മലപ്പുറം: വിൽചെയറിലിരുന്ന് മണവാളൻ എത്തിയതോടെ ശബാനയുടെ കണ്ണിൽനിന്നും ഒരിറ്റ് കണ്ണീർവന്നു. അതുപക്ഷെ ദുഃഖ:ത്തിന്റേയോ, വേദനയുടേതോ ആയിരന്നു. മറിച്ചു സന്തോഷത്തിന്റെ ആനന്ദാശ്രു ആയിരുന്നു. വിവാഹമെന്നതു ഒരു സ്വപ്നം മാത്രമായി അവശേഷിക്കുമെന്നു കരുതിയവൾക്കു മുന്നിലേക്കാണു തന്റെ മനമറയുന്ന വരൻ എത്തിയത്. അതിൽ വീൽചെയറിനൊന്നും ഒരു പ്രധാന്യവുമില്ല. മറിച്ചു സന്തോഷം മാത്രമെയുള്ളു.

ചെറുപ്പത്തിലേ പോളിയോ ബാധിച്ച് കാലുകൾ തളർന്ന് വീൽചെയറിൽ കഴിയുന്ന യൂനുസും, ഭിന്ന ശേഷിക്കാരിയായ ബിപി അങ്ങാടി സ്വദേശിനി ഫാത്തിമ ഷബാനയും തമ്മിലുള്ള വിവാഹമാണ് ഇന്നലെ ആഘോഷമായി നടന്നത്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന തിരൂർ കിൻഷിപ്പ്് ഡയറക്ടറും, ചീഫ് കോർഡിനേറ്ററുമായി നാസർ കുറ്റൂരാണു ഇരുവരുടേയും മംഗല്യസാഫല്യത്തിനു നേതൃത്വം നൽകിയത്. കിൻഷിപ്പിലെ അന്തേവാസിളായിരുന്നു ഇരുവരും.

പൂപ്പന്തലിന്റെ തണലിൽ മാപ്പിളപ്പാട്ടുമായി തോഴിമാർക്കൊപ്പം മണവാട്ടിയും, കൂട്ടുകാർ ഒരുക്കിയ മൊഞ്ചുള്ള നൃത്തത്തിനിടയിലൂടെ വീൽചെയറിലിരുന്ന് മണവാളനുമെത്തിയതോടെ കിൻഷിപ്പിലെ വിവാഹച്ചടങ്ങ് മധുരമൂറുന്ന നിമിഷങ്ങളായി മാറി. ഷബാന ആറുമാസങ്ങൾക്കു മുൻപാണ് കിൻഷിപ്പിലെത്തിയത്. ഇവിടെ നിന്ന് ലഭിച്ച പരിചരണത്തിലൂടെ വലിയ മാറ്റമുണ്ടായി. തുടർന്ന് ഇവിടെ വൊളന്റിയറായി സേവനം നൽകി വരികയായിരുന്നു.

ഇതിനിടെയാണ് കിൻഷിപ് വരാന്തകളിൽ ഇവരുടെ പ്രണയം മൊട്ടിട്ടത്. രണ്ടു പേരുടെയും കുടുംബങ്ങളുടെ അറിവോടെ പിന്നീട് പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അലങ്കരിച്ച കിൻഷിപ് ഹാളിൽ രാവിലെ മുതൽ വിവാഹാഘോഷത്തിന്റെ ഭാഗമായി ഗസൽ ഗാനങ്ങൾ ഒഴുകി. മണവാട്ടിയും മണവാളനും ഹാളിലേക്ക് എത്തിയതോടെ ആഘോഷം തുടങ്ങി. വീൽചെയറിൽ സഞ്ചരിക്കുന്നവരുടെ ഒപ്പനയും, സ്നേഹതീരം വൊളന്റിയർമാരുടെ പാട്ടും നൃത്തവും ഉച്ചഭക്ഷണവും കേക്ക് മുറിക്കലുമെല്ലാമായി ഒത്തുകൂടിയവർ വിവാഹം ആഘോഷിച്ചു.

ഇരുവരുടെയും രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് കിൻഷിപ് ഡയറക്ടർ നാസർ കുറ്റൂരു തന്നെയാണ് കാര്യങ്ങളെല്ലാം നിയന്ത്രിച്ചത്. സ്നേഹതീരം വൊളന്റിയർമാരും എല്ലാത്തിനും നേതൃത്വം നൽകി. ഇന്ന് ചെറിയപറപ്പൂരുള്ള ഷബാനയുടെ പിതാവ് ഹംസയുടെ നേതൃത്വത്തിൽ നിക്കാഹ് നടക്കും. തുടർന്ന് ബിപി അങ്ങാടിയിലുള്ള മാതാവ് ഷാഫിജയുടെ വീട്ടിൽ സൽക്കാരവുമുണ്ട്. മാതാപിതാക്കളില്ലാത്ത യൂനസിന്റെ സഹോദരങ്ങൾ നൂർജഹാനും നൗഫലുമാണ് വരന്റെ കൂടെയുണ്ടായിരുന്നത്.

കിൻഷിപ്പിൽ ശനിയാഴ്ച നടന്ന വിവാഹ സൽക്കാര ആഘോഷത്തിൽ വധൂവരന്മാർക്ക് ആശംസകൾ നേരാൻ നിരവധി പേരെത്തി. ഗായകൻ ഫിറോസ് ബാബു, അസ്മ കൂട്ടായി തുടങ്ങിയവർ സംഗീതസദ്യയൊരുക്കി. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കഴിഞ്ഞ 10വർഷമായി കിൻഷിപ്പ്് തിരൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്നു. 40അന്തേവാസികളുള്ള ഇവിടെ ഇവർക്കുവേണ്ട വിവിധ തെറാപ്പികളും, പുനരധിവാാസ പ്രവർത്തനളുമാണു നൽകിവരുന്നത്.

വിവാഹച്ചടങ്ങിന് തിരൂർ നഗരസഭാ ചെയർപേഴ്സൺ എ.പി.നസീമ, നൂർ ജലീല, തുടങ്ങിയവർ പങ്കെടുത്തു. ഡയറക്ടർമാരായ റഫീസ് മാസ്റ്റർ, അൽത്താഫ്, ബാബു, ദിലീപ് അമ്പായത്തിൽ, ഫൈസൽ ബാബു, അഷ്റഫ് റിയൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നലകി. വിവാഹച്ചടങ്ങിനുവേണ്ടി എല്ലാവിധ ചെലവുകളും, വസ്ത്രം, ഉൾപ്പെടെയുള്ള നിരവധി വിവാഹസമ്മാനങ്ങളും വധൂവരന്മാർക്കു സമ്മാനിക്കുകയും ചെയ്തു.