- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പിണറായി വിജയന് പ്രചോദനമായ നിർമ്മലാനന്ദഗിരി; വി എസും ബേബിയും ജേക്കബ് വടക്കൻചേരിയുടെ പേഷ്യൻസ്; പ്രമേഹത്തിന് ഉലുവ തിന്ന് വൃക്കക്ക് തകരാറുവന്ന നായനാർ; മോൻസന്റെ ചികിത്സ തേടിയ കെ സുധാകരനെ ട്രോളുന്നവർ ഇത് കൂടി അറിയണം; ജോസഫ് വടക്കന്റെ പോസ്റ്റ് വൈറലാവുമ്പോൾ
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനും പുരാവസ്തു തട്ടിപ്പുകാരൻ മോൺസൻ മാവുങ്കലും തമ്മിലുള്ള ബന്ധമാണല്ലോ സജീവ ചർച്ച. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരിൽ കെ സുധാകരന്റെ അറസ്റ്റുപോലും ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. പക്ഷേ താനും മോൺസനും തമ്മിൽ ഒരു 'ഡോക്ടറും രോഗിയും' തമ്മിലുള്ള ബന്ധം മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് കെ സുധാകരൻ നേരത്തെ പറഞ്ഞത്. എന്ത് ഡോക്ടർ എന്ന് അത്ഭുതപ്പെടാൻ വരട്ടെ. താൻ കോസ്മറ്റോളജിസ്റ്റ് അഥവാ മുഖ സൗന്ദര്യ വിദഗ്ധനാണെന്നാണ് മോൺസൻ പ്രചരിപ്പിച്ചിരുന്നത്. സ്്മൈൽ കറക്ഷൻ, ടീത്ത് കറക്ഷൻ എന്നീ പരിപാടികളും ഉണ്ടായിരുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കാൻ വിദഗ്ധനായ മോൺസനാണോ ഇതിന്റെ പേരിൽ ഏതെങ്കിലും കടലാസ് യൂണിവേഴ്സിറ്റികളിൽനിന്ന് ഡോക്ടർ പദവി കൈക്കലാക്കാൻ പണി. അങ്ങനെ അയാൾ ഡോ. മോൺസൻ മാവുങ്കലായും വിലസി.
കേരളം ഏറെയൊന്നും ചർച്ച ചെയ്യാത്തതാണ് മോൺസന്റെ മെഡിക്കൽ തട്ടിപ്പുകൾ. ശരീരം മൊത്തം മാറ്റിമറിച്ച് യൗവനം തിരിച്ചുകൊണ്ടുവരുന്ന സുഖ ചികിത്സ തന്റെ കൈയിലുണ്ടെന്ന് പറഞ്ഞും അയാൾ നിരവധിപേരെ പറ്റിച്ചിട്ടുണ്ട്. ബ്യൂട്ടീഷ്യൻ കോഴ്സ് കഴിഞ്ഞവർ പോലും മോൺസന്റെ സംഘത്തിൽ ഉണ്ടായിരുന്നില്ല. യു ട്യൂബ് നോക്കി കണ്ടുപഠിക്കയായിരുന്നു ഇതൊക്കെയെന്നാണ് ഇവർ പൊലീസിന് മൊഴി കൊടുത്തിരിക്കുന്നത്.
കെ സുധാകരൻ കഴിഞ്ഞ ദിവസവും ഇങ്ങനെ പറഞ്ഞു: 'ഞാൻ നാടൻ പാരമ്പര്യ വൈദ്യന്റെയും ആദിവാസി വൈദ്യന്റെയും, ട്രീറ്റ്മെന്റ് എടുത്തവനും അതിന്റെ സുഖം അനുഭവിക്കുന്നവനുമാണ് ഞാൻ. എന്റെ അനുഭവത്തിൽ മെഡിക്കൽ സയൻസിനോടൊപ്പം ചേർത്ത് നിർത്താവുന്ന ഇത്തരം സംഭവങ്ങൾ നാട്ടിലുണ്ട്.'' ഇതുംകൂടി ആയതോടെ ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ സുധാകരനെ ട്രോളിക്കൊല്ലുകയാണ്. പക്ഷേ ഇത് സുധാകരന്റെ മാത്രം പ്രശ്നമാണോ. കേരളത്തിൽ നായനാർ മുതൽ വി എസ്, പിണറായി വരെയുള്ള മിക്ക നേതാക്കളുടെയും ജീവിതം എടുത്താൽ അവർക്കൊപ്പം സമാന്തര ചികിത്സയുടേയാ, കപട ചികിത്സകന്റെയോ, സാന്നിധ്യവും പലപ്പോഴും കാണാം.
