- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളുകളിലും കോടതികളിലും ടൗൺഹാളുകളിലും അടക്കം എല്ലായിടത്തും എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങൾ മാറ്റുന്നു; പകരം പുതിയ രാജാവിന്റെ ചിത്രങ്ങൾ വരും; സ്റ്റാമ്പിലും കറൻസിയിലും ചിത്രങ്ങൾ മാറും; ബ്രിട്ടണിൽ രാജ്ഞി വിസ്മൃതിയിലേക്ക്
ലണ്ടൻ: ഒരുകാലത്ത് സൂര്യനസ്തമിക്കാത്തതായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യം. കോളനികൾ ഒന്നൊന്നായി സ്വാതന്ത്ര്യം നേടി സാമ്രാജ്യത്തിന്റെ വിസ്തൃതി കുറഞ്ഞെങ്കിലും ബ്രിട്ടീഷ് രാജപദവിക്ക് ആഗോളതലത്തിൽ തന്നെ ഉന്നതമായ ഒരു സ്ഥാനം ലഭിക്കുന്നുണ്ട്. ലോകമെമ്പാടും നിരവധി ആരാധകരുള്ള വ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞി. അവരുടെ ശവസംസ്‌കാര യാത്രയുടെ തത്സമയ ദൃശ്യം ലോകത്തിന്റെ വിവിധ കോണുകളിൽ ഇരുന്ന വിവിധ ടി വി ചാനലുകളിലൂടെ കണ്ടവരുടെ എണ്ണം മാത്രം മതി അവരുടെ ആരാധകവൃന്ദത്തിന്റെ വലിപ്പമറിയാൻ.
ഇപ്പോഴിതാ, എലിസബത്ത് രാജ്ഞി തികച്ചും വിസ്മൃതിയിലേക്ക് ആണ്ടു പോകുന്നു. ബ്രിട്ടനിലെ സ്‌കൂളുകളിലും കോടതികളിലും കൗൺസിലുകളിലും പൊലീസ് സ്റ്റേഷനുകളിലുമൊക്കെ അതീവ പ്രാധാന്യം നൽകി പ്രദർശിപ്പിച്ചിരുന്ന രാജ്ഞിയുടെ ചിത്രങ്ങൾ എടുത്തു മാറ്റുകയാണ്. പകരം പുതിയ രാജാവായാ ചാൾസിന്റെ ചിത്രങ്ങൾ അവിടെ ഇടംപിടിക്കും. ഡച്ചി ഓഫ് ലങ്കാസ്റ്റർ ചാൻസലർ ഒളിവർ ഡൗഡെൻ മുൻകൈ എടുത്താണ് ഈ ശ്രമം.
ബ്രിട്ടീഷുകാരിൽ ദേശീയബോധം ഉണർത്താനും രാജാവിന്റെ ഔദ്യോഗിക കിരീട ധാരണത്തിനു മുൻപ് തന്നെ അദ്ദേഹത്തെ ആദരിക്കുന്നതിനുമായിട്ടാണ് ഇപ്പോൾ ധൃതിപിടിച്ചുള്ള ഈ നടപടികൾ. ബ്രിട്ടീഷുകാരെ ഒന്നിപ്പിച്ച് നിർത്തുന്നത് എന്താണെന്ന് അവരെ ഓർമ്മിപ്പിക്കുന്നതിനുള്ള ഒരു ഉപാധി കൂടിയാണിതെന്ന് ഡൗഡെൻ പറയുന്നു. ഒപ്പം അവരിൽ ആത്മാഭിമാനം ഉണർത്തുകയും ചെയ്യും.
എലിസബത്ത് രാജ്ഞിയുടെ ചിത്രത്തിനു പകരം വയ്ക്കുന്നതിനുള്ള ചാൾസിന്റെ ചിത്രമെടുക്കാൻ ഒരു ഔദ്യോഗിക ഫോട്ടോഗ്രാഫറെ ഇനിയും ചുമതലപ്പെടുത്തേണ്ടതുണ്ട്. മിക്കവാറും കിരീടധാരണത്തിനു ശേഷമാകും രാജാവിന്റെ ഔദ്യോഗിക ചിത്രം അനാഛാദനം ചെയ്യുക. രജകുടുംബം രാജാവിന്റെ ഔദ്യോഗിക ചിത്രം പുറത്തുവിട്ടാൽ ഉടൻ തന്നെ അത് എല്ലാ പൊതുയിടങ്ങളിലും സ്ഥാപിക്കും.
അർഹരായ സർക്കാർ ഏജൻസികൾക്ക് അവരുടെ ഓഫീസുകളിൽ സ്ഥാപിക്കാൻ സൗജന്യമായിട്ടായിരിക്കും ഫ്രെയിം ചെയ്ത ഫോട്ടോകൾ നൽകുക. രാജാവിന്റെ കിരീട ധാരണം രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള ഒരു അവസരമാണ്. ചരിത്ര പ്രാധാന്യമുള്ള ഈ മുഹൂർത്തത്തിൽ രാജാവിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയാണ് ചിത്രങ്ങൾ സ്ഥാപിക്കുക വഴി എന്നും ഒരു സർക്കാർ വക്താവ് അറിയിച്ചു.ൽ
രാജകുടുംബത്തിനെതിരെയുള്ള റിപ്പബ്ലിക്കൻസിന്റെ വികാരത്തിന്റെ തീവ്രത ഇത് കുറയ്ക്കുമെന്നും അധികൃതർ കരുതുന്നു. സമീപ ഭൂതകാലത്തിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെട്ട് രാജ്ഞിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദേശഭക്തിയും സാമ്രാജ്യത്വവും പരസ്പര പൂരകങ്ങളാണെന്നും, രാജ്ഞിയുടെ ചിത്രത്തിനു പകരമായി നല്ല കലാമൂല്യമുള്ള ഒരു ചിത്രം അവിടെ പ്രദർശിപ്പിക്കണം എന്നുമായിരുന്നു വിദ്യാർത്ഥികൾ പറഞ്ഞിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