മലപ്പുറം: തിരൂർ ജില്ലാ ആശുപത്രിയിൽ മൂത്രപ്പുരയ്ക്ക് സമീപം നിന്ന നിൽപ്പിൽ പ്രസവിച്ച് യുവതി. പൊക്കിൾകൊടി അറ്റ് നിലത്ത് തലകുത്തി വീണ നവജാതശിശുവിന് പരുക്കേറ്റു. തലയോട്ടിയുടെ ഉൾഭാഗത്ത് പൊട്ടലും തലച്ചോറിൽ രക്തസ്രാവവുമുണ്ടായതിനെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജില്ലാ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലമാണ് സംഭവമുണ്ടായതെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ രക്ഷിതാക്കൾ ആരോഗ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകി.

താനൂർ ഉണ്യാൽ തേവർ കടപ്പുറം സ്വദേശി ഈച്ചിന്റെ പുരക്കൽ ജംഷീറിന്റെ ഭാര്യ സഹീറക്കാണ് ആശുപത്രിയിലെ മൂത്രപുരയുടെ സമീപത്ത് പ്രസവിക്കേണ്ടി വന്നത്. പ്രസവിച്ചപ്പോൾ കുട്ടി തറയിലേക്ക് പൊക്കിൾകൊടി അറ്റ് തലകുത്തി വീണു. വീഴ്ചയിൽ കുട്ടിയുടെ തലയോട്ടിയുടെ ഉൾഭാഗത്ത് പൊട്ടലും തലച്ചോറിൽ രക്തം സ്രാവവുമുണ്ടായി.കഴിഞ്ഞ വ്യഴാഴ്ച ഉച്ചയോടെയാണ് സംഭവം.

ജില്ലാ ആശുപത്രിയിൽ പ്രസവ സംബന്ധമായ ചികിത്സ തേടിയിരുന്ന സഹീറക്ക് ഏപ്രിൽ 7ന് വെള്ളിയാഴ്ചയായിരുന്നു ഡോക്ടർ പ്രസവ തീയതി കുറിച്ചിരുന്നത്. അസഹ്യമായ പ്രസവവേദനയെ തുടർന്ന് ഒരു ദിവസം മുമ്പ് രാവിലെ എട്ട് മണിയോടെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭർത്താവിന് സ്ത്രീകളുടെ വാർഡായതിനാൽ പ്രവേശനാനുമതിയുണ്ടായിരുന്നില്ല. ഭർതൃമാതാവിനയും ഭർത്താവിന്റെ മാതൃസഹോദരിയെയും സഹീറയുടെ സഹാേദരിയെയും മാത്രമാണ് വാർഡിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. 8.30 ടെ ഡോക്ടർ പരിശോധിച്ച് ഗർഭപാത്രം വികസനമുണ്ടായിട്ടില്ലെന്ന് അറിയിച്ചു.

പത്ത് മണിയോടെ പ്രസവവേദന അനുഭവപ്പെട്ട വിവരം ഡ്യൂട്ടിയിലുണ്ടായി നഴ്സുമാരെ പല തവണ അറിയിച്ചിട്ടും സമയം ആയിട്ടില്ല എന്ന് പറഞ്ഞ് പ്രസവമുറിയിലേക്ക് കയറ്റിയില്ലെന്നാണ് സഹീറയുടെ ബന്ധുക്കൾ പറഞ്ഞത്. വേദന സഹിക്കാനാവാതെ യുവതി മൂത്രമൊഴിക്കാൻ ആശുപത്രിയിലെ പ്രസവമുറിയുടെ മൂത്രപ്പുരയിൽ ബന്ധുക്കൾ പ്രവേശിപ്പിച്ചു. പിന്നീട് രണ്ടാം തവണയും ബാത്ത് റൂമിൽ പ്രവേശിപ്പിച്ച് യുവതി പുറത്തിറങ്ങി വരുന്നതിനിടെ പ്രസവത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാവുന്നത് ഭർതൃമാതാവ് ഡ്യൂട്ടിയിലുള്ള നഴ്സുമാരെ അറിയിച്ചപ്പോൾ തട്ടിക്കയറുകയായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിലൂടെ രക്തം വരുന്ന വിവരം അറിയിച്ചിട്ടും നഴ്സുമാർ അനങ്ങിയില്ല. പിന്നീട് വസ്ത്രം മാറ്റാൻ ആവശ്യപ്പെടുന്നതിനിടെ നിന്ന നിൽപ്പിൽ യുവതി പ്രസവിക്കുകയായിരുന്നു. ഉടനെ എല്ലാവരും ഓടിക്കൂടി കുട്ടിയെ എടുക്കുകയായിരുന്നു. തുടർന്ന് കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികളുടെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും വേണ്ടത്ര പരിശോധന നടത്തിയിരുന്നില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു.

തുടർന്ന് കുട്ടിയെ ബന്ധുക്കൾക്ക് കാണിച്ച് കൊടുക്കാൻ പോലും തയ്യാറായില്ല. നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് പാൽ കുടിക്കാൻ മാതാവിന്റെ അരികിലെത്ത് പെട്ടെന്ന് എക്സറേ എടുക്കാൻ കൊണ്ട് പോയി. എക്സറയിൽ കുഴപ്പമില്ലെന്ന് ബന്ധുക്കളെ അറിയിച്ചു. പിന്നീട് ആശുപത്രിയിലെ ഉദ്യോഗസ്ഥരുമായി വാഗ്വാദം ഉണ്ടായതിനെ തുടർന്ന് കുട്ടികളെ ഡോക്ടറെ വിളിച്ച് വരുത്തി രാത്രിയോടെയാണ് കുട്ടിയെ സ്‌കാൻ ചെയ്തത്. സ്‌കാനിങ് റിപ്പോർട്ടിലാണ് കുട്ടിയുടെ തലയോട്ടിയുടെ ഉൾഭാഗത്ത് പൊട്ടും തലച്ചോറിൽ രക്തം കട്ടപിടിച്ചതും കണ്ടെത്തിയത്. ഉടനെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. കുട്ടിക്കേറ്റ ആഘാതം കാരണം മറ്റു നടപടികളിലേക്ക് കടക്കാതെ രക്ഷിതാക്കൾ കുട്ടിയെ വേഗത്തിൽ മെഡിക്കൽ കോളേജിലേക്കെത്തിക്കുകയും എൻ.ഐ.സിയുവിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടി ഡോക്ടർമാരുടെ തീവ്ര പരിചരണത്തിലാണ്. മാതാവിന് കാര്യമായ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഭാവിയിൽ കുട്ടിയുടെ അവസ്ഥ എന്താകുമെന്ന ആശങ്കയിലാണ് കുട്ടിയുടെ കുടുംബം. സംഭവത്തിൽ സംസ്ഥാന ആരോഗ്യമന്ത്രി, ജില്ലാ മെഡിക്കൽ ഓഫീസർ, ശിശു ക്ഷേമ വകുപ്പ്, ജില്ലാ ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് കുടുംബം പരാതി നല്കി. സംഭവം ഖേദകരമെന്ന് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ പറഞ്ഞു. ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള മോശമായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.സംഭവത്തിൽ അന്വേഷണം വേണമെന്ന് എം.എൽഎ കുറുക്കോളി മൊയ്തീനും പറഞ്ഞു.