- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പബ്ജി വഴി പ്രണയം; ഇന്ത്യക്കാരനായ കാമുകനെ തേടി നാല് മക്കളുമായി പാക് വനിത ഇന്ത്യയിൽ; അറസ്റ്റും ജയിൽവാസവും; യുവതിക്കും 21കാരനായ കാമുകനും ജാമ്യം; 'ഇന്ത്യ ഇപ്പോൾ എന്റേതാണ്' എന്ന് പാക് യുവതി; അതിസാഹസിക പ്രണയ യാത്രക്കൊടുവിൽ ഇരുവരും പുതുജീവിതത്തിൽ
നോയിഡ: പബ്ജിയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി കാമുകനെ തേടി പാക്കിസ്ഥാനിൽ നിന്നും നാല് കുട്ടികളുമായി ഇന്ത്യയിൽ എത്തിയ 27കാരിയുടെ അതിസാഹസിക യാത്രക്ക് ഒടുവിൽ ശുഭപര്യവസാനം. രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനും അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയതിനും അറസ്റ്റിലായ സീമ ഹൈദറും സച്ചിൻ മീണയും ജയിൽ മോചിതരായി. 'ഇന്ത്യ ഇപ്പോൾ എന്റേതാണ്' എന്നാണ് ജയിലിൽ നിന്നും പുറത്തിങ്ങിയ പാക് യുവതി സീമയുടെ പ്രതികരണം. ബോളിവുഡ് സിനിമാക്കഥകളെ പോലും വെല്ലുന്നതാണ് ഈ ദമ്പതികളുടെ പ്രണയകഥ. കോവിഡ് കാലത്താണ് ഇരുവരും ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ടത്.
'എന്റെ ഭർത്താവ് ഹിന്ദുവാണ്, അതിനാൽ ഞാൻ ഒരു ഹിന്ദുവാണ്, ഞാൻ ഒരു ഇന്ത്യക്കാരിയാണെന്ന് എനിക്ക് തോന്നുന്നു'- സീമ മാധ്യമങ്ങളോട് പ്രതികരിച്ചു. ശനിയാഴ്ചയാണ് സച്ചിൻ മീണയും സീമ ഹൈദറും ജാമ്യം നേടി ജയിൽ മോചിതരായത്. ഏഴ് വയസ്സിന് താഴെയുള്ള നാല് കുട്ടികളുമായി നേപ്പാൾ വഴി വിസയില്ലാതെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് സീമ ജൂലൈ 4 നാണ് അറസ്റ്റിലായത്. അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയതിന് സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
'വളരെ കഠിനവും ഏറെ ശ്രമകരവുമായ യാത്രയായിരുന്നു ഇന്ത്യയിലേക്ക്. ഏറെ പേടിച്ചാണ് പാക്കിസ്ഥാനിൽ നിന്നും യാത്ര പുറപ്പെട്ടത്. ആദ്യം കറാച്ചിയിൽ നിന്ന് ദുബായിലേക്ക് പോയി, അവിടെ ഞങ്ങൾ 11 മണിക്കൂർ കാത്തിരുന്നു, ഉറങ്ങാൻ കഴിഞ്ഞില്ല. പിന്നീട് നേപ്പാളിലേക്ക് എത്തി, ഒടുവിൽ പൊഖാറയിലേക്കുള്ള റോഡ് മാർഗമെത്തി, ഞാൻ സച്ചിനെ കണ്ടത് അവിടെ വച്ചാണ്, അപ്പോഴാണ് ആശ്വാസമായത്- സീമ പറയുന്നു.
സീമയും സച്ചിനും ഈ വർഷം മാർച്ചിൽ നേപ്പാളിൽ വച്ചാണ് വിവാഹിതരായത്. തുടർന്ന് സീമ പാക്കിസ്ഥാനിലേക്കും സച്ചിൻ ഇന്ത്യയിലേക്കും തിരിച്ചു പോയി. വീട്ടിൽ തിരിച്ചെത്തിയ സീമ 12 ലക്ഷം രൂപയ്ക്കു സ്ഥലം വിറ്റു. ഈ പണം ഉപയോഗിച്ച് തനിക്കും നാലു മക്കൾക്കുമുള്ള ടിക്കറ്റും നേപ്പാൾ വീസയും എടുത്തു. മേയിൽ ദുബായ് വഴി നേപ്പാളിലെത്തിയ സീമയും കുട്ടികളും പൊഖാറയിൽ കുറച്ചു നാൾ ചെലവഴിച്ചു. അതിനു ശേഷം കഠ്മണ്ഡുവിൽനിന്നു ഡൽഹിയിലേക്കു ബസ് കയറി. മെയ് 13ന് ഗ്രേറ്റർ നോയിഡയിൽ എത്തി. അവിടെ സീമയ്ക്കും കുട്ടികൾക്കും കഴിയാനായി സച്ചിൻ താമസസൗകര്യം ഒരുക്കിയിരുന്നു. സീമ പാക് വനിതയാണെന്ന കാര്യം മറച്ചുവച്ചു.