നായനാർ മുതൽ വി എസ് വരെ
ഈ വിഷയത്തിൽ സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ ജോസഫ് വടക്കൻ ഇങ്ങനെയാണ് പ്രതികരിക്കുന്നത്. 'കപട ചികിത്സകളുടെയും, കപടചികിത്സക്കാരുടെയും പിന്നാലെ പോകുന്ന കെ സുധാകരന് ഇത് വേണം. എല്ലാ കോൺഗ്രസുകാർക്കും ഇത് ഒരു അനുഭവം ആയിരിക്കണം. പിണറായി വിജയൻ നിർമ്മലാനന്ദ ഗിരി എന്ന കപട സ്വാമിയുടെയും, കപട ചികിത്സകന്റെയും ഗുണഭോക്താവായിരുന്നു. ബഹു ഭൂരിപക്ഷം കമ്യൂണിസ്റ്റ് നേതാക്കളും ആയുർവേദം, ഹോമിയോ, പ്രകൃതി ചികിത്സ തുടങ്ങിയ തെളിവുകളില്ലാത്ത ചികിത്സാരീതിയുടെ ആരാധകരും, ഗുണഭോക്താക്കളും, പ്രചാരകരും ആണ്. എം എ. ബേബി, വി എസ്. അച്യുതാനന്ദൻ തുടങ്ങിയവർ ജേക്കബ് വടക്കഞ്ചേരിയുടെ ഗുണഭോക്താക്കൾ ആയിരുന്നു. എ കെ ആന്റണി ഇവിടെ സ്ഥിരമായി സുഖചികിത്സ നടത്തിയിരുന്നു. നായനാർക്ക് പ്രമേഹത്തിന് ഉലുവ തിന്ന് വൃക്കക്ക് തകരാറുവന്നിരുന്നു. അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച ഒരു പ്രധാന കാരണവും അതാണെന്ന് പിന്നീട് ഡോക്ടർമാർ അഭിപ്രായപ്പെട്ടിരുന്നു ''- ജോസഫ് വടക്കൻ ചൂണ്ടിക്കാട്ടുന്നു. അതായത് കപടവൈദ്യത്തിന്റെ പിറകേ പോവുകയെന്നത്, കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പൊതു സ്വഭാവമാണ് വ്യക്തമാണ്.
വൈറസും ബാക്ടീരിയയും ഒന്നുമില്ലെന്നും, കോവിഡ് എന്ന രോഗം തന്നെ മരുന്ന് കമ്പനികൾ ഉണ്ടാക്കിയ വെറും തട്ടിപ്പാണെന്നും, ഞാൻ ജീവിതത്തിൽ ഒരിക്കലും വാക്സിൻ എടുക്കുകയില്ലെന്നും പരസ്യമായി പ്രഖാപിച്ച സ്വയം പ്രഖ്യാപിത ഡോക്ടർ ജേക്കബ് വടക്കൻചേരി അവകാശപ്പെട്ടിരുന്നത് താൻ വി എസിന്റെ പേഴ്സണൽ ഡോക്ടർ ആയിരുന്നെന്നാണ്. എലിപ്പനിക്കെതിരെ കുപ്രചാരണം നടത്തിയപ്പോൾ പിണറായിയുടെ പൊലീസ് തന്നെ, ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. അപ്പോഴും വി എസ് പ്രതികരിച്ചില്ല. എന്നാൽ വി എസിനെപോലെ വടക്കുംചേരിയുടെ അടുത്ത് ചികിത്സക്ക് പോയിരുന്ന, എം എ ബേബി ഉടനെ ഫേസ്ബുക്ക് പോസ്റ്റിട്ട് കാര്യങ്ങൾ നിഷേധിച്ചു. ആധുനിക വൈദ്യത്തിന്റെ ചില തെറ്റായ പ്രവണതകൾക്ക് എതിരെ പൊരുതുന്ന വടക്കൻചേരിയുടെ ചില നിലപാടിനോട് തനിക്ക് യോജിപ്പാണെന്നും, പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ നിലപാട് ശരിയല്ലെന്നും പറഞ്ഞ്.
