ബ്രിട്ടൻ വിട്ട് അമേരിക്കയിൽ താമസമുറപ്പിച്ചതിനു ശേഷമുള്ള ആദ്യ നാളുകളിൽ ഹാരിക്കും മേഗനും ഏറെ സൗഭാഗ്യങ്ങൾ ആസ്വദിക്കാനായി. നെറ്റ്ഫ്ളിക്സും സ്പോട്ടിഫൈയുമായി ഉണ്ടാക്കിയ കരാറുകൾ അവരെ വെള്ളി വെളിച്ചത്തിൽ നിർത്തിയപ്പോൾ, അഭിമുഖങ്ങളും, പോഡ്കാസ്റ്റും അവസാനം ഓർമ്മക്കുറിപ്പുകളും അവരെ ലോക മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇടം പിടിക്കാൻ സഹായിച്ചു. എന്നാൽ, വെളിച്ചം പരത്തിയ നല്ല ദിനങ്ങൾ മെല്ലെ പോയ്മറയാൻ തുടങ്ങുകയായിരുന്നു.

സ്പോട്ടിഫൈ, ഹാരിയും മേഗനുമായുള്ള കരാർ രണ്ടാം തവണ പുതുക്കേണ്ടതില്ല എന്ന് തീരുമാനിച്ചത് കഴിഞ്ഞയാഴ്‌ച്ചയായിരുന്നു. ഉദ്ദേശം 10 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഇതുവഴി ഹാരിക്കും മേഗനും ഉണ്ടായത്. അതിനു പുറകെയായിരുന്നു നെറ്റ്ഫ്ളിക്സും ഇവരുമായുള്ള ബന്ധം വിഛേദിച്ചേക്കും എന്ന വാർത്ത പുറത്തു വന്നത്. രാജകുടുംബത്തിനകത്തും ഇരുവരും ഏതാണ് പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.

ഇരുൾമൂടിവരുന്ന സമയത്താണ് പ്രശസ്ത ഫ്രഞ്ച് ഫാഷൻ ഹൗസ് ആയ ഡയർ അവരുടെ മോഡലാകാൻ മേഗനെ ക്ഷണിച്ചു എന്ന വാർത്ത പുറത്തു വരുന്നത്. ഈ വാഗ്ദാനം സ്വീകരിച്ചാൽ ലക്ഷക്കണക്കിന് ഡോളറായിരിക്കും ഇവർക്ക് ലഭിക്കുക എന്ന് ഹാരിയുമായും മേഗനുമായും അടുത്ത വൃത്തങ്ങൾ പറയുന്നു. പ്രശസ്ത ബ്രാൻഡ് ആൻഡ് കൾച്ചർ വിദഗ്ധനായ നിക്ക് എഡി പറയുന്നത് ഡയറിന്റെ മുഖമായി ലക്ഷങ്ങൾ സമ്പാദിക്കാൻ മേഗന് കഴിയുംഎന്നാണ്.

ഈ കരാറുമായി മുൻപോട്ട് പോവുകയാണെങ്കിൽ കിം കർദ്ദാഷിയാനേക്കാൾ വരുമാനം മേഗന് ഉണ്ടാക്കാൻ കഴിയുമെന്നും നിക്ക് പറയുന്നു. തുടർച്ചയായ വീഴ്‌ച്ചകളിൽ നിന്നും കരകയറുന്നതിന്റെ ഭാഗമായി മേഗൻ ഇപ്പോൾ മാർക്കറ്റിങ് എക്സ്പർട്ട് വിക്ടോറിയ ജാക്ക്സണുമായി ചേർന്നിരിക്കുകയാണ്. ഇവരുടെ ഭർത്താവുംഗുതി-റെങ്കർ കമ്പനി ഉടമയുമായ ബിൽ ഗുതിയാണ് മുൻ സൂപ്പർ മോഡൽ സിൻഡി ക്രോഫോർഡിന്റെ കോസ്മെറ്റിക്സ് കമ്പനിയെ 80 മില്യൺ പൗണ്ട് മൂല്യമുള്ള കമ്പനിയാക്കി മാറ്റിയത്. ജന്നിഫർ ലോപസിന്റെ ജെ ലൊ ബ്യുട്ടിക്ക് വേണ്ടിയും ഗുതി വിപണന തന്ത്രങ്ങൾ ഒരുക്കുന്നുണ്ട്.

അതിന്റെ ഭാഗമായി മേഗൻ തന്റെ വെൽനെസ്സ് ആൻഡ് ലൈഫ്സ്‌റ്റൈൽ ബ്ലോഗ് ആയ ദി ടിഗ് പുനരുജ്ജീവിപ്പിച്ചേക്കും എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു. 2014 ൽ ആയിരുന്നു മേഗൻ ഈ ബ്ലോഗ് ആരംഭിച്ചത് പിന്നീട് ഹാരിയുമായുള്ള വിവാഹശേഷം 2017-ൽ ഇത് നിർത്തിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന മോഡലുകളിൽ ഒരാളായി മാറുവാൻ മേഗന് കഴിഞ്ഞേക്കുമെന്നാണ് നിക്ക് പറയുന്നത്. ഇപ്പോൾ തന്നെ ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും ഫോട്ടോ എടുക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകളിൽ ഒരാളാണ് മേഗൻ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.