വിയന്നയിലെ പ്രൈഡ് പരേഡിൽ ബോംബാക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയ മൂന്ന് ഐസിസ് തീവ്രവാദികളെ ആസ്ട്രിയൻ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ഇന്നലെ ആസ്ട്രിയൻ തലസ്ഥാന നഗരത്തിൽ നടന്ന പരേഡിൽ ഏകദേശം 3 ലക്ഷത്തോളം പേരായിരുന്നു പങ്കെടുത്തത്. 14, 17, 20 വയസ്സുള്ള മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവരുടെ താമസ സ്ഥലം പരിശോധിച്ച പൊലീസിന് ഇവരുടെ പദ്ധതികളെ കുറിച്ചുള്ള വ്യക്തമായ തെളിവുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ശനിയാഴ്‌ച്ച നടന്ന റെയ്ഡിൽ ഇവരുടെ വസതിയിൽ നിന്നും നിരവധി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. ഈ മൂന്ന് പേരും കഴിഞ്ഞ കുറച്ചു നാളുകളായി ആസ്ട്രിയൻ ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഐസിസ് ഉള്ളടക്കങ്ങൾ ചെയർ ചെയ്യുന്നതായിരുന്നു ഇവരെ നിരീക്ഷണ വലയത്തിലാക്കുവാൻ കാരണമായത്. വലിയൊരു ദുരന്തമാണ് ഇവരെ അറസ്റ്റ് ചെയ്യുക വഴി ഒഴിഞ്ഞുപോയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

തീവ്ര ഇസ്ലാമിക ആശയങ്ങളോടുള്ള ഇവരുടെ പ്രതിപത്തിയായിരുന്നു പൊലീസിന്റെ ശ്രദ്ധ ഇവരിലേക്ക് തിരിയാൻ ഇടയായത്. ഇവരിൽ 14 കാരനായ കൗമാരക്കാരൻ വിയന്ന നിവാസി തന്നെയാണ്. 17 ഉം 20 വയസ്സുള്ള മറ്റു രണ്ട് പേർ സഹോദരങ്ങളും തൊട്ടടുത്ത സെയിന്റ് പോൾടെൻ നഗരത്തിലെ നിവാസികളുമാണെന്ന് ആസ്ട്രിയൻ പബ്ലിക് ബ്രോഡ്കാസ്റ്റർ ക്യൂ ആർ എഫ് റിപ്പോർട്ട് ചെയ്യുന്നു.

ബോസ്നിയൻ, ചെച്നിയൻ വംശജരായ ഇവർ മൂന്നുപേരും ആസ്ട്രിയൻ പൗരന്മാരാണ്. എന്നാൽ ഇവരെ തിരിച്ചറിയുവാൻ സഹായിക്കുന്ന വിവരങ്ങൾ ഒന്നും തന്നെ പൊലീസ് പുറത്തു വിട്ടിട്ടില്ല. കത്തികൾ, വാളുകൾ, എയർ റൈഫിളുകൾ തുടങ്ങിയവ ഇവരുടെ വസതികൾ പരിശോധിച്ചപ്പോൾ ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇവരിൽ ഒരാൾ നേരത്തേ തന്നെ പൊലീസിന്റെ സംശയ വലയത്തിൽ ഉൾപ്പെട്ട വ്യക്തിയായിരുന്നു. ഇവർ കൂടുതൽ ആയുധങ്ങൾ ഓൺലൈൻ വഴി വാങ്ങാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു.

വിയന്ന പരേഡ് ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് മാത്രമായിരുന്നു ആസ്ട്രിയ കോബ്ര സ്പെഷ്യൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഞായറാഴ്‌ച്ച പരേഡ് ആരംഭിക്കുന്നതിന് കേവലം ഒരു മണിക്കൂർ മുൻപ് മാത്രമായിരുന്നു സംഘാടകർക്ക് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. പ്രത്യേക പരിശീലനം ലഭിച്ചവർ ഉൾപ്പടെ ഏകദേശം 700 പൊലീസ് ഉദ്യോഗസ്ഥരെ പിന്നീട് പരേഡിന്റെ സുരക്ഷക്കായി നിയമിച്ചു.

നേരത്തെ 2020-ൽ വിയന്നയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ 4 പേർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ 2020 ലെ അക്രമകാരികളുമായി ഇപ്പോൾ അറസ്റ്റിലായിരുന്നവർ നേരിട്ട് ബന്ധപ്പെട്ടു എന്നതിന് തെളിവില്ല എന്നാണ് പൊലീസ് പറയുനന്ത്. എന്നാൽ, ചാറ്റുകൾ വഴിയും മറ്റും ഇവർ തമ്മിൽ ബന്ധപ്പെട്ടിരിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നുമില്ല.