കണ്ണൂർ: കണ്ണൂരിൽ കുടുംബ കലഹം അവസാനിച്ചത് ആത്മഹത്യയിലും തീ കൊളുത്തലിലും. പത്തായക്കുന്ന് നൊച്ചോളി മടപ്പുരയ്ക്ക് സമീപം 'ശ്രീനാരായണ'യിൽ രഞ്ജിത്തിനെ (42) ആണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. രഞ്ജിത്ത് സ്വന്തം അനുജനെയും അനുജന്റെ ഭാര്യയെയും മകനെയും തീകൊളുത്തിയശേഷം മുറിയിൽ കയറി തൂങ്ങിമരിക്കുക ആയിരുന്നു. രഞ്ജിത്തിന്റെ അനുജൻ രജീഷ് (40), രജീഷിന്റെ ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് (ആറ്) എന്നിവർക്കാണ് അക്രമണത്തിൽ പൊള്ളലേറ്റത്.

ഞായറാഴ്ച വൈകിട്ട് ഏഴിനാണ് സംഭവം. രജീഷും ഭാര്യയും മകനും വീട്ടിലെ ഡൈനിങ് ഹാളിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണം. ഈ സമയത്ത് രഞ്ജിത്ത് അനുജനുമായി വഴക്കുകൂടുകയും തുടർന്ന് തറയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. തീ പടർന്നതോടെ രജീഷിനും ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. സാരമായി പൊള്ളലേറ്റ സുബിനയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇതിനിടയിൽ രഞ്ജിത്ത് കിടപ്പുമുറിയിൽ കയറി വാതിലടക്കുകയും ചെയ്തു. ദേഹത്ത് തീ പടർന്നതോടെ നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികൾ വാതിൽ തള്ളിത്തുറന്ന് നോക്കുമ്പോൾ രഞ്ജിത്ത് കെട്ടിത്തൂങ്ങിയനിലയിലായിരുന്നു. ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തീ പടർന്ന് ഡൈനിങ് ഹാളിലെ കട്ടിലും കിടക്കയും ഉപകരണങ്ങളുമൊക്കെ കത്തിക്കരിഞ്ഞു. പരേതനായ തയ്യിൽ നാരായണന്റെയും നളിനിയുടെയും മക്കളാണ് രഞ്ജിത്തും രജീഷും. ഇരുവരും ആശാരിപ്പണിക്കാരാണ്. കതിരൂർ പൊലീസ് സ്ഥലത്തെത്തി.