- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറഞ്ഞ ജോലിയോ കൂലിയോ കിട്ടിയില്ല; പകലന്തിയോളം പണിയെടുത്താലും ഭക്ഷണം പോലും കിട്ടിയില്ല; അടിമപ്പണിയിൽ നിന്ന് രക്ഷപ്പെട്ട് പുറത്തുവന്നെങ്കിലും കയ്യിൽ രേഖകളില്ലാതെ പൊലീസിനെ പേടിച്ചുകഴിഞ്ഞ നാളുകൾ; കുവൈത്തിൽ കുടുങ്ങിയ പ്രകാശന് അന്നുതുണയായത് മറുനാടൻ; വർഗ്ഗീയ ചാനലെന്ന് അധിക്ഷേപിക്കുന്നവരോട് വഴിക്കടവ് സ്വദേശിക്ക് പറയാൻ ഉള്ളത്
മലപ്പുറം: കുവൈറ്റിൽ, ഒരുരേഖയുമില്ലാതെ, കുടുങ്ങി പോയപ്പോൾ, വല്ലാതെ അന്തിച്ചുപോയി നിലമ്പൂർ വഴിക്കടവ് സ്വദേശിയായ പ്രകാശൻ. അന്ന് മറുനാടൻ മലയാളിയാണ് അദ്ദേഹത്തെ ബന്ധപ്പെട്ട് നാട്ടിലേക്ക് കയറിപ്പോരാൻ തുണയായത്. ഇപ്പോൾ, ചിലർ മറുനാടനെ താറടിക്കാൻ ആരോപണശരങ്ങൾ എയ്യുമ്പോൾ, പ്രകാശൻ പറയുന്നു, മറുനാടൻ വർഗ്ഗീയത പ്രചരിപ്പിക്കുന്ന സ്ഥാപനമല്ല. ഇപ്പോൾ, സോഷ്യൽ മീഡിയയിലും മറ്റും ചിലർ മറുനാടനെതിരെ നിരന്തരം ആക്രമണം അഴിച്ചുവിടുന്ന പശ്ചാത്തലത്തിലാണ് പ്രകാശൻ പഴയ ഓർമകൾ പങ്കുവച്ചത്.
എന്റെ ബുദ്ധിമുട്ടുകളും കാര്യങ്ങളും പറഞ്ഞപ്പോൾ എല്ലാം വിശദമായി കേട്ടു പഠിച്ചാണു വാർത്ത നൽകിയത്. കുവൈത്തിൽ കുടുങ്ങിയ തനിക്കു നാട്ടിലേക്കു കയറിപ്പോരാനുള്ള എല്ലാസപ്പോർട്ടുകളും, ആവാർത്തയിലൂടെ മറുനാടൻ ചെയ്തുവെന്നും പ്രകാശൻ പറഞ്ഞു. തന്റെ അനുഭവം അതാണെന്നും പ്രകാശൻ പറഞ്ഞു.
മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിലെ മൊടപ്പൊയ്കയിലെ നായ്ക്കൻകൊല്ലി സ്വദേശിയായ പ്രകാശൻ കുവൈത്തിൽ ജോലിയില്ലാതെ പാസ്പോർട്ടും നഷ്ടപ്പെട്ട് സുഹൃത്തുക്കളുടെ കാരുണ്യത്താൽ കഴിഞ്ഞുവരികയായിരുന്നു. ഈസമയത്ത് 86കാരനായ പിതാവ് ശിവരാമനും മാതാവ് 80 കാരി സുശീലയും നാട്ടിൽ ഏറെ പ്രയാസം അനുഭവിച്ചാണു ജീവിച്ചുപോന്നിരുന്നത്. പിതാവ് ശിവരാമന്റ ഒരു വശംതളർന്നതിനാൽ പരസഹായമില്ലാതെ ഏണീക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ചിതലരിച്ചുപോയ ഏതു നിമിഷവും നിലംപൊത്തി വീഴാവുന്ന മൺകൂരയിലായിരുന്നു താമസം.
നിത്യവൃത്തിക്കുപോലും സാമ്പത്തിക ശേഷയില്ലാതെ ദുരിതം തിന്ന നാളുകൾ. ആ സമയത്താണു ഏക മകനായ പ്രകാശൻ കുവൈത്തിൽ ജോലിയില്ലാതെ പാസ്പോർട്ടും നഷ്ടപ്പെട്ട സുഹൃത്തുക്കളുടെ കാരുണ്യത്താൽ കഴിയുന്ന വിവരം മറുനാടൻ മലയാളി അറിയുന്നത്. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ വാർത്തയാക്കി. കുവൈത്തിലുള്ള പ്രകാശനുമായും അന്നു ബന്ധപ്പെട്ടിരുന്നു.
