- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം അടിമുടി കോപ്പിയടി; വി.ആർ.രാജേഷ് എന്ന ഗവേഷകൻ മൈസൂരു സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിന്റെ ശീർഷകം അടക്കം അടിച്ചു മാറ്റി; ലേ ഔട്ടും സമാനം: രൂക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അക്കാദമിക് അഡൈ്വസർ രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം അടിമുടി കോപ്പിയടിയോ? രതീഷ് തന്റെ സുഹൃത്തായ മറ്റൊരു ഗവേഷകൻ മൈസൂരു സർവകലാശാലയിൽ സമർപ്പിച്ച പിഎച്ച്ഡി പ്രബന്ധം അതേ പടി കോപ്പിയടിച്ചിരിക്കുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു. പിഎച്ച് ഡി മോഷ്ടിച്ച കാളിയാടനെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കെഎസ്‌യു പരാതി നൽകിയതായും അലോഷ്യസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും അക്കാദമിക് അഡൈ്വസറുമാണ് രതീഷ് കാളിയാടൻ. അദ്ദേഹം വി.ആർ.രാജേഷ് എന്ന ഗവേഷകന്റെ പിഎച്ച്ഡി പ്രബന്ധത്തിന്റെ ശീർഷകം അടക്കം കോപ്പിയടിച്ചിരിക്കുകയാണ്. പ്രബന്ധത്തിന്റെ ലേ ഔട്ടും സമാനമാണ്. രതീഷ് വി.ആർ.രാജേഷിന്റെ പ്രബന്ധത്തിലെ വാക്യങ്ങൾ അതുപോലെ കോപ്പിയടിച്ചതിനു തെളിവുകൾ പുറത്തുവന്നതായി കെഎസ്‌യു പ്രസിഡന്റ് പറഞ്ഞു. രണ്ടു പ്രബന്ധവും ഏതോ ഒരു വ്യക്തി തയാറാക്കിയതാവാനാണ് സാധ്യത.
2014 ജനുവരിയിൽ മൈസൂരു യൂണിവേഴ്‌സിറ്റിയിൽ സമർപ്പിച്ച തീസിസ് ഗവേഷകന്റെ പേരു മാറ്റി അസം യൂണിവേഴ്‌സിറ്റിയിൽ 2014 നവംബറിൽ സമർപ്പിച്ചാണ് കാളിയാടൻ പിഎച്ച്ഡി നേടിയതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. അതേസമയം ഡോ. രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധവും ബിരുദവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു അസം സർവകലാശാലയ്ക്കും യുജിസിക്കും കത്തു നൽകി. ഗവേഷക മാർഗദർശി കെ.വി.നാഗരാജിന്റെ അംഗീകാരം പുനഃപരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രതീഷിന്റെ പ്രബന്ധം വ്യാജവും കോപ്പിയടച്ചതാണെന്നും ആരോപിച്ചും ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും കഴിഞ്ഞ ദിവസം കെ.എസ്.യു പൊലീസ് മേധാവിക്കു പരാതി നൽകി.
രണ്ട് ദിവസമായി നടത്തിയ തുടർ പരിശോധനകളിൽ പ്രബന്ധത്തിന്റെ 70 ശതമാനവും കോപ്പിയടിച്ചതാണെന്നു കണ്ടെത്തിയതായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. രതീഷ് എന്നു പേരുള്ള മറ്റൊരു ഗവേഷക വിദ്യാർത്ഥി മൈസൂരു സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിൽനിന്നാണ് ഭൂരിഭാഗം അധ്യായങ്ങളിലെയും ഭാഗങ്ങൾ അതേപടി പകർത്തിയിരിക്കുന്നത്. പ്രബന്ധത്തിന്റെ തലക്കെട്ടുപോലും ഏറെക്കുറെ സമാനമാണ്. സോഫ്റ്റ്‌വെയർ പരിശോധനയിലും കോപ്പിയടി തെളിഞ്ഞു.
രണ്ട് വർഷവും 25 ദിവസവുമാണ് രതീഷിന്റെ ഗവേഷണ കാലയളവ്. റഗുലർ ഗവേഷക പദ്ധതിയിൽ നിർബന്ധമായും 3 വർഷം വേണമെന്നാണ് യുജിസി നിഷ്‌കർഷിക്കുന്നത്. ഗുരുതരമായ ക്രമക്കേട് പുറത്തുവന്നിട്ടും മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫിസോ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ചുമതല വഹിക്കുന്ന തസ്തികകളിൽനിന്നു രതീഷിനെ നീക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.

