കോഴിക്കോട്: വയനാട് ചൂരൽമലയിൽ വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. തൃശ്ശൂർ പുല്ലൂർ ചുങ്കത്തു വീട്ടിൽ ജോസിന്റെയും സോഫിയുടെയും മകൻ ഡോൺ ഗ്രേഷ്യസ് (15) മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്നാണ് കരൾ, വൃക്കകൾ എന്നിവ ദാനം ചെയ്തത്.

തന്റെ വീടിനടുത്ത് ഈയിടെ അപകടത്തിൽ മരിച്ച വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്ത വാർത്ത അറിഞ്ഞ ഡോൺ തനിക്കും എന്തെങ്കിലും സംഭവിച്ചാൽ തന്റെ അവയവങ്ങളും ദാനം ചെയ്യണമെന്ന് അമ്മയോട് പറഞ്ഞിരുന്നു. മകന്റെ ആ ആഗ്രഹമാണ് മാതാപിതാക്കൾ നടപ്പിലാക്കിയത്. ഡോൺ ഗ്രേഷ്യസിന്റെ ജ്യേഷ്ഠനും ഏതാനും മാസങ്ങൾക്ക് മുൻപ് ഒരപകടത്തിൽ മുങ്ങി മരിച്ചിരുന്നു.

മെയ് 31 നായിരുന്നു വയനാട്ടിൽ വിനോദസഞ്ചാരത്തിന് എത്തിയ ഡോൺ ഗ്രേഷ്യസ് ഉൾപ്പെടെയുള്ള മൂന്ന് വിദ്യാർത്ഥികൾ ചൂരൽമല പുഴയിലെ വെള്ളക്കെട്ടിൽ അപകടപ്പെട്ടത്. തുടർന്ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ജൂൺ അഞ്ചിന് രാത്രി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അവയവദാനത്തിന്റെ തീരുമാനം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന ഡോൺ ഗ്രേഷ്യസ് കഴിഞ്ഞ എസ് എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. വയനാട് ജില്ലയിലെ ആദ്യത്തെ അവയവമാറ്റത്തിനുള്ള മൾട്ടി ഓർഗൻസ് സർജറിയുടെ പ്രവർത്തനങ്ങൾക്ക് എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്താ എന്നിവർ നേതൃത്വം നൽകി. സർക്കാർ സംവിധാനമായ മൃതസഞ്ജീവനി വഴിയായിരുന്നു അവയവമാറ്റശസ്ത്രക്രിയകളുടെ മേൽനോട്ടം നടന്നത്.

കോഴിക്കോട് ആസ്റ്റർ മിംസിലെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെയും ഡോക്ടർമാരും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ ഒരു വൃക്ക കോഴിക്കോട് സ്വദേശിക്കും ആസ്റ്റർ മിംസിലേക്ക് കൊണ്ടുപോയ മറ്റൊരു വൃക്ക തലശ്ശേരി സ്വദേശിക്കും കരൾ ആസ്റ്റർ മിംസിൽ തന്നെ ചികിത്സയിലുള്ള വടകര സ്വദേശിക്കുമാണ് നൽകുക.