കുമളി: അരിക്കൊമ്പൻ ഭീതി തുടരുന്നു. ജനവാസ മേഖലയിൽ എത്തിയാൽ ആനയെ വെടിവയ്ക്കും. അരിക്കൊമ്പൻ വീണ്ടും മേഘമല മലനിരകളിലേക്കു നീങ്ങുന്നുവെന്നാണ് വിലയിരുത്തൽ. അതിനിടെ ആന മേഘമലയിൽ എത്താതെ തടയണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തി. ഷൺമുഖ നദി അണക്കെട്ടിനു സമീപത്തു നിന്നു വനാതിർത്തിയിലൂടെ നീങ്ങിയ ആനയെ വനപാലകർ മേഘമല ഭാഗത്തേക്ക് ഓടിച്ചു വിടുകയാണ് എന്നാണു പ്രദേശവാസികളുടെ പരാതി.

ചിന്നക്കനാൽ ലക്ഷ്യമാക്കിത്തന്നെയാണു ആന നീങ്ങുന്നതെന്നാണു നിരീക്ഷണ സംഘത്തിന്റെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ ജനവാസ മേഖല കടക്കാതെ ആനയ്ക്ക് ഈ ലക്ഷ്യത്തിൽ എത്താൻ കഴിയില്ല. ആന ജനവാസ മേഖലയിൽ കടക്കുന്നത് എങ്ങനെയും തടയുക എന്നതാണു തമിഴ്‌നാട് ലക്ഷ്യമിട്ടിരിക്കുന്നത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നൽ കൃത്യമായി ലഭിക്കുന്നില്ല. ഇത് ദൗത്യത്തിന് പ്രതിസന്ധിയാണ്. അതിനാൽ കാടിനുള്ളിലേക്കും നിരീക്ഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കാടിനുള്ളിൽ സഞ്ചരിച്ചു പരിചയമുള്ളവരെകൂടി നിരീക്ഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആനയെ ഇവിടെ നിന്ന് പിടികൂടി കൊണ്ടുപോകാൻ തീരുമാനിച്ചിരുന്ന വെള്ളിമലവരെ വനത്തിലൂടെ ആനയെ എത്തിക്കാൻ കഴിയുമോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. മേഘമലയിലേക്ക് ആന വരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നു തോട്ടം തൊഴിലാളിയും ഹൈവേയ്‌സ് ടൗൺ പഞ്ചായത്ത് അംഗവുമായ തങ്കദുരൈ പറഞ്ഞു. അരിക്കൊമ്പൻ മൂലം ഒരു മാസമായി വിനോദ സഞ്ചാരികൾക്കു മേഘമലയിലേക്കു പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ടൂറിസത്തെ ആശ്രയിക്കുന്ന ഒട്ടേറെ ആളുകളുടെ തൊഴിൽ പ്രതിസന്ധിയിലാണ്. അതിനാൽ ആനയെ പിടികൂടി മാറ്റണം എന്നും തങ്കദുരൈ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയിൽ ലഭിച്ച സിഗ്‌നൽ അനുസരിച്ച് പൂശാനംപെട്ടിക്കടുത്ത് നിന്ന് നാലര കിലോമീറ്റർ ഉൾവനത്തിലാണ് കൊമ്പൻ നിലയുറപ്പിച്ചിരുന്നത്. ഷൺമുഖ നദി ഡാമിൽ നിന്ന് ആറ് കിലോമീറ്ററോളം അകലെയാണിത്. ആരോഗ്യം വീണ്ടെടുത്തതോടെ സഞ്ചരിക്കുന്ന ദൂരവും കൂടിയിട്ടുണ്ട്. അരിക്കൊമ്പനെ മുതുമലയിൽ നിന്നുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ നിരീക്ഷിക്കുന്നത് തുടരുകയാണ്. ആന വനാതിർത്തി കടന്ന് ജനവാസ മേഖലയിലെത്തി ശല്യമുണ്ടാക്കിയാൽ മാത്രം മയക്കുവെടി വച്ചാൽ മതിയെന്നാണ് തമിഴ്‌നാട് വനംവകുപ്പിന്റെ തീരുമാനം. പല സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്.

ഇതിന് മുമ്പ് മയക്കുവെടി വച്ച് ഒരു മാസം മാത്രമായതിനാൽ വീണ്ടും വെടി വയ്ക്കുന്നത് ആനയുടെ ആരോഗ്യത്തെ ബാധിക്കുമോയെന്ന കാര്യവും തമിഴ്‌നാട് വനംവകുപ്പിനെ കുഴക്കുന്നുണ്ട്. അതേസമയം, തിരുവനന്തപുരത്ത് അരിക്കൊമ്പന് ഐക്യദാർഢ്യം എന്ന പേരിൽ മൃ?ഗസ്‌നേഹികളും സംഘടനകളും ഒന്നിക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്യാമ്പയിൻ നടക്കുന്നുണ്ട്. പീപ്പിൾ ഫോർ അനിമൽസ് തിരുവനന്തപുരം ചാപ്റ്ററിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം വഴുതക്കാടുള്ള വനം വകുപ്പ് ആസ്ഥാനത്തേക്ക് ധർണ സംഘടിപ്പിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ മൃ?ഗസ്‌നേഹികളുടെ ഗ്രൂപ്പുകളിൽ നടക്കുന്ന ക്യാമ്പയിനുകളിൽ അറിയിച്ചിട്ടുള്ളത്. ഇത് തമിഴ്‌നാട് കാര്യമായി എടുക്കില്ല.

ഇതിനിടെ അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഹർജിയെ എതിർത്തു.