- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മവിശ്വാസം പകർന്ന് മുന്നിട്ടിറങ്ങി ശിവന്യയും ശിവജിത്തും; വീട്ടുമുറ്റത്ത് 34 അടി താഴ്ചയിൽ സ്വയം കിണർ കുഴിച്ച് ഒരു കുടുംബം: വെള്ളം കണ്ടതോടെ സംരക്ഷണ ഭിത്തി കെട്ടി സിമന്റ് തേച്ച് മിനുക്കി ബാബുരാജും മക്കളും
പാലക്കാട്: വീട്ടുമുറ്റത്ത് സ്വയം കിണർ കുഴിച്ച് ഒരു കുടുംബം. മുണ്ടക്കുന്നിലെ പാങ്ങോട്ടിൽ ബാബുരാജിന്റെ വീട്ടിലാണ് സ്വന്തം അദ്വാനത്തിൽ 34 അടി താഴ്ചയുള്ള കിണർ നിർമ്മിച്ചത്. ബാബുരാജിന്റെ മക്കളായ ശിവരാജും ശിവന്യയും വീട്ടുമുറ്റത്ത് കിണർ വേണമെന്ന നിശ്ചയദാർഡ്യത്തോടെ ഇറങ്ങി തിരിച്ചതോടെയാണ് പാറപൊട്ടിച്ച് വീട്ടുമുറ്റത്ത് കിണർ ഒരുക്കിയത്. കുടിവെള്ള പ്രശ്നം വളരെ രൂക്ഷമായതോടെയാണ് തങ്ങളുടെ വീട്ടിൽ സ്വന്തമായി ഒരു കിണർ വേണമെന്ന ആഗ്രഹം ഈ സ്കൂൾ വിദ്യാർത്ഥികളായ മക്കളുടെ ഉള്ളിൽ ജനിച്ചത്.
പ്രാഥമിക ആവശ്യത്തിനു പോലും വെള്ളം കിട്ടാത്ത അവസ്ഥയിലായതോടെയാണ് തങ്ങളുടെ മുറ്റത്തും കിണർ വേണമെന്ന ആഗ്രഹം കുട്ടികളുടെ മനസ്സിൽ തോന്നിയത്. പത്ത് വർഷം മുൻപ് മുറ്റത്ത് നിർമ്മിച്ച കുഴൽ കിണറായിരുന്നു കഴിഞ്ഞ അഞ്ച് വർഷം വരെ ഇവരുടെയും അയൽ വീട്ടുകാരുടെയും ആശ്രയം. എന്നാൽ ഇതിലെ വെള്ളം കുറഞ്ഞു കുറഞ്ഞ് ഒട്ടും ഇല്ലാത്ത അവസ്ഥയിലായി. വെള്ളം ഉപയോഗത്തിന് എപ്പോഴും നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കിണർ കുഴിക്കണമെന്ന ആശയം കുട്ടികളുടെ മനസ്സിൽ ഉദിച്ചത്.
എടത്തനാട്ടുകര ഗവ. ഹൈസ്കൂളിൽ 9, 7 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണിവർ. ഇരുവരും കിണർ എന്ന ആവശ്യവുമായി മുന്നോട്ട് വന്നു. ജോലിക്ക് പോയ പിതാവിനെ വിളിച്ചു ആവശ്യവും പറഢ്ഢു. കോൺട്രാക്ടറുടെ കീഴിൽ പടവ് ജോലി ചെയ്യുന്ന ബാബുരാജിന് കഴിഞ്ഞ ഏപ്രിൽ 20ന് അപ്രതീക്ഷിതമായി മകൾ ശിവന്യയുടെ ഫോൺകോൾ എത്തി. ഇന്ന് വൈകുന്നേരം മുതൽ മുറ്റത്ത് കിണർ നിർമ്മാണം തുടങ്ങുകയാണെന്നും സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും നേരത്തെ എത്തണം എന്നും പറഞ്ഞു. ഇതോടെ വീട്ടിലെത്തിയ ബാബുരാജും കുട്ടികളുടെ ആഗ്രഹത്തിന് ഒപ്പം കൂടി.
മക്കളെ കൂടാതെ ഭാര്യ സുലോചന, അമ്മ ദേവകി എന്നിവരും തങ്ങളെ കൊണ്ട് കഴിയും വിധം സഹായിച്ച് ഒപ്പം നിന്നു. നിലവിലുള്ള കുഴൽ കിണറിന്റെ ചുറ്റും ഒൻപത് വട്ടത്തിൽ 34 അടി താഴ്ചയിലുള്ള കിണർ ഏകദേശം 50 ദിവസം എടുത്താണ് പൂർത്തിയാക്കിയത്. കിണർ നിർമ്മാണം തുടങ്ങിയതോടെ ബാബുരാജ് തന്റെ ജോലി സ്ഥലത്ത് രാവിലെ അഞ്ച് മണിയോടെ എത്തി ഉച്ചയോടെ പണി തീർത്ത് വീട്ടിലെത്തും. തുടർന്ന് വൈകുന്നേരം ഏഴ് മണിവരെ കിണർ പണിയിൽ മുഴുകും. അച്ഛൻ എത്തുമ്പോഴേക്കും മക്കൾ അവർക്കാകുന്ന വിധത്തിൽ കിണറിനകത്ത് ഇറങ്ങി മണ്ണ് ഇളക്കിയിടും. പിന്നീട് ഉച്ചയ്ക്കുശേഷം മണ്ണ് മുകളിലേക്ക് കയറ്റുകയും ചെയ്യും.
30 അടിയിൽ പാറ കണ്ടതോടെ പ്രതീക്ഷ മങ്ങിയെങ്കിലും പിന്നീട് മെഷീൻ വാടകയ്ക്ക് എടുത്ത് ബാബുരാജ് തന്നെയാണ് പാറ പൊട്ടിച്ചത്. നാലടിയോളം പൊട്ടിച്ചതോടെ ആവശ്യത്തിനു വെള്ളമായി. കിണർ നിർമ്മാണത്തിൽ ഒരു പരിചയവുമില്ലാത്ത ഇവർ എല്ലാം വളരെ ഭംഗിയോടെ ചെയ്തു. വെള്ളം കണ്ടതോടെ സംരക്ഷണ ഭിത്തി കെട്ടിയതും സിമന്റ് തേച്ചുമിനുക്കിയതും ഇവർ തന്നെയാണ്. മക്കളുടെ ആഗ്രഹ പ്രകാരം നിർമ്മിച്ച കിണറ്റിൽ ഇന്ന് ഏകദേശം 7 അടിയോളം വെള്ളമുള്ളതിനാൽ ഇതിന്റെ ക്രെഡിറ്റ് മുഴുവൻ മക്കൾക്കാണെന്നാണ് വീട്ടുകാർ പറയുന്നത്.