- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഷിങ്ടനിലെ കൈകൊടുക്കൽ വെറുതെയായില്ല; പ്രകൃതിദുരന്തങ്ങളേയും പകർച്ചവ്യാധികളേയും കാലാവസ്ഥാ വ്യതിയാനത്തേയും നേരിടാൻ ലോകബാങ്ക് കേരളത്തിന് നൽകുക 1228 കോടി; ഒന്നുമില്ലാത്ത ഖജനാവിലേക്ക് 15 കോടി ഡോളർ കൂടിയെത്തുന്നത് വലിയ ആശ്വാസം; വായ്പ അനുവദിക്കുന്നത് തീരപരിരക്ഷയ്ക്ക്
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന കേരളത്തിൻ ആശ്വാസമായി ലോക ബാങ്ക് വായ്പ. പ്രകൃതിദുരന്തങ്ങൾ, പകർച്ചവ്യാധികൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ നേരിടാൻ ലോകബാങ്ക് കേരളത്തിന് 15 കോടി ഡോളറിന്റെ (ഏകദേശം 1228 കോടി രൂപ) വായ്പ കൂടി അനുവദിക്കുമ്പോൾ അത് ഖജനാവിന് താൽകാലിക ആശ്വാസമാണ്. മുൻപ് അനുവദിച്ച 12.5 കോടി ഡോളറിനു (ഏകദേശം 1023 കോടി രൂപ) പുറമേയാണിത്. 14 വർഷമാണു കാലാവധി. 6 വർഷത്തിനുശേഷമാകും തിരിച്ചടവ്. കേന്ദ്ര സർക്കാർ കേരളത്തിന്റെ വായ്പാ പരിധി കുറച്ചിരുന്നു. ഇതിനിടെയാണ് ലോകബാങ്കിൽ നിന്ന് ആശ്വാസമെത്തുന്നത്. ഈ തുക കേന്ദ്ര വിഹിതത്തിൽ ഉൾപ്പെടുത്തുമോ എന്നതാണ് ഇനി നിർണ്ണായകം.
തീരപരിരക്ഷയ്ക്ക് ഊന്നൽ കൊടുക്കാനാണ് ലോൺ. 2 തവണയായുള്ള സഹായം വഴി സംസ്ഥാനത്ത് അരക്കോടിയോളം പേർക്ക് പ്രളയക്കെടുതികളിൽനിന്നു സംരക്ഷണം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു ലോകബാങ്ക് വ്യക്തമാക്കി. തീരശോഷണം, ജലവിഭവ മാനേജ്മെന്റ് എന്നിവയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ വായ്പ കേരളത്തിന് ഏറെ സഹായകരമാകും. തുടർച്ചയായുള്ള പ്രകൃതിദുരന്തങ്ങൾ മത്സ്യത്തൊഴിലാളികളെയും കർഷകരെയുമടക്കം പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നു ലോകബാങ്ക് വിലയിരുത്തി.
ആറു വർഷത്തെ തിരിച്ചടവ് ഇളവടക്കം 14 വർഷത്തെ കാലാവധിയുണ്ട്. വിവിധ പദ്ധതികൾ വഴി 50 ലക്ഷത്തോളം പേർക്ക് വെള്ളപ്പൊക്ക കെടുതികളിൽനിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഒട്ടേറെപ്പേരുടെ മരണത്തിന് ഇടയാക്കി. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായി. ഇത്തരം ദുരന്തങ്ങൾ സ്ത്രീകളും കർഷകരും ഉൾപ്പെടെയുള്ളവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. തീരപ്രദേശം നശിക്കുന്നു. വനവിസ്തൃതി കുറഞ്ഞു. പമ്പാ നദീതടത്തിലെ ഉയർന്ന പ്രദേശങ്ങളിലും നദികളിലും കനത്തമഴ നാശംവിതയ്ക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധം വർധിപ്പിക്കാൻ കേരളത്തെ പിന്തുണയ്ക്കുമെന്ന് ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടർ അഗസ്റ്റെ ടാനോ കൗമേ പറഞ്ഞു. കഴിഞ്ഞദിവസം അമേരിക്കയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ലോകബാങ്ക് മാനേജിങ് ഡയറക്ടർ അന്ന വെർദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിന്റെ 580 കിലോമീറ്റർ തീരമേഖലയുടെ 45% ഭാഗത്തും നഗരവൽക്കരണം, വനനശീകരണം എന്നിവ മൂലം തീരശോഷണം രൂക്ഷമാണെന്നും ചൂണ്ടിക്കാട്ടി. നിലവിൽ 4 ജില്ലകളിലാണ് ലോകബാങ്ക് സഹായത്തോടെ പദ്ധതികൾ നടപ്പാക്കുന്നത്. പുതിയ സഹായത്തോടെ പദ്ധതികൾ 9 ജില്ലകളിലേക്കു വ്യാപിക്കും.
തീരശോഷണം രൂക്ഷമായ സ്ഥലങ്ങൾക്കും മറ്റ് അപകടസാധ്യതാ മേഖലകൾക്കും മുൻഗണന നൽകിയുള്ള പ്രവർത്തനം നടത്തണം. തീരമേഖലയുടെ നിലവിലെയും ഭാവിയിലെയും സ്ഥിതി വിലയിരുത്തി നയരൂപീകരണം ഉണ്ടാകും. പമ്പാ നദീതട മാനേജ്മെന്റിനു സമഗ്ര പദ്ധതിയും വരും. പ്രളയക്കെടുതി കുറയ്ക്കാൻ നദികളുടെയും തടാകങ്ങളുടെയും പുനരുജ്ജീവനവും പദ്ധതിയുടെ ഭാഗമാണ്. കാലാവസ്ഥാ ബജറ്റ് തയാറാക്കാൻ സഹായമായി മാറും. പ്രകൃതിദുരന്ത ആഘാതം കുറയ്ക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ. ഉപഗ്രഹ ഭൂപടം, അപകടസാധ്യതാ ഭൂപടം, മേഖല തിരിച്ചുള്ള ഡേറ്റ എന്നിവ ഒറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടു വരും.
ലോകബാങ്ക് മാനേജിങ് ഡയറക്ടർ അന്ന വെർദെയുമായി വാഷിങ്ടനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ച നിർണ്ണായകമായി എന്നാണ് സൂചന. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയാറാണെന്ന് ലോകബാങ്ക് അധികൃതർ അറിയിച്ചു. നിലവിൽ ലോക ബാങ്കിന്റെ സഹകരണമുള്ള റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും കൂടിക്കാഴ്ചയിൽ ചർച്ചയായി. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തിൽ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികൾ അവലോകനം ചെയ്യുന്നതിനായി ലോകബാങ്ക് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് വാഷിങ്ടൻ ഡിസിയിൽ മുഖ്യമന്ത്രിയുമായി ലോക ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി വി.പി.ജോയി, പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ ഡോ.വി.കെ.രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കാളികളായി.
മറുനാടന് മലയാളി ബ്യൂറോ