അതിർത്തി കടന്നെത്തിയ സീമയുടെ സംഭവബഹുലമായ പ്രണയകഥയ്ക്ക് ജൂലൈ നാലിനു താൽക്കാലികമായി തിരശ്ശീലവീണു. നിയമംലംഘിച്ച് ഇന്ത്യയിൽ പ്രവേശിച്ചതിനെ തുടർന്ന് സീമയെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിച്ചതിൽ സച്ചിനെതിരെയും പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം സീമയ്ക്ക് ജാമ്യം ലഭിച്ചു. സീമയ്ക്ക് ഇന്ത്യയിൽ തുടരുന്നതിനുള്ള ഔദ്യോഗികമായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
''ഈ വാർത്ത കേട്ടപ്പോൾ എനിക്കു വളരെ സന്തോഷം തോന്നി. മാസങ്ങളോളം ജയിലിൽ കഴിയേണ്ടിവരുമെന്നാണ് ഞാൻ കരുതിയത്. '' ജാമ്യം ലഭിച്ച ശേഷം സീമ പറഞ്ഞു. അതേസമയം തന്റെ ഭാര്യയെ തിരികെ ലഭിക്കണമെന്ന ആവശ്യവുമായി സീമയുടെ ആദ്യ ഭർത്താവ് ഗുലാം ഹൈദറും രംഗത്തെത്തി. ഭാര്യയെ തിരികെ ലഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ സഹായിക്കണമെന്ന് വിഡിയോ സന്ദേശത്തിലൂടെ ഗുലാം ഹൈദർ ആവശ്യപ്പെട്ടു. എന്നാൽ ഗുലാം ഹൈദറിനൊപ്പം പോകാൻ തനിക്ക് ആഗ്രഹമില്ലെന്ന് സീമ വ്യക്തമാക്കി. പാക്കിസ്ഥാനിലേക്കു തിരികെ പോയാൽ തന്റെ ജീവനു തന്നെ ഭീഷണിയാണെന്നും അവർ പറഞ്ഞു.
കോവിഡ് കാലത്ത് മൊബൈൽ ഗെയിം ആപ്പായ പബ്ജി വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ചാറ്റിങ് തുടങ്ങുകയും പ്രണയത്തിലാകുകയും ചെയ്തു. ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചതോടെ നാല് മക്കളെയും കൂടെക്കൂട്ടി യുവതി പാക്കിസ്ഥാൻ വിടുകയായിരുന്നു. ഗ്രേറ്റർ നോയിഡയിൽ പാക്കിസ്ഥാൻ യുവതി അനധികൃതമായി താമസിക്കുന്നതായി ലോക്കൽ പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് യുവതിയുടെ സാഹസിക യാത്ര പുറം ലോകം അറിയുന്നത്.
ഭർത്താവിന്റെ പീഡനത്തിൽ സഹികെട്ടാണ് യുവതി കാമുകനെ തേടി ഇന്ത്യയിലേക്ക് പുറുപ്പെട്ടത്. കുട്ടികളുമായി വീടുവിട്ട യുവതി കറാച്ചിയിലെത്തി വിമാനം വഴി ദുബായിയിലെത്തുകയായിരുന്നു. അവിടെനിന്ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കും വിമാനം മാർഗം എത്തി. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് ബസ് കയറി. നാല് കുട്ടികൾ ഒപ്പമുള്ളതിനാൽ അതിർത്തികളിലെ പരിശോധനയിലൊന്നും പൊലീസ് ഇവരെ സംശയിച്ചില്ല. ഇന്ത്യൻ വേഷത്തിലായിരുന്നു യാത്ര.
