- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രസർക്കാർ കായികതാരങ്ങൾക്കൊപ്പം; നടപടികൾ സ്വീകരിച്ചത് ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ട പ്രകാരം; പൊലീസ് അന്വേഷണം പൂർത്തിയാകട്ടെ; രാഷ്ട്രീയ നേതാക്കൾ സമരവേദിയിലെത്തുന്നതിനെ വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ റസലിങ് ഫെഡറേഷൻ തലവൻ ബ്രിജ്ഭൂഷൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ സമരം കടുപ്പിച്ചതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര സർക്കാർ. ഡൽഹി പൊലീസ് നടത്തുന്ന അന്വേഷണം പൂർത്തിയാകുംവരെ പ്രക്ഷോഭ പരിപാടികൾ നടത്തരുതെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ അഭ്യർത്ഥിച്ചു.
ഡൽഹി പൊലീസ് സുപ്രീം കോടതിയെ വിവരങ്ങൾ ധരിപ്പിക്കുകയും പ്രഥമ വിവര റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുംവരെ കായിക മേഖലയ്ക്കും താരങ്ങൾക്കും ദോഷമുണ്ടാക്കുന്ന നടപടികൾ ഗുസ്തി താരങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഗുസ്തി താരങ്ങളുടെ സമരത്തിന് രാഷ്ട്രീയ പാർട്ടികൾ പിന്തുണ നൽകുന്നതിനെ വിമർശിച്ച അനുരാഗ് താക്കൂർ അതേ സമയം സർക്കാർ കായികതാരങ്ങൾക്കൊപ്പം തന്നെയാണെന്നും വ്യക്തമാക്കി. സമരം രാഷ്ട്രീയ വേദി ആക്കി മാറ്റില്ല എന്ന് താരങ്ങൾ പറഞ്ഞിട്ടും രാഷ്ട്രീയ നേതാക്കൾ സമരവേദിയിൽ എത്തുന്നു.
അന്വേഷണം നിയമപ്രകാരം തന്നെ നടക്കും.ഡൽഹി പൊലീസിന്റെ അന്വേഷണത്തിൽ വിശ്വസിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടത് പ്രകാരം തന്നെയാണ് നടപടികൾ സ്വീകരിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗുസ്തി താരങ്ങളെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്ത സംഭവമടക്കം ഉണ്ടായതിനുശേഷം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്ത പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിക്കാൻ ശ്രമിക്കുന്നതിനിടെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ഡൽഹി പൊലീസ് കൈയേറ്റംചെയ്തത്.
ഗുസ്തി താരങ്ങളുടെ പരാതിയിൽ അന്വേഷണം നടത്താൻ ഒരു സമിതിയെ നിയോഗിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചതാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഫെഡറേഷൻ മേധാവിയെ നീക്കുകയും ചെയ്തു. കായികതാരങ്ങളുടെ പരിശീലനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കോടികളാണ് കേന്ദ്ര സർക്കാർ മുടക്കുന്നതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
ബ്രിജ്ഭൂഷൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി മുതൽ ഗുസ്തി താരങ്ങൾ പ്രക്ഷോഭത്തിലാണ്. പ്രായപൂർത്തിയാകാത്ത താരമടക്കം ഏഴ് കായികതാരങ്ങളാണ് ലൈംഗികാതിക്രമ പരാതി ഉന്നയിച്ചിട്ടുള്ളത്. ബിജെപി എംപികൂടിയായ ബ്രിജ്ഭൂഷൺ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.
തനിക്കെതിരായ ഒരു ആരോപണമെങ്കിലും തെളിയിക്കാൻ കഴിഞ്ഞാൽ തൂങ്ങിമരിക്കുമെന്നാണ് ബ്രിജ്ഭൂഷൺ പറയുന്നത്. ഗുസ്തി താരങ്ങളുടെപക്കൽ തനിക്കെതിരെ തെളിവുണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കൂ. ശിക്ഷ ഏറ്റുവാങ്ങാം എന്നാണ് ബ്രിജ്ഭൂഷൺ സിങ്ങിന്റെ നിലപാട്.
അതിനിടെ ഗുസ്തി താരങ്ങൾ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇന്ത്യാ ഗേറ്റിന് സമീപം കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. ഗുസ്തി താരങ്ങൾ ഇവിടെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ഹരിദ്വാറിൽ ഗംഗയിൽ മെഡലുകളൊഴുക്കി ഇന്ത്യാ ഗേറ്റിൽ നിരാഹാരമിരിക്കുമെന്നാണ് ഗുസ്തി താരങ്ങൾ ഇന്നലെ പ്രഖ്യാപിച്ചത്.
കർഷക നേതാക്കൾ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിച്ചിരുന്നു. അഞ്ച് ദിവസത്തേക്ക് കടുത്ത നിലപാട് എടുക്കരുതെന്ന നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് ഗുസ്തി താരങ്ങൾ പിന്മാറിയത്. ഇന്ത്യാ ഗേറ്റിൽ സമരം നടത്താൻ അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ് താരങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