പിണറായിയുടെ നിർമ്മലാന്ദഗിരി
അതുപോലെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉഴിച്ചിലും, പിഴിച്ചിലും, 'ഏക്ഷനു'മെല്ലാം അടക്കുന്ന ആയുർവേദ-സിദ്ധ ചികത്സയുടെ ആകർഷണം വരുന്നത് നിർമ്മലാന്ദയോഗിയിൽനിന്നാണെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ട്. ഭൗതികവാദികളായ കമ്യൂണിസ്റ്റുകാർ പോലും, ആകർഷകരാവുന്നത് ആത്മീയ-അതീന്ദ്രിയ കൾട്ടുകളിൽ ആണ്. കേരളത്തിലുടനീളം ആദ്ധ്യാത്മിക പ്രഭാഷണങ്ങളും, ആയുർവേദ ചികിത്സയുമായി സഞ്ചരിച്ചിരുന്ന ശങ്കര സമ്പ്രദായത്തിലെ സന്ന്യാസിയാണ് നിർമ്മലാനന്ദഗിരി.
ഒരു വിധത്തിലുള്ള സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിലും അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ല. കയറം പാറയിലെ ഒരു ചെറിയ വീട്ടിലായിരുന്നു ചികിത്സ നടത്തിയിരുന്നത്. സംസ്കൃതം, വൈദ്യം, മർമചികിത്സ എന്നിവയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ നിരവധിപേരെ ആധ്യാത്മികതയിലൂന്നിയ ജീവിതചര്യയിലേക്ക് ആകർഷിച്ചിട്ടുണ്ട്.
വാരാണസിയിലെ തിലകാണ്ഡേശ്വരത്തായിരുന്നു ആദ്യകാലം. തൊണ്ണൂറുകളിൽ ഒറ്റപ്പാലത്തിനടുത്തുള്ള കൂനത്തറ ആറാണിയിലാണ് ഇദ്ദേഹം ആദ്യമായെത്തിയത്. വേദം, ഉപനിഷത്ത് എന്നിവയോടൊപ്പം കാൻസർ അടക്കമുള്ള മാരക രോഗങ്ങളെക്കുറിച്ചും അതിനുള്ള പ്രതിവിധികളെക്കുറിച്ചും അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിച്ച് പ്രഭാഷണം നടത്തി. കേരളത്തിനകത്തും പുറത്തുമായി സഞ്ചരിച്ച് ആയിരക്കണക്കിന് രോഗികളെയും ചികിത്സിച്ചിരുന്നു. പ്രതിഫലം വാങ്ങിയിരുന്നില്ല എന്നും അദ്ദേഹത്തിന്റെ ആരാധകർ അവകാശപ്പെടുന്നു. ഈ നിർമ്മലാന്ദഗിരിയിൽ ഒരുകാലത്ത് പിണറായിയും ആകൃഷ്ടനായിരുന്നു. നിർമ്മലാനന്ദഗിരിയുടെ മരണശേഷം ഒരു പുസ്തകം ഇറക്കിയപ്പോൾ അതിൽ പ്രധാന ലേഖനം എഴുതിയത് പിണറായി ആയിരുന്നു. ഇങ്ങനെ കമ്യൂണിസ്റ്റ് നേതാക്കൾ പോലും, അശാസ്ത്രീയ കൾട്ടുകളിൽ ആകൃഷ്ടരാവുകയാണെങ്കിൽ ബാക്കിയുള്ളവരുടെ അവസ്ഥ എന്താവും. ഇന്ന് സുധാകരനെ ട്രോളുന്നവർ പരിശോധിക്കേണ്ട കാര്യമാണിത്.