അതിർത്തി കടന്നതോടെ ഡൽഹിയിൽ എത്താനും ഗ്രേറ്റർ നോയിഡയിലുള്ള 21കാരനായ കാമുകന്റെ സമീപത്തെത്താനും ബുദ്ധിമുട്ടുണ്ടായില്ല. സംശയം തോന്നിയ അഭിഭാഷകൻ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തുന്നത്. അതിന് മുമ്പേ ഹരിയാനയിലേക്ക് ഇരുവരും തിരിച്ചു. എന്നാൽ ബല്ലഭ്ഗഢിൽ വെച്ച് ഇരുവരും പിടിയിലായി. ബസിൽവച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ച് ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സീമയും സച്ചിനും കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കു മുമ്പിലെത്തിയിരുന്നു. സച്ചിൻ തന്റെ ഭർത്താവാണെന്നും തന്നെയും കുട്ടികളേയും സച്ചിന്റെ മാതാപിതാക്കളും സ്വീകരിച്ചുവെന്നും സീമ പറഞ്ഞു. നേപ്പാളിലെ ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായെന്നും ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന് സച്ചിനും വ്യക്തമാക്കി.
നോയിഡയിലെ പലചരക്കുകടയിൽ ജീവനക്കാരനായ സച്ചിനും പാക്കിസ്ഥാൻ സ്വദേശിയായ സീമ ഹൈദറും പബ്ജി ഗെയിമിലൂടെയാണ് പരിചയപ്പെട്ടത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് പതിവായി പബ്ജി ഗെയിം കളിച്ചിരുന്ന ഇരുവരും ഓൺലൈൻ വഴി അടുപ്പത്തിലാവുകയായിരുന്നു. പ്രണയം വളർന്നതോടെ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. തുടർന്നാണ് കാമുകനൊപ്പം ജീവിക്കാനായി നാലുകുട്ടികളെയും കൂട്ടി സീമ ഹൈദർ ഇന്ത്യയിലെത്തിയത്.
വിവാഹിതയും നാലുകുട്ടികളുടെ അമ്മയുമായ സീമ ഹൈദറിന്റെ ഭർത്താവ് സൗദി അറേബ്യയിലാണ് ജോലിചെയ്യുന്നത്. കഴിഞ്ഞനാലുവർഷമായി താൻ ഭർത്താവിനെ കണ്ടിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. മാത്രമല്ല, ഭർത്താവ് തന്നെ പതിവായി ഉപദ്രവിച്ചിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
സച്ചിനൊപ്പം താമസം ആരംഭിച്ച് ഒരുമാസം പിന്നിട്ടപ്പോഴാണ് നിയമപരമായി വിവാഹം കഴിക്കാൻ യുവതി തീരുമാനിച്ചത്. ഇതിനായുള്ള നടപടിക്രമങ്ങൾ അന്വേഷിക്കാനായി ഒരു അഭിഭാഷകനെ സമീപിച്ചതോടെയാണ് സീമ ഹൈദർ പാക്കിസ്ഥാൻ സ്വദേശിനിയാണെന്ന വിവരം പുറത്തറിയുന്നത്.
നാലുകുട്ടികളെയും കൂട്ടിയാണ് സീമ അഭിഭാഷകനെ കാണാനെത്തിയത്. ഇവരുടെ കൈവശം പാക്കിസ്ഥാനി പാസ്പോർട്ടുകളും ഉണ്ടായിരുന്നു. സച്ചിനെ നിയമപരമായി വിവാഹം കഴിക്കണമെന്നും അതിനുവേണ്ട നടപടിക്രമങ്ങൾ എന്തെല്ലാമാണെന്നുമാണ് സീമ അഭിഭാഷകനോട് തിരക്കിയത്. ഇന്ത്യൻ വിസ സംഘടിപ്പിക്കാനുള്ള മാർഗങ്ങളും അന്വേഷിച്ചു. തുടർന്ന് വളരെ പെട്ടെന്നുതന്നെ അഭിഭാഷകന്റെ ഓഫീസിൽനിന്ന് മടങ്ങി. എന്നാൽ, പാക്കിസ്ഥാൻ യുവതി അനധികൃതമായാണ് ഇന്ത്യയിൽ താമസിക്കുന്നതെന്ന് ബോധ്യപ്പെട്ടതോടെ അഭിഭാഷകൻ ഈ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
ഇതിനുമുൻപ് യുവതിയെ പിന്തുടർന്ന് ഇവരുടെ താമസസ്ഥലവും അഭിഭാഷകൻ കണ്ടെത്തിയിരുന്നു. എന്നാൽ, പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ സച്ചിനെയോ യുവതിയെയോ വീട്ടിൽ കണ്ടില്ല. തുടർന്ന് സച്ചിന്റെ മൊബൈൽടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മഥുര ഭാഗത്താണെന്ന് വ്യക്തമായി. പിന്നാലെ ഹരിയാണയിലേക്കുള്ള യാത്രാമധ്യേ ഇരുവരെയും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