ് ഷാജി പി ചാലിയുടെയും വിധി ന്യായം.
ഇരുവരും 2023 ജനുവരി 31ന് പുറത്തിറക്കിയ വിധിന്യായമാണ് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ മലയാളത്തിലേക്ക് മൊഴിമാറ്റിയത്. ജനങ്ങൾക്ക് വിധി ന്യായങ്ങൾ മനസിലാക്കാൻ അവ പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റണമെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ നിർദ്ദേശം നടപ്പാക്കിയാണ് രാജ്യത്താദ്യമായി കേരള ഹൈക്കോടതി മാതൃഭാഷാദിനത്തിൽ രണ്ട് വിധി ന്യായങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയത്.
പി.വി അൻവർ എംഎൽഎയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പി.വി ആർ നാച്വറോ റിസോർട്ടിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമ്മിച്ച നാലു തടയണകളും ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഒരു മാസത്തിനകം തടയണകൾ പൊളിച്ചുനീക്കണമെന്ന കഴിഞ്ഞ വർഷം ഒക്ടോബർ 26ന് ജസ്റ്റിസ് വി.ജി അരുണിന്റെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അൻവറിൽ നിന്നും തടയണ ഉൾപ്പെടുന്ന സ്ഥലം വിലക്കുവാങ്ങിയ കരാറുകാരൻ ഷെഫീഖ് ആലുങ്ങൽ സമർപ്പിച്ച അപ്പീൽ ഹരജി തള്ളികൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അഞ്ചു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് എംഎൽഎയുടെ റിസോർട്ടിലെ തടയണകൾ പൊളിക്കാനുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവെത്തിയത്.
തടയണകൾ പീ വീആർ നാച്വറൽ റിസോർട്ട് അധികൃതർ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി തടയണകൾ പൊളിച്ചുനീക്കി ഇതിനായി ചെലവുവരുന്ന തുക ഇവരിൽ നിന്നും ഈടാക്കണമെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
തടയണകൾ പൊളിക്കാൻ കോഴിക്കോട് ജില്ലാ കളക്ടർ ഉത്തരവിട്ടപ്പോൾ തടയണ ഉൾപ്പെടുന്ന സ്ഥലം പി.വി അൻവർ എംഎൽഎ കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വിൽപന നടത്തുകയായിരുന്നു. തുടർന്ന് തടയണകളിലെ വെള്ളം തുറന്നുവിട്ടെന്നും തടയണകൾ പൊളിച്ചുനീക്കിയാൽ തന്റെ സ്ഥലത്തേക്കുള്ള വഴി തടസപ്പെടുമെന്ന് കാണിച്ച് ഷഫീഖ് ഹൈക്കോടതിയെ സമീപിച്ച് തടയണ പൊളിക്കുന്നതിന് താൽക്കാലിക സ്റ്റേ നേടുകയായിരുന്നു.
നീരുറവക്ക് കുറുകെ റോഡ് പണിതാണ് റിസോർട്ടിലേക്ക് വഴിയൊരുക്കിയിരുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തടയണകൾ പൊളിച്ചുനീക്കാൻ തുടങ്ങിയിട്ടുണ്ട്. പി.വി അൻവറിന്റെ തടയണകൾ പൊളിക്കാനുള്ള വധിക്കൊപ്പം വാഹനം വാങ്ങുന്നതിന് വായ്പ നൽകിയതുമായി ബന്ധപ്പെട്ട കേസിന്റെ വിധിന്യായവുമാണ് മലയാളത്തിലേക്ക് മാറ്റിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്