ഗൾഫിൽ പോകുന്നതിനു മുമ്പു എടക്കരയിൽ ഓട്ടോ ഓടിഓടിച്ചു ജീവിച്ചിരുന്ന പ്രകാശൻ സർക്കാറിന്റെ വിവിധ പദ്ധതികളിലൂടെ വാസയോഗ്യമായ വീടുപണിയാൻ പല ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല.ആരും ഈ ദുരിതം കണ്ടതായി ഭാവിച്ചതുമില്ല. തുടർന്നാണ് പ്രകാശന്റെ ദുരിതങ്ങളെല്ലാം മാറുമെന്നു പറഞ്ഞ് നിലമ്പൂരിലെ ഏജന്റ് കുവൈത്തിൽ ഹൗസ് ഡ്രൈവർ ജോലി വാഗ്ദാനം നൽകിയത്.
നാൽപതിനായിരം രൂപയോളം മാസശമ്പളം ലഭിക്കുമെന്നു പറഞ്ഞതോടെ പ്രകാശൻ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. തുടർന്നു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കുവൈത്തിലേക്കു വണ്ടികയറുന്നതിന് മുമ്പുതന്നെ കടം വാങ്ങി പുതിയൊരു വീടിന്റെ നിർമ്മാണം ആരംഭിച്ചു. ഗൾഫിലെത്തിയ ശേഷം ഘട്ടംഘട്ടമായി പണം അയച്ചു ഈ കടങ്ങൾ വീട്ടാനായിരുന്നു പദ്ധതി.
ഈ സമയത്ത് നിർമ്മാണ തൊഴിലാളിയായ പ്രകാശന്റെ സുഹൃത്തായ റഷിൽ കുമാറാണ് വേണ്ട സഹായങ്ങൾ നൽകിയതും
കടകളിൽ നിന്നും നിർമ്മാണ സാമഗ്രികൾ കടമായി വാങ്ങിച്ചു നൽകിയതും. കുവൈത്തിൽ എത്തിയ പ്രകാശന് ഏജന്റ് പറഞ്ഞതു പ്രകാരമുള്ള ജോലിയോ, കൂലിയോ ലഭിച്ചില്ലെന്ന് മാത്രമല്ല. വിശപ്പടക്കാൻ ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യമായിരുന്നു.
അവിടുത്തെ ശുചിമുറി കഴുകലും വാഹനം കഴുകലും മാത്രമല്ല എല്ലാ വൃത്തിഹീനമായ ജോലികളും ചെയ്യിപ്പിച്ചു. എന്നിട്ടും വിശപ്പടക്കാൻ ഭക്ഷണം പോലും നൽകാത്ത അവസ്ഥയായി. ഇതോടെ ചില മലയാളി സൃഹൃത്തുക്കളുടെ സഹായത്തോടെ രണ്ടും കൽപിച്ചു അവിടുന്ന് പുറത്തിറങ്ങി രക്ഷപ്പെട്ടു. പക്ഷെ പാസ്പോർട്ടും അനുബന്ധരേഖകളുമൊന്നും ലഭിച്ചില്ല. ഇതോടെ നാട്ടിലേക്കു പോരാനും കഴിഞ്ഞില്ല. സ്പോൺസർ പരാതി കൂടി നൽകിയാൽ പിടിക്കപ്പെട്ടാൽ വർഷങ്ങളോളം ജയിലിൽ കഴിയേണ്ടിവരുമെന്ന് ഭയന്നു.
ഇതോടെ ചില മലയാളി സുഹൃത്തുക്കളുടെ മെക്കാനിക്കൽ ഷോപ്പുകളിൽ വല്ലപ്പോഴും സഹായത്തിനു ജോലി ലഭിച്ചാൽ പോകും. അതും സ്ഥിരതയുള്ളതല്ല. പൊലീസ് ഏതു നിമിഷവും പിടികൂടുമെന്ന ചിന്തയിലാണ് ജീവിതമെന്നും അന്നു പ്രകാശൻ മറുനാടനോട് വീഡിയോ കോളിലൂടെ പ്രതികരിച്ചിരുന്നു.
നാട്ടിലെ പുതിയ വീടിന്റെ പകുതിയോളം പൂർത്തീകരിച്ചെങ്കിലും താമസം മാറാൻ സാധിച്ചില്ല. നിർമ്മാണത്തിനായി വാങ്ങിച്ച കടങ്ങൾ വീട്ടാനാകാതെ സുഹൃത്തായ റഷിൽ കുമാറും പ്രതിസന്ധിയിലായിരുന്നു. എന്നാൽ ഇതിനിടയിൽ പിതാവ് അടുത്തിടെ മരിച്ചു. നിലവിൽ പ്രകാശൻ നാട്ടിലുണ്ട്. പുതിയ വീടിന്റെ പണി പൂർണമായി കഴിഞ്ഞില്ലെങ്കിലും ഈ വീട്ടിലേക്കു താമസം മാറ്റിയിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്